രുചി മാത്രം മതിയോ ആരോഗ്യം വേണ്ടേ ? ഫാസ്റ്റ് ഫുഡ് പാക്കറ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് കൊടിയ വിഷം

രാജ്യത്തെ മാറി വരുന്ന ജീവിതശൈലിയിൽ സമീകൃതാഹാരങ്ങൾക്ക് ബദലായി ഫാസ്റ്റ്ഫുഡിനെ സ്വീകരിച്ചവർ ഏറെയാണ്. നാവിനെ രസിപ്പിക്കുന്ന രുചിയും ലഭിക്കാൻ എളുപ്പമെന്നതും ഫാസ്റ്റ്ഫുഡിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. കുട്ടികളുൾപ്പടെയുള്ളവരുടെ ഭക്ഷണക്രമത്തിൽ ഇന്ന് പാക്കറ്റുകളിൽ ലഭിക്കുന്ന ഫാസ്റ്റ്ഫുഡ് ഒഴിച്ചുകൂടാൻ പറ്റാത്തതായി കഴിഞ്ഞിരിക്കുന്നു. നിറവും രുചിയും ആകർഷണീയമായ പാക്കറ്റുകളുമാണ് ഫാസ്റ്റ്ഫുഡിനോടുള്ള പ്രിയം കൂടാൻ കാരണം. ഇത്തരം ഭക്ഷണവസ്തുക്കളുടെ ദോഷവശങ്ങളെ കുറിച്ച് നാളുകളായി ചർച്ചകൾ നടന്നു വരുന്നതാണ്. ഫാസ്റ്റ്ഫുഡ് സമ്മാനിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെയാണ് ഇവ വിപണിയിലെത്തുന്ന കാറ്റ് നിറച്ച പാക്കറ്റുകളിലും കൊടിയ വിഷം അടങ്ങിയിട്ടുള്ളതായി വാർത്തകൾ പ്രചരിക്കുന്നത്.
തുരുമ്പിനെ ചെറുക്കാൻ കഴിയുന്നതും ജലത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ഫാസ്റ്റ്ഫുഡ് പാക്കറ്റുകൾ നിർമിക്കാൻ പോളിഫ്ലൂറോ ആൽക്കൈൽ എന്ന രാസവസ്തു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കയിലെ മസാച്യുസെറ്റിലുള്ള സൈലൻറ് സ്പ്രിങ് ഇന്സ്റ്റിട്യൂട്ടിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഭീതിപ്പെടുത്തുന്ന ഈ വിവരം പുറംലോകമറിഞ്ഞത്. അമിതവണ്ണം, കൊളസ്‌ട്രോൾ, ഹോർമോൺ വ്യതിയാനം, കാൻസർ ഉൾപ്പടെ അപകടകരമായ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. തുടർച്ചയായുള്ള ഫാസ്റ്റ്ഫുഡ് ഉപയോഗത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും പതിയെ നഷ്ടമാകുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള മിട്ടായിപ്പൊതികൾ, ബർഗർ, സാൻഡ്‌വിച്ച്, ഫ്രഞ്ച്ഫ്രൈസ് മുതലായ ഭക്ഷണ പദാർത്ഥങ്ങൾ പൊതിയാണുപയോഗിക്കുന്ന പാക്കറ്റുകളിൽ പോളിഫ്ലൂറോ ആൽക്കൈലിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. പലതരം തുണിത്തരങ്ങൾ,കുടിവെള്ളക്കുപ്പികൾ എന്നിവയിലും പോളിഫ്ലൂറോ ആൽക്കൈൽ ഒരു ഘടകമായുണ്ട്. ഈ രാസവസ്തു വായുവിലൂടെയും ആഹാരപദാർത്ഥങ്ങളിലൂടെയും മനുഷ്യ ശരീരത്തിൽ എത്തുമ്പോൾ മാരകരോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലോറൈൽ ഷെയ്‌ഡർ വ്യക്തമാക്കി. പലതരം ഫാസ്റ്റ്ഫുഡ് പാക്കറ്റുകളുടെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. 38 ശതമാനത്തോളം സാൻഡ്‌വിച്ച്,ബർഗർ പാക്കറ്റുകളിലും 56 ശതമാനത്തോളം ബ്രെഡ്, ഐസ്ക്രീം പാക്കറ്റുകളിലുമാണ് ആരോഗ്യത്തിന് അപകടകരമായ വിഷം അടങ്ങിയിട്ടുള്ളത്. യാതൊരു ഗുണങ്ങളുമില്ലാത്തതും മറിച്ച് ദോഷവശങ്ങൾ ഒരുപാടുള്ളതുമായ ഈ ഭക്ഷണങ്ങൾ കേവലം രുചിയും സമയലാഭവും മാത്രം ലക്ഷ്യമാക്കി ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഒരു ജനതയുടെ തന്നെ ആരോഗ്യത്തെയാണ് സാരമായി ബാധിക്കുന്നത്. നമ്മുടെ തനത് ഭക്ഷണശൈലി തിരിച്ചു കൊണ്ട് വരുന്നതിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ വിഷരഹിതവും ആരോഗ്യപൂർണ്ണവുമായ ജീവിതം നഷ്ടമാകാതിരിക്കു.
https://www.facebook.com/Malayalivartha