വാങ്ങിയ ഉടന്‍ ധരിക്കാന്‍ റെഡിയാക്കപ്പെട്ടതല്ല റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഡിറ്റര്‍ജന്റിന് റെഡിയാക്കപ്പെട്ടവയാണെന്ന് പഠനഫലം

റെഡിമെയ്ഡ് തുണികള്‍ കഴുകിയതിനുശേഷമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ ആ ശീലം തുടങ്ങിക്കോളൂ. വളരെയധികം അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ടണ്‍ കണക്കിന് ബാക്ടീരിയകളാണ് റെഡിമെയ്ഡ് തുണികളില്‍ കാണപ്പെടുന്നത് എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
പുതുതായി വാങ്ങിയതെന്ന് നിങ്ങള്‍ കരുതുന്ന വസ്ത്രങ്ങള്‍, പക്ഷേ നിങ്ങള്‍ക്കു മുമ്പേ ഒരു ഡസനോളം പേരെങ്കിലും ധരിച്ചവയായിരിക്കും. അതു കൊണ്ട് തന്നെ തൊലിപ്പുറത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പലതരം അണുക്കള്‍ ആ വസ്ത്രങ്ങളിലുണ്ടാവും. നിങ്ങള്‍ വാങ്ങുന്നതിനു മുമ്പേ ആ കടയിലെത്തി ആ വസ്ത്രം ഇഷ്ടപ്പെട്ടവരില്‍ പലരും അത് തങ്ങള്‍ക്ക് പാകമാണോ എന്നറിയാന്‍ ധരിച്ചു നോക്കി പരിശോധിക്കാറുണ്ട്. അപ്രകാരം പല തവണയായി പലരും ഇട്ടു നോക്കിയ വസ്ത്രമാണ് നിങ്ങള്‍ പുതുവസ്ത്രമാണെന്നു കരുതി ധരിക്കുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍.
വന്‍ അണുബാധയൊന്നും ഇപ്രകാരം ഉണ്ടായില്ലെങ്കിലും വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത ഉണ്ടെന്നുള്ളത് സത്യമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വഴി അണുബാധയോ അസ്വസ്ഥതയോ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ എടുക്കാനാവുമെന്ന് ഈ രംഗത്തെ പ്രൊഫഷണലുകള്‍ പറയുന്നു.
ഒരു വസ്ത്ര വ്യാപാര ശാലകള്‍ക്കുളളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് റീട്ടെയില്‍ രംഗത്ത് സെയില്‍സ് വുമണായിരുന്ന ടോറി പാട്രിക് പറയുന്നത് ശ്രദ്ധിക്കൂ. ഒരു കസ്റ്റമര്‍ തനിക്ക് പാകമാണോയെന്ന് പരിശോധിച്ച ശേഷം തിരികെ കൊണ്ടു വരുന്ന വസ്ത്രങ്ങള്‍ വസ്ത്രശാലാധികൃതര്‍ പരിശോധിച്ചു നോക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെ നന്നായി മടക്കി തിരിച്ചു വയ്ക്കുകയാണ് ചെയ്യാറുള്ളതത്രേ.
ഒരു പുതിയ വസ്ത്രം എത്രത്തോളം പുതുമയുള്ളതാണെന്നറിയാന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജി ആന്റ് പതോളജി വകുപ്പിലെ ഡോ ഫിലിപ്പ് ടിയേര്‍നോയുമായി സഹകരിച്ച് ഗുഡ്‌മോണിംഗ് അമേരിക്ക എന്ന ടിവി ഷോ സംഘാടകര്‍ ചില പരിശോധനകള്‍ നടത്തി. ഷര്‍ട്ടുകള്‍, പാന്റുകള്‍ , സ്വിം സ്യൂട്ടുകള്‍ എന്നിങ്ങനെയുള്ള 14 തരം വസ്ത്രങ്ങളില്‍ രോഗാണുവിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നു പരിശോധിച്ചു പറയാനാണ് അവര്‍ ഡോ.ടിയേര്‍നോയോട് ആവശ്യപ്പെട്ടത്. പരിശോധിച്ച എല്ലാ വസ്ത്രങ്ങളിലും അറപ്പുളവാക്കുന്ന അളവില്‍ അണുക്കളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
അദ്ദേഹം പരിശോധിച്ച ഒരു ഷര്‍ട്ടില്‍ മൂക്കില്‍ നിന്നുളള സ്രവങ്ങള്‍, തൊലിപ്പുറത്തും മനുഷ്യ വിസര്‍ജ്ജ്യങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മ ജീവികള്‍ എന്നിവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. അതു പോലെ തന്നെ പിന്‍ഭാഗത്തോളം എത്തുന്ന മേല്‍ വസ്ത്രത്തിന്റെ കക്ഷത്തിന്റെ ഭാഗത്തും നിതംബ ഭാഗത്തുമാണ് ഇവ അധികമായി കണ്ടത്. അദ്ദേഹത്തിന് പരിശോധിക്കാന്‍ നല്‍കിയ ഒരു പട്ടുടുപ്പില്‍ യോനീഭാഗത്ത് കാണപ്പെടുന്ന സൂക്ഷ്മ ജീവികള്‍, യീസ്റ്റ് എന്ന സൂക്ഷ്മ ജീവി, മനുഷ്യവിസര്‍ജ്ജ്യത്തില്‍ കാണുന്ന സൂക്ഷ്മ ജീവി എന്നിവയൊക്കെ ഉണ്ടായിരുന്നുവത്രേ.
നമ്മുടെ ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്ന സൂക്ഷ്മ ജീവികളുടെ എണ്ണത്തിന്റെ പതിന്മടങ്ങോളമാണ് വസ്ത്രവ്യാപാരശാലയില്‍ നിന്നുള്ള വസ്ത്രങ്ങളിലുണ്ടായിരുന്നത്. ചില വസ്ത്രങ്ങളിലുണ്ടായിരുന്ന അണുക്കളുടെ അളവ് വിശ്വസിക്കാനാവാത്ത വിധം വലുതായിരുന്നുവത്രേ. ഒന്നുകില്‍ ആ വസ്ത്രങ്ങള്‍ കുറേയധികം പേര്‍ പലതവണ ഇട്ട് പരിശോധിച്ച് നോക്കിയിട്ടുണ്ടാവും. അല്ലെങ്കില്‍ തീരെ വൃത്തിഹീനമായി ജീവിക്കുന്ന ഒരാള്‍ ആ വസ്ത്രങ്ങള്‍ ഉപയോഗിച്ചു നോക്കിയിട്ടുണ്ടാവും എന്നാണ് ഡോ. ടിയേര്‍നോ അഭിപ്രായപ്പെടുന്നത്.
ഈ അണുക്കള്‍ അപകടകാരികളാണോ എന്നതാണ് അടുത്ത ചോദ്യം. മറ്റൊരാളുടെ കക്ഷത്തോ ഗുഹ്യ ഭാഗത്തോ നിങ്ങള്‍ സ്പര്‍ശിക്കുന്നതിന് തുല്യമാണ് ഇത്. അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ചെയ്യാന്‍ തയ്യാറാവുമോ എന്ന് സ്വയം ചോദിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാവും ഇതു പോലെ വസ്ത്രവ്യാപാരശാലകളില്‍ മറ്റനേകം പേര്‍ പരീക്ഷിച്ചു നോക്കിയ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നത് ഉചിതമാണോയെന്ന്. കൂടാതെ വസ്ത്രവ്യാപാരശാലകളില്‍ പോയി വസ്ത്രമിട്ടു നോക്കി പരീക്ഷിയ്ക്കുമ്പോള്‍ ഉള്‍വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ആ വസ്ത്രത്തിലെ അണുക്കള്‍ നിങ്ങളുടെ ശരീരവുമായി നേരിട്ട് ബന്ധത്തില്‍ വരികയില്ല എന്ന കാര്യം ഉറപ്പാക്കാം.
https://www.facebook.com/Malayalivartha