ഓകിനോവ, ലോമ ലിന്റ, സാര്‍ഡീനിയ എന്നീ ബ്ലൂ സോണ്‍ പ്രദേശത്തെ ആളുകളെ രോഗങ്ങള്‍ അലട്ടുന്നില്ല, അവര്‍ക്ക് ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്; അവരുടെ ജീവിത രീതി ലോകം നിരീക്ഷിക്കുന്നു

പ്രവാസി മലയാളികള്‍ക്കിടയില്‍ മാത്രമല്ല, കേരളത്തില്‍ പോലും മലയാളിയുടെ ആരോഗ്യ ശീലങ്ങളില്‍ കാര്യമായ മാറ്റത്തിന് ഇടയാക്കിയ ഒരു സംഗതിയാണ് അവരുടെ മനോഭാവത്തില്‍ വന്ന വ്യത്യാസങ്ങള്‍. ഒന്നിനും നേരമില്ലാതായി എന്ന ചിന്ത വന്നതോടെ ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലമാക്കിയിരുന്നവര്‍ കഴിഞ്ഞ ഒരു ദശകം ആയി ആ നല്ല ശീലങ്ങള്‍ ഉപേക്ഷിച്ചിരിക്കയാണ്. യുകെയിലൊക്കെയുള്ള മലയാളികളില്‍ ഭൂരിഭാഗം പേരും ബ്രിട്ടീഷ് പ്രഭാത ഭക്ഷണം ഏറെ കേമം ആണെന്ന തെറ്റിദ്ധാരണയില്‍ മലയാളിയുടെ സ്വന്തം ദോശക്കും പുട്ടിനും ഇഡ്ഡ്‌ലിക്കും ഒക്കെ പകരം ഓംലെറ്റും സോസേജ്ജും ബേക്കണും ശീലമാക്കിയത് എത്ര വലിയ തിരിച്ചടിയാണെന്ന് വ്യക്തമാക്കി ബ്ലൂ സോണ്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.
ബ്ലൂ സോണ്‍ എന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുന്ന മൂന്നു പ്രദേശങ്ങളെ പറ്റിയുള്ള പഠനമാണ്. ജപ്പാനിലെ ഒകിനാവ, കാലിഫോര്‍ണയിലെ ലോമ ലിന്‍ഡ, ഇറ്റലിക്കടുത്ത ദ്വീപ് പ്രദേശമായ സിസിലിയിലെ സാര്‍ഡീനിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കുന്നത് അവരുടെ തനതു ഭക്ഷണ രീതി കൊണ്ടാണ് എന്ന പഠനമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിയിരിക്കുന്നത്.
നേരം ഇല്ല എന്നത് വെറും ഒഴികഴിവു പറച്ചില്‍ മാത്രം ആണെന്നത് പറയുന്നവര്‍ക്കും അറിയാമെങ്കിലും ആരോഗ്യത്തോടെയുള്ള ജീവിത ശൈലിയുടെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ ഇടയാക്കുന്ന ഒരു കാരണമാണതെന്ന് പലരും ചിന്തിക്കുന്നില്ല. എന്തിനും ഏതിനും പാശ്ചാത്യ ജീവിത ശൈലിയെ പിന്തുടരാന്‍ ശ്രമിക്കുന്ന മലയാളികള്‍ യുകെ പോലുള്ള രാജ്യങ്ങളില്‍ എത്തിയപ്പോള്‍ ആദ്യം കൂട്ട് പിടിച്ചതും അവിടത്തെ ഭക്ഷണ രീതിയെയാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പത്തില്‍ തയാറാക്കാന്‍ കഴിയുന്ന പാശ്ചാത്യ ഭക്ഷണം പല സൗകര്യങ്ങളും നല്‍കി.
എന്നാല്‍ ഇത്തരം പാശ്ചാത്യ ഭക്ഷണത്തില്‍ പലതും ഏറെക്കാലം മുന്‍പേ പായ്ക്ക് ചെയ്തു വില്‍പ്പനക്ക് എത്തുന്നതാണ് എന്ന സത്യത്തിനു നേര്‍ക്കാണ് ബ്ലൂ സോണ്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
ബ്ലൂ സോണ്‍ പ്രദേശമായ ഒകിനാവയിലും ലോമ ലിന്‍ഡായിലും സിസിലിയിലും ഭൂരിഭാഗം ജനങ്ങളും പ്രാദേശികമായി ലഭിക്കുന്നതും സീസണ്‍ അനുസരിച്ചുള്ളതുമായ ഭക്ഷണ ക്രമമാണ് പിന്തുടരുന്നത്. ഇവിടെ ജനങ്ങള്‍ ഒരു കാരണവശാലും ടിന്നില്‍ അടച്ചെത്തുന്ന ഭക്ഷണത്തോട് താല്‍പ്പര്യം കാട്ടുന്നില്ല.
അതേ സമയം, ഒട്ടു മിക്ക യുകെ മലയാളികളും ബ്രിട്ടനില്‍ എത്തിയപ്പോള്‍ മാത്രം കണ്ടു ശീലിച്ച ബേക്ഡ് ബീന്‍സ് പോലെ ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണം നിത്യ ശീലമാക്കിയതാണ് ആരോഗ്യത്തോടെയുള്ള ജീവിതത്തിന്റെ ക്രമം തെറ്റിക്കാന്‍ ആദ്യ കാരണമായത്. ഇതോടൊപ്പം ബാര്‍ബിക്യൂ പോലെയുള്ള അനാരോഗ്യ പ്രവണതകളെ കൂടെ കൂട്ടുകയും ആഘോഷമാക്കുകയും ചെയ്തതും ശ്രദ്ധേയമാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഒരു കാരണവശാലും ആരോഗ്യ ഹേതുവല്ല, മറിച്ചു ക്യാന്‍സര്‍ ഉള്‍പ്പെടെ ജീവിത ശൈലീ രോഗത്തിന് കാരണമാക്കും എന്ന് എന്‍എച്ച്എസ് അടക്കം നിരന്തര കാമ്പയിന്‍ നടത്തിയിട്ടും, ഭൂരിഭാഗം മലയാളികളും, എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവര്‍പോലും, വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നതും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ഗോ ഗോള്‍ഡ് എന്ന പ്രചാരണത്തിന്റെ കാതല്‍ തന്നെ കരിഞ്ഞതും അമിത ചൂടില്‍ തയ്യാറാക്കുന്നതുമായ ഭക്ഷണം ക്യാന്‍സര്‍ ഹേതുവായ അക്രിലമൈഡ് ശരീരത്തില്‍ അധികമായി എത്തിക്കും എന്നാണ് വെളിപ്പെടുത്തുന്നത്.
ഇപ്പോള്‍ ബിബിസി അടുക്കള രംഗം കൈകാര്യം ചെയ്യുന്ന ആരോഗ്യ വിദഗ്ധന്‍ കൂടിയായ ഡോ. രംഗന്‍ ചാറ്റര്‍ജിയാണ് ഈ പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ദിവസവും ഏറ്റവും ഫ്രഷ് ആയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗമാണ് ഏറ്റവും കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുന്നത് എന്ന കണ്ടെത്തലാണ് ഡോ. ചാറ്റര്‍ജി പുറത്തു വിടുന്നത്. ദി ഫോര്‍ പില്ലര്‍ പ്ലാന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. അടുത്തിടെയായി ഒകിനാവയിലും ലോമ ലിന്‍ഡായിലും സാര്‍ഡീനിയയിലും ജനങ്ങളുടെ ആരോഗ്യ ജീവിതത്തെ പറ്റി ഒട്ടേറെ പഠനങ്ങളാണ് നടക്കുന്നത്. ഇതിലെ പൊതുവായി നിരീക്ഷിക്കപ്പെടുന്നതും അവരുടെ ആരോഗ്യകരമായ ഭക്ഷണ രീതിയാണ്. എന്നാല്‍ പൊതുവായി ഇവിടുള്ളവര്‍ എന്തെങ്കിലും പ്രത്യേകതരം ആഹാരമൊന്നും കഴിക്കുന്നില്ല എന്നതും പഠനത്തില്‍ കണ്ടെത്തി.
ആരും തന്നെ ഷുഗറോ കൊളസ്‌ട്രോളോ കാലറിയോ കൊഴുപ്പോ കാര്‍ബോഹൈഡ്രേറ്റ് അളവുകളോ ഒന്നും നോക്കിയല്ല ഭക്ഷണം തിരഞ്ഞെടുക്കുന്നതും. എന്നാല്‍ പൊതുവെ ഇവിടെയുള്ള ജനങ്ങള്‍ ഫ്രഷ് ആയ ഭക്ഷണത്തോടാണ് താല്‍പ്പര്യം കാട്ടുന്നത്. പായ്ക്ക് ചെയ്‌തെത്തുന്ന ഭക്ഷണം പൊതുവെ ഇവിടെയുള്ള ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതും പഠന ഫലങ്ങളില്‍ തെളിയുന്നു. ഇത് തന്നെയാകാം മാരക രോഗങ്ങള്‍ അലട്ടാതെ കൂടുതല്‍ കാലം ജീവിക്കാന്‍ ഇവരെ സഹായിക്കുന്നതും എന്നും വിലയിരുത്തുകയാണ് ഡോ. ചാറ്റര്‍ജി.
ഭക്ഷണം പാകം ചെയ്യാന്‍ സമയം ഇല്ല എന്ന വാദം ഡോ ചാറ്റര്‍ജിയും തള്ളിക്കളയുമ്പോള്‍ ആധുനിക മലയാളിയുടെ മാറിയ ഭക്ഷണ ശീലം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പുതു തലമുറയെ കൂടി ഇത്തരം അനാരോഗ്യ ഭക്ഷണം കഴിക്കാന്‍ മലയാളി പ്രേരിപ്പിക്കുന്നു എന്നത് ഒരു ദുരന്ത സത്യമായി മാറുകയാണ്. ഏറ്റവും മികച്ച ആരോഗ്യത്തിനു ചുരുങ്ങിയത് അഞ്ചു തരം പച്ചക്കറികള്‍ എങ്കിലും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. മലയാളിയുടെ തനതു അവിയലിനെയും സാമ്പാറിനെയും പേരെടുത്തു പറയുന്നില്ലെങ്കിലും ഇത് പോലെ വിവിധ തരം പച്ചക്കറികളുടെ ഒന്നിച്ചുള്ള ഉപയോഗം ശരീരത്തിനും തലച്ചോറിനും ഏറെ ഗുണകരം ആണെന്നും ബ്ലൂ സോണ്‍ പഠനം പറയുന്നു. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഇത്തരം പച്ചക്കറികള്‍ തന്നെ കഴിക്കണം എന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നതും.
https://www.facebook.com/Malayalivartha