കൗമാരക്കാരുടെ ലൈംഗികസംശയങ്ങള്‍
കൂട്ടുകാരില്‍നിന്നും മറ്റും ലഭിക്കുന്ന അറിവുകള്‍ കൗമാരക്കാരില്‍ അനാവശ്യമായ ഉത്കണ്ഠകള്‍ക്ക് ഇടയാക്കുന്നു. കൗരമാരക്കാരുടെയിടയില്‍ സ്വപ്നസ്ഖലനത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴാണ് ആണ്‍കുട്ടികള്‍ ലൈംഗികശേഷി കൈവരിക്കുന്നതും ചില സമയങ്ങളില്‍ സ്വപ്നസ്ഖലനം സംഭവിക്കുന്നതും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നതു കാണുകയും രാത്രിയില്‍ ഉറക്കത്തില്‍ സ്ഖലനം സംഭവിക്കുകയും ചെയ്താല്‍ ഇതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് എന്തോ വലിയ കാര്യം സംഭവിച്ചതു പോലെ അമിത ഉത്കണ്ഠയുണ്ടാകാം. ചിലര്‍ സ്വപ്നസ്ഖലനത്തെ രോഗമായി കണക്കാകുകയും തന്റെ ആരോഗ്യം ക്ഷയിക്കുമെന്നു കരുതി മനഃസമാധാനം നഷ്ടപ്പെട്ട് പഠനത്തില്‍ പിന്നാക്കമാകുക വരെ ചെയ്യാം.
കൂട്ടുകാരില്‍ നിന്നോ മറ്റു മാര്‍ഗങ്ങളിലൂടെയോ ആകാം കൗമാരത്തില്‍ ആണ്‍കുട്ടികള്‍ സ്വയംഭോഗത്തെക്കുറിച്ച് അറിയുന്നത്. ചിലരില്‍ അമിതമായി സ്വയംഭോഗം ചെയ്യുന്ന പ്രവണതയുമുണ്ട്. സ്വപ്നസ്ഖലനത്തിനെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചുമുള്ള ചില വികലമായ അറിവുകള്‍ പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കാറുണ്ട്. ഒരു തുള്ളി ശുക്ലം നൂറു തുള്ളി രക്തത്തില്‍നിന്ന് ഉണ്ടാകുന്നതാണെന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണ.
രാവിലെ ഉണരുമ്പോള്‍ സ്വപ്നസ്ഖലനം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്റെ ആരോഗ്യം ചോര്‍ന്നു പോകുന്നതായി സംശയിക്കുന്നവരും കുറവല്ല. കവിള്‍ ഒട്ടുന്നതും ശരീരം മെലിയുന്നതുമെല്ലാം സ്വയംഭോഗം കൊണ്ടാണെന്ന് കരുതുന്നവരുമുണ്ട്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം അറിവുകള്‍ കൗമാരക്കാരില്‍ അനാവശ്യ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. കൗമാരത്തിലേക്കു കാലൂന്നുന്നതിന്റെ ലക്ഷണമായി മാത്രം കരുതാവുന്ന സ്വപ്നസ്ഖലനം മുപ്പതു വയസ്സു വരെ തുടരാം. സ്വയംഭോഗം വഴിയോ ലൈംഗികബന്ധം വഴിയോ ശുക്ലം പോയില്ലെങ്കില്‍ അതു തനിയെ പുറത്തു പോകുന്ന മാര്‍ഗങ്ങളിലൊന്നാണ് സ്വപ്നസ്ഖലനം.
കൗമാരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്കും പലവിധമായ ഉല്‍ക്കണ്ഠകള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഉല്‍ക്കണ്ഠ സ്വന്തം ശരീരത്തെ കുറിച്ച് തന്നെയാണ്. അവരുടെ ശ്രദ്ധയില്‍ ആദ്യം പെടുന്ന വ്യത്യാസങ്ങള്‍ നെഞ്ചില്‍ വരുന്ന വ്യത്യാസങ്ങള്‍ ആണ്. സ്തനവളര്‍ച്ച ഉണ്ടാകുന്നതോടുകൂടി ചില വ്യത്യാസങ്ങള്‍ വരുന്നു. കൂടാതെ ശരീരത്തില്‍ രോമവളര്‍ച്ച ഉണ്ടാകുന്നു. പ്രത്യേകിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളിലും , കക്ഷത്തുമെല്ലാം രോമവളര്‍ച്ച ഉണ്ടാകുന്നത് അവര്‍ കാണുന്നു. ഇത് ചിലരില്‍ ഉല്‍ക്കണ്ഠ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് ആദ്യ ആര്‍ത്തവം ആണ്. ആദ്യമായി തന്റെ ശരീരത്തില്‍ നിന്നും, സ്വകാര്യ ഭാഗത്തു കൂടി രക്തം ഒഴുകി വരുന്നത് പെണ്‍കുട്ടികളെ ഭയപ്പെടുത്തിയേക്കാം.
ആദ്യ ആര്‍ത്തവ രക്തം കണ്ടു ഭയന്ന് നിലവിളിച്ചു കൊണ്ട് ഓടിയ പെണ്‍കുട്ടികള്‍ വരെയുണ്ട്. അത് കൊണ്ട് കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴേയ്ക്ക് തന്നെ അവരുടെ ശരീരത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ക്കു പറഞ്ഞു കൊടുക്കണം. സ്തനവളര്‍ച്ച, ആര്‍ത്തവം, ആര്‍ത്തവകാലശുചിത്വം എന്നിവയെ കുറിച്ചെല്ലാം കുട്ടിയോട് മുന്‍കൂട്ടി പറയണം. ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായാണ് ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതെന്നും അതെ തുടര്‍ന്ന് എതിര്‍ ലിംഗത്തില്‍പെട്ടവരോട് പ്രത്യേക താല്പര്യം ഉടലെടുക്കാന്‍ സാധ്യത ഉണ്ടെന്നും അത് സ്വാഭാവികമാണെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. അത്തരം മനോവികാരങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് അറിവുണ്ടായിരിക്കയില്ല.
പല ആണ്‍കുട്ടികളും ഈ കാലത്ത് പ്രണയാഭ്യര്‍ഥനകളുമായി പെണ്‍കുട്ടികളെ സമീപിയ്ക്കാറുണ്ട്.അവയെ ഉള്‍ക്കൊള്ളണമോ തിരസ്‌കരിക്കണമോ എന്നിങ്ങനെയുള്ള ആകുലതകള്‍ അവര്‍ക്ക് ഉണ്ടാകാറുണ്ട്. കൂടാതെ സ്വയംഭോഗം മുതലായ കാര്യങ്ങളെ കുറിച്ച് അവര്‍ അറിഞ്ഞു തുടങ്ങുന്നതും ഇക്കാലത്താണ്. സ്വയംഭോഗം പാപമാണെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നുമൊക്കെ അവര്‍ക്കു ലഭിയ്ക്കുമ്പോള്‍ അവര്‍ ആകപ്പാടെ അങ്കലാപ്പില്‍ ആകുന്നു. ഇതില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നതിനെ കുറിച്ചൊക്കെ വ്യക്തമായ അവബോധം കുട്ടികള്‍ക്ക് ലഭ്യമാകണം.
സ്വയംഭോഗം പാപമാണോ എന്ന് ചോദിച്ചാല്‍ പാപമല്ല എന്ന് തന്നെയാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചാല്‍ മറ്റേത് അഡിക്ഷനെ പോലെയും സെക്‌സിനോടും സ്വയംഭോഗത്തോടും അമിത ആസക്തി ഉണ്ടെങ്കില്‍ അത് അപകടമാണെന്ന് വേണം മനസ്സിലാക്കേണ്ടത്.
പല അബദ്ധധാരണകളുടെയും ഫലമായി വിവിധ വസ്തുക്കള്‍ ലൈംഗിക അവയവങ്ങളില്‍ കടത്തി സ്വയംഭോഗം ചെയ്യുമ്പോള്‍ അണുബാധ , പരുക്ക് തുടങ്ങിയവ ഉണ്ടായേക്കാം. ഇതേ തുടര്‍ന്ന് മൂത്ര നാളത്തില്‍ അണുബാധ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.അതിനാല്‍ വൃത്തി ഹീനമായ വസ്തുക്കളോ കൈവിരലുകളോ, മറ്റു വൈബ്രേറ്ററുകള്‍ പോലുള്ള ഉപകരണങ്ങളോ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
https://www.facebook.com/Malayalivartha