ഉറക്കമൊഴിച്ച് വാഹനമോടിക്കുമ്പോൾ...

രാത്രിയുണ്ടാകുന്ന മിക്കവാറും അപകടങ്ങൾക്കും കാരണം ഡ്രൈവർമാർ ഉറങ്ങിപോകുന്നതാണ്. ഉറക്കം വന്നാലും വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാകും. ഒരു സെക്കൻഡ് നേരത്തേയ്ക്ക് ഉറങ്ങിപ്പോയാലും ചിലപ്പോൾ വലിയ ദുരന്തങ്ങളായിരിക്കും സംഭവിക്കുന്നത്.
എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല എന്നതാണ് സത്യം. വിശ്രമം വേണ്ടപ്പോൾ ശരീരത്തിന് വിശ്രമം നല്കിയേ തീരൂ. സംസാരിക്കാൻ ആളുണ്ടായതു കൊണ്ടോ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതു കൊണ്ടോ ഉറക്കം പോകില്ല. അർധരാത്രി മുതൽ പുലർച്ചെ അഞ്ചു വരെ ശരീരം സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത കാണിക്കും. അതിനാൽ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഈസമയത്തെ യാത്ര തിരഞ്ഞെടുക്കാവൂ.
വാഹനമോടിക്കുന്ന സമയത്ത് ഉറക്കം വരുമ്പോൾ മുൻകരുതൽ എടുക്കുക എന്നതാണ് പ്രധാനം. ഉറക്കമൊഴിച്ചുള്ള ഡ്രൈവിംഗ് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക, തുടർച്ചയായി കോട്ടുവായിടുക, കൈകൾക്കും ശരീരത്തിനും തളർച്ച അനുഭവപ്പെടുക തുടങ്ങിയവയാണ് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പ് നമ്മുടെ തലച്ചോർ നല്കുന്ന മുന്നറിയിപ്പുകൾ. ഇതൊക്കെ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുൻകരുതലെടുക്കുക.
സാധിക്കുമെങ്കിൽ കുറച്ചുനേരം വാഹനം നിർത്തി തലച്ചോറിന് വിശ്രമം നൽകണം. ഉറക്കച്ചടവിൽ ധൃതിയിൽ പോയി അപകടത്തിലാകുന്നതിലും നല്ലതാണ് പത്തോ ഇരുപതോ മിനിറ്റ് വിശ്രമിച്ച് സാവധാനം യാത്ര തുടരുന്നത്.
ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാൽ 20 മുതൽ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ചെയ്യണം. അതുകഴിഞ്ഞ് മുഖം നന്നായി കഴുകിയ ശേഷം വീണ്ടും യാത്ര തുടരുക. വാഹനമോടിക്കുമ്പോൾ നിയന്ത്രിതമായ വേഗതയിൽ മാത്രം പോകാൻ ശ്രദ്ധിക്കുക. ദീർഘദൂര യാത്രകൾക്കു മുമ്പായി കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.
യാത്രയ്ക്കിടെ കാപ്പി കുടിക്കുന്നത് ഉറക്കത്തെ അൽപമെങ്കിലും മാറ്റിനിർത്തും. കഴിയുമെങ്കിൽ തനിയെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മദ്യപിച്ച് ഡ്രൈവ് ചെയ്യരുത്. രാത്രിയിൽ ശരീരത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം കൂടുതൽ അപകടകരമാണ്.
https://www.facebook.com/Malayalivartha