നിന്ന നില്‍പില്‍ കത്തിപ്പോയി; മരണകാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍!

ലണ്ടനില്‍ തെരുവിലൂടെ പതിവു നടത്തത്തിനിറങ്ങിയതാണ് ജോണ്‍ നോളന്‍ എന്ന വയോധികന്‍. ഒട്ടും ആരോഗ്യമില്ല അദ്ദേഹത്തിന്. നേരത്തേ ഒരു മസ്തിഷ്‌കാഘാതം വന്നതിന്റെ ക്ഷീണവുമുണ്ട്. എന്നാലും ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താല്‍ ഒരുവിധത്തില്‍ നടക്കാം. അദ്ദേഹത്തിന്റെ ഒപ്പമാകട്ടെ ആരുമുണ്ടായിരുന്നുമില്ല. അല്‍പദൂരം നടന്നേയുള്ളൂ പരിസരവാസികള്‍ ഞെട്ടിപ്പോയി. നോളന്റെ ദേഹത്തു പെട്ടെന്നു തീപിടിച്ചു, ആളിക്കത്തുന്നു. എന്നാല്‍ എവിടെ നിന്നാണു തീ വന്നതെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല. ജനം ഓടിക്കൂടുമ്പോള്‍ നോളന്റെ തലയും മുഖവും വീര്‍ത്തുവന്ന അവസ്ഥയിലായിരുന്നു. മുടി കരിഞ്ഞ് തലയോടു ചേര്‍ന്നൊട്ടിയ നിലയിലും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.
മാരകമായ പൊള്ളലാണ് ഏറ്റിരുന്നത്. വൈകാതെ തന്നെ എയര്‍ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കയച്ചു. പക്ഷേ ആശുപത്രിയിലെത്തി അല്‍പസമയം കഴിഞ്ഞതോടെ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ പൊള്ളലായിരുന്നു മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അധികമാരോടും മിണ്ടുക പോലും പതിവില്ല നോളന്‍, ശത്രുക്കളുമില്ല. അങ്ങനെയൊരാളെ തീവച്ചു കൊല്ലേണ്ട ആവശ്യമില്ലെന്നു മക്കള്‍ പറയുന്നു. മാത്രവുമല്ല തീപിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും നോളന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പെട്രോളോ മണ്ണെണ്ണയോ ഒന്നുമില്ല. നോളന്‍ വീണയിടത്താകട്ടെ തീച്ചൂടേറ്റതിന്റെ കാര്യമായ ലക്ഷണങ്ങളുമില്ല.
ഒരു മനുഷ്യന്റെ ശരീരത്തെ മാത്രം ലക്ഷ്യമിട്ട്, അതു തനിയെ തീപിടിച്ച അവസ്ഥ. വൈദ്യശാസ്ത്രത്തില്‍ ഇതിനെ 'സ്‌പൊണ്ടേനിയസ് ഹ്യൂമന്‍ കംബഷന്‍' എന്നു പേരിട്ടു വിളിക്കുന്നവരുണ്ട്. തീയുടെ ഉറവിടം എവിടെ നിന്നാണെന്നറിയാത്ത വിധം ശരീരം കത്തി നശിക്കുന്ന അവസ്ഥയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 1700-കളിലാണ് ആദ്യമായി ഇത്തരമൊരു വാക്ക് പ്രയോഗത്തില്‍ വരുന്നത്. ഏഴാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ 'ബ്ലീക് ഹൗസ്' എന്ന പുസ്തകത്തിലെ കള്ളുകുടിയന്‍ ക്രൂക്ക് ഇത്തരത്തില്‍ നിന്ന നില്‍പില്‍ കത്തിപ്പോകുന്ന കഥ പറയുന്നുണ്ട്. കഥയാണെങ്കിലും മനുഷ്യന്റെ മദ്യപാന ശീലം ഇക്കാര്യത്തില്‍ ഒരു ഭീഷണിയാണെന്നു പറയുന്ന ഡോക്ടര്‍മാരുണ്ട്. ശരീരത്തിലെ കൊഴുപ്പിനെയും ഇത്തരത്തിലുള്ള 'ആന്തരിക തീപിടിത്തത്തിനു' കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉരുകിയ കൊഴുപ്പ് ശരീരത്തില്‍ തീയുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് അത്തരക്കാരുടെ വാദം.
ചരിത്രത്തില്‍ ഇന്നേവരെ ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലേറെയും കെട്ടിടങ്ങള്‍ക്ക് അകത്തു വച്ചായിരുന്നു. സമീപത്തൊരു അടുപ്പോ നെരിപ്പോടോ ഉണ്ടായിരുന്നു താനും. ഇവയില്‍ നിന്ന് അകലം പാലിച്ച നിലയിലായിരുന്നു പലരുടെയും മൃതദേഹം. പക്ഷേ എങ്ങനെയാണ് തീ ഇത്രയും ദൂരത്തു നിന്ന് ശരീരത്തെ കത്തിച്ചതെന്നാണ് ഇന്നും തുടരുന്ന സംശയം. നോളന്റെ കാര്യത്തില്‍ പക്ഷേ ഇതൊന്നും വിലപ്പോവില്ല. നടുത്തെരുവില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. പൊലീസ് എന്തായാലും സംഭവം ഏകദേശം എഴുതിത്തള്ളിയ മട്ടാണ്. ഇക്കാര്യത്തിലൊരു വിശദീകരണം നല്‍കാന്‍ നോളന്റെ മരണം കണ്ട സാക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നു അവര്‍. എന്നാല്‍ ഇത്തരം തീപിടിത്തത്തില്‍പ്പെടുന്നവരുടെ ചില ആന്തരികാവയവങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാതിരിക്കുന്നതും ഗവേഷകരെ കുഴക്കുന്നുണ്ട്. ഇതാണ് ശരീരത്തിനകത്തു നിന്നു തന്നെയാണ് തീയുണ്ടാകുന്നതെന്ന സംശയം ബലപ്പെടുത്തുന്നത്.
ഫൊറന്‍സിക് വിദഗ്ധരില്‍ ചിലര്‍ ഇതിനെ 'വിക്ക് എഫക്ട്' എന്നും വിളിക്കുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ വസ്ത്രം ഒരു 'വിക്ക്' അഥവാ 'തിരി' പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവരുടെ വിശദീകരണം. സമീപത്തെവിടെ നിന്നെങ്കിലും തീപ്പൊരി വീണാല്‍ ശരീരത്തെ ആദ്യം നല്ലപോലെ 'പുകച്ചു' മാത്രമേ തീയായി പടരുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ആ 'ദഹനം' തീയായി പടരുമ്പോള്‍ മാത്രമേ പലരും അറിയുക പോലുമുള്ളൂ. എന്തായാലും നോളന്റെ മരണത്തോടെ വൈദ്യശാസ്ത്രം ഈ 'ആന്തരിക അഗ്‌നിതാണ്ഡവ'ത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമം പിന്നെയും ശക്തമാക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha