പങ്കാളിയുമായുള്ള ബന്ധത്തിൽ വിള്ളലോ.....? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
എന്തും തുറന്നു പറയാൻ കഴിയുന്ന സുഹൃത്തിനെ പോലെയുള്ള പങ്കാളി എല്ലാരുടെയും സ്വപ്നമാണ്. ഒരുപാട് സ്വപ്‌നങ്ങൾ നെയ്താണ് നാം പുതിയ ബന്ധം തുടങ്ങുന്നത്. എന്നാൽ നമ്മുടെ പ്രതീക്ഷകൾ തകരുമ്പോൾ ബന്ധത്തിൽ വിള്ളലുണ്ടാകുന്നു. എത്രത്തോളം നിരാശാജനകമാണ് ചില സമയത്തു നിങ്ങളുടെ ഇണയുമായി ആശയവിനിമയം നടത്താൻ എന്നകാര്യം നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം. ഒഴിവാക്കാൻ സാധിക്കുന്ന ഒരു ചെറിയ പ്രശ്നം ചിലപ്പോൾ ഒരു വലിയ വാദഗതിക്ക് ഇടയാക്കും, എങ്ങനെയാണു നിങ്ങൾ മികച്ച രീതിയിൽ നിങ്ങളുടെ ഭർത്താവിനോട് ആശയവിനിമയം നടത്തുന്നത്? വാഗ്‌വാദങ്ങൾ ഇല്ലാതെ നിങ്ങൾ എങ്ങനെയാണ് പങ്കാളിയോട് സംസാരിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലും ഓഫീസിലും നിങ്ങൾക്ക് നന്നായി സംസാരിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ഇണയുമായി ആശയവിനിമയം നടത്തുമ്പോൾ, അത് നിങ്ങൾക്ക് എളുപ്പമാകാറില്ല.
എന്ത് കൊണ്ടാണ് നിങ്ങളുടെ ഭർത്താവുമായി അല്ലെങ്കിൽ ഭാര്യയുമായി ആശയവിനിമയം നടത്തുന്നത് ഇത്ര വിഷമകരമാകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വളരെ ലളിതമാണത്, നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുന്നത് മറ്റൊരു വ്യക്തിയുമായി ആശയവിനിമയം നടത്തുന്നതിന് തുല്യമാണ്. ഒരേ ഒരു വ്യത്യാസം മാത്രം , നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ഒരുപാടിഷ്ട്ടപ്പെടുകയും അത് പോലെ നിങ്ങളെ മനസ്സിലാക്കാൻ ആ വ്യക്തിക്ക് വേറെ ആരെക്കാളും നന്നായി സാധിക്കും എന്ന് സ്വാഭാവികമായും കരുതുകയും ചെയ്യുന്നു.
നിങ്ങളുടെ ഇണയുമായി വാഗ്‌വാദങ്ങളും പോരാട്ടങ്ങളും ഇല്ലാതെ ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമല്ല, പക്ഷേ തീർച്ചയായും സാധ്യമായ കാര്യവുമാണ്. എന്നിരുന്നാലും സജീവമായ പരിശ്രമം ആവശ്യമുള്ള കാര്യവുമാണ്. വിവാഹത്തിലെ ആരോഗ്യകരമായ ആശയവിനിമയത്തിന് ചില മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും ആവശ്യമാണ്. താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് നിങ്ങളുടെ ഭർത്താവുമായുള്ള അല്ലെങ്കിൽ ഭാര്യയുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താം.
നിങ്ങളും നിങ്ങളുടെ ഭർത്താവും സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളി നിങ്ങളെ കേൾക്കുന്നില്ലെങ്കിൽ, നിങ്ങളുടെ എല്ലാ വാക്കുകളും പാഴായി പോകുന്നു. ഇത് നിങ്ങൾക്ക് നിരാശയും ദേഷ്യവും തോന്നുകയും സ്വയം താഴ്ച തോന്നുകയും ചെയ്യും , കൂടാതെ നിങ്ങൾക്ക് വികാര വിക്ഷോപം അനുഭവപ്പെടുകയും ചെയ്യും. നിങ്ങളും നിങ്ങളുടെ പങ്കാളിയും ആശയ വിനിമയം നടത്തുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ, ചെയ്യുന്ന ജോലി നിർത്തി നിങ്ങൾ സംഭാഷണത്തിൽ ശ്രദ്ധിക്കുന്നു എന്ന ഉറപ്പു വരുത്തണം. ഇത് ജീവിതപങ്കാളിയ്ക്ക് നിങ്ങളോടു മതിപ്പുണ്ടാക്കാൻ ഇടയാക്കും.
എത്ര വലിയ പ്രശ്നം ഉണ്ടെങ്കിൽ കൂടിയും നിങ്ങളുടെ ശബ്ദം ഉയർത്തി സംസാരിക്കരുത് . കനത്ത വാക്കുകൾ പതുക്കെ പറയുന്നതിനേക്കാൾ അരോജകരമാണ് ഉച്ചത്തിൽ പറയുന്നത് . നിങ്ങളിൽ ആരെങ്കിലും ഒരാൾ മൗനം പാലിക്കുക . പങ്കാളികൾ തമ്മിൽ സംസാരിക്കുമ്പോൾ കൂടുതൽ നിരാശയോ കോപമോ ഉണ്ടാക്കാൻ സാധ്യത ഉള്ള അന്തരീക്ഷം സൃഷ്ട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിയോട് ഫലപ്രദമായി ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ ശബ്ദമുയർത്തി സംസാരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ , ആശയവിനിമയത്തിനുള്ള ശബ്ദം കുറയ്ക്കുന്നത് ഫലപ്രദവും പ്രശംസനീയവും ആണ്. ശബ്ദമുയർത്തി സംസാരിക്കുന്നത് കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അതിനാൽ നിങ്ങളുടെ പങ്കാളിയോട് ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയർത്തില്ലെന്ന് ഉറപ്പ് വരുത്തുക.
നിങ്ങൾ ഒരു വാദം ഉന്നയിക്കുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ അതോ ലളിതമായി സംസാരിക്കുകയോ ചെയ്യുകയാണെങ്കിലോ ,നിങ്ങൾ എല്ലായ്പ്പോലും പങ്കാളിയുടെ സ്ഥാനത്ത് താനാണെങ്കിൽ എന്ന ചിന്തിച്ചു നോക്കാൻ ശ്രമിക്കുക. കൂടാതെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ കാണാൻ ശ്രമിക്കുക. ഇത് പങ്കാളി ഉദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ സഹായിക്കും. സഹിഷ്ണുതയോടെ പങ്കാളിയുടെ സംസാരം ശ്രദ്ധിക്കുക എന്നത് തീർച്ചയായും ഒരു നല്ല ശീലമാണ്. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ശീലം സഹായകരമാകും. ക്ഷമയോടെ പങ്കാളി പറയുന്ന കാര്യങ്ങൾ കേൾക്കാൻ നമ്മൾ ക്ഷമ കാണിച്ചാൽ കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഇത് ഒരു പരിധിവരെ ആശയ വിനിമയം മെച്ചപ്പെടുത്തും.
ശരിയായ ബന്ധത്തിൽ പരസ്പര വിശ്വാസവും സ്നേഹവും അനിവാര്യമാണ് . ഒരാൾ പറയുന്നത് മറ്റൊരാൾ ശ്രദ്ധാപൂർവം കേൾക്കുക . തെറ്റുകൾ പറ്റുമ്പോൾ അത് സ്നേഹത്തോടെ പറയുകയും കുറ്റപ്പെടുത്തലുകൾ അതിരുകടക്കാതെയും നോക്കുക . പുരുഷൻ ആഗ്രഹിക്കുന്നത് സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന പെണ്ണിനേയും സ്ത്രീ ആഗ്രഹിക്കുന്നത് സ്വന്തം പിതാവിനെ പോലെ സംരക്ഷിക്കുന്ന പുരുഷനെയുമാണ്. എല്ലാത്തിലുമുപരി നല്ല സുഹൃത്തുക്കളായി ജീവിതകാലം മുഴുവൻ ഇരിക്കുവാൻ കഴിഞ്ഞാൽ അതിനേക്കാൾ നല്ലൊരു ബന്ധം വേറെയില്ല .
https://www.facebook.com/Malayalivartha