ആര്‍ത്തവവിരാമം ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല
സാധാരണ എല്ലാവരും ചിന്തിക്കുന്നത് ആര്‍ത്തവവിരാമത്തോടെ ലൈംഗിക ജീവിതവും അവസാനിക്കും എന്നാണ്. എന്നാല്‍ ഇവര്‍ എല്ലാവരും തന്നം ജീവിതകാലം മുഴുവന്‍ ലൈംഗികത ആഗ്രഹിക്കുന്നവരുമായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവവിരാമം (മെനോപോസ്) എന്ന് പറയുന്നത് ആര്‍ത്തവചക്രത്തിന്റെ അവസാനമാണ്. എന്നാല്‍, അത് ഒരിക്കലും ലൈംഗികാഗ്രഹത്തിന്റെ അവസാനമല്ല.
ആര്‍ത്തവവിരാമത്തോടെ പ്രത്യുത്പാദനശേഷി അവസാനിച്ചേക്കാം, എന്നാല്‍, അത് ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല. അതിനാല്‍, മുമ്പ് പിന്തുടര്‍ന്നിരുന്ന അതേ ഇടവേളകളില്‍ സംഭോഗത്തില്‍ ഏര്‍പ്പെടുക. ഇക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിക്കരുത്. വസ്തിപ്രദേശത്തെ മസിലുകള്‍ക്ക് ശക്തി പകരുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാരകമായ ഹൃദയാഘാതത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കും. അതിനാല്‍, ലൈംഗികബന്ധം തുടരുക.
ആര്‍ത്തവചക്രം സ്ഥിരമായി നിലയ്ക്കുകയും അണ്ഡാശയങ്ങള്‍ ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്‌റ്റെറോണും ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. അത്യുഷ്ണം, ക്ഷീണം, യോനീവരള്‍ച്ച, ലൈംഗികതൃഷ്ണ കുറയല്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന തുടങ്ങിയ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ കാരണം സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിമുഖത കാണിച്ചേക്കാം.
ഇതു കൂടാതെ, ശരീരഭാരം വര്‍ദ്ധിക്കല്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും മനോനിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍, അസ്വസ്ഥത, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ആര്‍ത്തവവിരാമം കാരണവും പ്രായം വര്‍ദ്ധിക്കുന്നതു മൂലവും ഉണ്ടാകാം. ഇത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാം.
ആര്‍ത്തവവിരാമ സമയത്ത് വിഷാദരോഗമുണ്ടാവുക സാധാരണമാണ് എന്ന് മാത്രമല്ല അത് നിങ്ങളിലെ ലൈംഗികതൃഷ്ണ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഭര്‍ത്താവിന് ഇതെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരിക്കില്ല. നിങ്ങളില്‍ സംഭവിക്കുന്ന പുതിയ മാറ്റം ഭര്‍ത്താവിനെ നിരാശനാക്കുകയും അത് പരസ്പരമുള്ള അഭിപ്രായവ്യത്യാസത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്‌തേക്കാം. അതിനാല്‍, നിങ്ങളുടെ മനോനിലയില്‍ വ്യത്യാസം ഉണ്ടായതിന്റെ കാരണം എന്താണെന്ന് ഭര്‍ത്താവിനെ അറിയിക്കുക.
ഈ അവസരങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ ശാരീരികമായി അടുത്ത് ഇടപഴകാവുന്നതാണ്. ആലിംഗനം, ചുംബനം, സ്പര്‍ശനങ്ങള്‍, ഉത്തേജനം നല്‍കുന്ന രീതിയിലുള്ള മസാജ്, വിവാഹത്തിന്റെ ആദ്യ നാളുകളിലെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍ എന്നിവയിലൂടെ പങ്കാളിയോടുള്ള അടുപ്പം ഊട്ടിയുറപ്പിക്കാന്‍ സാധിക്കും.മനോനിലയില്‍ പെട്ടെന്ന് വരുന്ന മാറ്റം, ലൈംഗികതൃഷ്ണയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കാന്‍ പങ്കാളിക്കൊപ്പം ഒരു കൗണ്‍സിലറെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുക.
നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന അത്യുഷ്ണം ഇല്ലാതാക്കാന്‍ ഈസ്ട്രജന്‍ ഗുളികകള്‍ അല്ലെങ്കില്‍ യോനീവരള്‍ച്ച ഇല്ലാതാക്കാന്‍ ലൂബ്രിക്കന്റുകള്‍ തുടങ്ങിയവ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം. മറ്റു ചിലപ്പോള്‍, തലച്ചോറില്‍ സ്വാധീനം ചെലുത്തി ലൈംഗിക പ്രേരണയോടുള്ള പ്രതികരണം വര്‍ധിപ്പിക്കുന്നതിന് ടെസ്‌റ്റോസ്റ്റിറോണ്‍ പാച്ച് അല്ലെങ്കില്‍ ജെല്‍ നിര്‍ദേശിക്കാം.
വിഷാദരോഗത്തെ അല്ലെങ്കില്‍ മനോനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തെ അതിജീവിക്കാന്‍ ആന്റിഡിപ്രസന്റുകളും നിര്‍ദേശിച്ചേക്കാം. ഇത്തരം നടപടികളെല്ലാം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആര്‍ത്തവവിരാമം സംഭവിക്കുന്ന അവസരത്തില്‍ സന്തുഷ്ടമായ ലൈംഗിക ജീവിതം നയിക്കുന്നതിനും സഹായകമാവും.
https://www.facebook.com/Malayalivartha