വായ്നാറ്റം മുതല്‍ ദഹനക്കുറവ് വരെ മാറ്റുന്ന അത്ഭുത ഭക്ഷണം; കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മാജിക് മരുന്ന്; അത് എന്ത് ആണെന്നോ...കേരളത്തിന്റെ തേങ്ങ!

കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന പ്രചാരണത്തില്‍ വിശ്വസിച്ച് കേരളീയരായ നാം പോലും വെളിച്ചെണ്ണയെയും നാളികേരത്തെയും അകറ്റി നിര്‍ത്തുന്ന അവസരത്തിലിതാ നമ്മുടെ തേങ്ങയെയും വെളിച്ചെണ്ണയെയും പാശ്ചാത്യ ലോകം മാറോട് ചേര്‍ക്കുന്നുവെന്നാണ്് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നമ്മള്‍ വേണ്ടെന്ന് വച്ച തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും യുകെയില്‍ ഡിമാന്‍ഡ് ഉയരുന്നത് അനുനിമിഷമാണ്. വായ്നാറ്റം മുതല്‍ ദഹനക്കുറവ് വരെ മാറുന്ന അത്ഭുത ഭക്ഷണമായും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മാജിക്ക് മരുന്നായുമൊക്കെയാണ് പാശ്ചാത്യര്‍ നിലവില്‍ തേങ്ങയെയും വെളിച്ചെണ്ണയെയും വാഴ്ത്തുന്നത്.
2014-ല്‍ യുകെയില്‍ 4.4 മില്യണ്‍ പൗണ്ടിന്റെ വെളിച്ചെണ്ണ വ്യാപാരമായിരുന്നു നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 24 മില്യണ്‍ പൗണ്ടായി കുതിച്ച് കയറുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വെളിച്ചെണ്ണക്ക് ആരോഗ്യ ഗുണങ്ങളുണ്ടോ അതോ അത് പലവിധ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണോ എന്നതിനെ സംബന്ധിച്ച് തിരക്കിട്ട വാഗ്വാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടെയാണ് യുകെയില്‍ വെളിച്ചെണ്ണ പ്രിയങ്കരമാവുന്നതെന്നത് ശ്രദ്ധേയമാണ്. ഈ അടുത്ത കാലം വരെ നിരവധി പ്രമുഖര്‍ വെളിച്ചെണ്ണ, ദോഷമുണ്ടാക്കുന്നതാണെന്ന കടുത്ത പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവരില്‍ മിക്കവരും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ നിലപാട് മാറ്റിത്തുടങ്ങിയതിന് ഉദാഹരണങ്ങളേറെയുണ്ട്. പ്രമുഖ ടിവി ഡയറക്ടറായ മൈക്കല്‍ മോസ്ലെ ഇതിനൊരുദാഹരണമാണ്. ഒരു മെഡിക്കല്‍ സ്റ്റുഡന്റ് എന്ന നിലയില്‍ ശ്രീലങ്കയിലെ ആശുപത്രിയില്‍ മൂന്ന് മാസം ചെലവഴിച്ചപ്പോഴാണ് വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ താന്‍ അനുഭവിച്ചറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സമീപകാലത്തായി യു.കെ-യടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഗവേഷകര്‍ നടത്തിയ വിവിധ പഠനങ്ങളിലൂടെ വെളിച്ചെണ്ണയുടെ വിവിധ ഗുണങ്ങളെ എടുത്ത് കാട്ടിയത് വെളിച്ചെണ്ണയുടെ ചീത്തപ്പേര് ഒഴിവാക്കുന്നതിനും അതിന്റെ ജനപ്രിയത വര്‍ധിപ്പിക്കുന്നതിനും ഇടയാക്കിയിരുന്നു. വെളിച്ചെണ്ണ കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാവുമെന്നും അതിലൂടെ പൊണ്ണത്തടിയും അമിത ഭാരവും കുറയ്ക്കാമെന്നും പാശ്ചാത്യര്‍ നടത്തിയ നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞത് ഇവിടെ വെളിച്ചെണ്ണയ്ക്ക് ശുക്രദശ ഉണ്ടാകുന്നതിന് കാരണമാക്കി.
മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക്, ഊര്‍ജത്തിനായി ഗ്ലൂക്കോസിനെ ഉപയോഗിക്കുന്നതിനുള്ള കഴിവ്, അല്‍ഷിമേഴ്സ് കാരണം നശിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ വരുമ്പോള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മോശമാവുകയും ചെയ്യും. ഇതിനൊരു പരിഹാരമായി കെടോണസ് എന്ന കോമ്പൗണ്ട്സ് പകര-ഊര്‍ജ ഉറവിടം എന്ന നിലയില്‍ നല്‍കിയാല്‍ മതി. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ദഹിക്കുമ്പോള്‍ അതില്‍ നിന്നും കെടോണസ് സൃഷ്ടിക്കപ്പെടുമെന്ന് കണ്ടെത്തിയതും വെളിച്ചെണ്ണയ്ക്ക് ഗുണം ചെയ്തിരിക്കുന്നു. ഇതിന് പുറമെ താരന്‍, ചര്‍മ വീക്കം അഥവാ ഡെര്‍മാറ്റിറ്റിസ് തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്കും വെളിച്ചെണ്ണ ഉത്തമ പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയതും പടിഞ്ഞാറന്‍ നാടുകളില്‍ ഇതിനെ സൂപ്പര്‍താരമാക്കി മാറ്റിയിരിക്കയാണ്.
https://www.facebook.com/Malayalivartha