ലൈംഗികമായ അതിക്രമങ്ങള്‍ക്ക് മക്കള്‍ ഇരയാകുമോ, അവരുടെ ശരീരത്തിനോ മനസ്സിനോ ഒരു പോറലെങ്കിലും ഏല്‍ക്കുമോയെന്ന ആശങ്കയിലാണ് മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നതെന്ന് പറയാം ഇത്തരം പേടികൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
കണ്‍വെട്ടത്ത് നിന്ന് മക്കള്‍ ഒന്ന് മാറിപ്പോയാൽ മാതാപിതാക്കള്‍ക്ക് ഇപ്പോൾ ഭയമാണ്. പ്രത്യേകിച്ച് അമ്മമാർക്ക്. അതിൽ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഉള്ള വ്യത്യാസമൊന്നും ഇപ്പോൾ ഇല്ല. ലൈംഗികമായ അതിക്രമങ്ങള്‍ക്ക് മക്കള്‍ ഇരയാകുമോ, അവരുടെ ശരീരത്തിനോ മനസ്സിനോ ഒരു പോറലെങ്കിലും ഏല്‍ക്കുമോയെന്ന ആശങ്കയിലാണ് മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നതെന്ന് പറയാം
ഇത്തരം പേടികൾ അസ്ഥാനത്തല്ലെന്നു ഈയിടെ നടന്ന സംഭവങ്ങൾ തന്നെ ഉദാഹരണം.
തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിം പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയപ്പോൾ ഈരാറ്റുപേട്ടയിൽ അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 21 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് .
ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍ ആയതും നമ്മൾ പത്രങ്ങളിൽ വായിച്ചു .കുട്ടിയുടെ അമ്മയുമായി പ്രതിക്കുള്ള സൗഹൃദമാണ് ഇവിടെ മുതലെടുക്കപെട്ടത് .
ഇന്ന് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക പീഡനക്കേസുകളില്‍ ഏതാണ്ട് പകുതിയോളം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളാണ്, അതും പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ
മിക്ക കേസുകളിലും വ്യക്തമാകുന്ന ഒന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന കുട്ടികൾ അധികവും ഇരയാകുന്നത് അവർക്ക് അടുത്തറിയാവുന്ന ആൾക്കാരിൽ നിന്ന് തന്നെയാണ് .കുട്ടികളിൽ അവർക്കുള്ള സ്വാധീനവും സ്വാതന്ത്ര്യവുമാണ് പലപ്പോഴും പ്രതികൾ ചൂഷണം ചെയ്യുന്നത് .പരിചിതരായവരെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്ന് സാരം.
കുട്ടികളെ വീട്ടിലോ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട് പോകുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഇവര്‍ മുതലെടുക്കുന്നത്. കുട്ടിയോട് ബന്ധുക്കള്‍ക്ക് ചെറുതായി തോന്നുന്ന വാസനയാണ് പിന്നീട് തരം കിട്ടുമ്പോഴുള്ള ക്രൂരമായ ലൈംഗിക പീഡനമായി മാറുന്നത്.
കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞാലും പ്രതികൾ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണെന്ന കാരണത്താൽ അതിക്രമങ്ങള്‍ക്കിരയായ കുട്ടികളോ അവരുടെ കുടുംബങ്ങളോ അത് തുറന്നുപറയാന്‍ തയ്യാറാകാറില്ല. നടന്ന അതിക്രമത്തെ രഹസ്യമാക്കി വെക്കാനാണ് കുട്ടികളെ ഉപദേശിക്കാറുള്ളത്
ചെറുപ്രായത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് എത്ര ആഴത്തിലുള്ള മുറിവുകളാണ് കുട്ടികളുടെ മനസ്സില്‍ അവശേഷിപ്പിക്കുക എന്നത് ആരും ചിന്തിക്കാറില്ല .ഇത് കുട്ടിയുടെ പിന്നീടുള്ള ഭാവിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനെ കുറിച്ച് ആരും ബോധവാന്മാരല്ല
കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ലൈംഗികആക്രമണം ഉണ്ടായെന്നു ബോധ്യം വന്നാൽ കുട്ടിയെ ഒരുരീതിയിലും കുറ്റപ്പെടുത്തരുത് .ക്ഷമയോടെയും സ്‌നേഹത്തോടെയും സംഭവിച്ച കാര്യത്തെ ഒരു അപകടമാണെന്ന് അവരെ ധരിപ്പിക്കുക. സ്വയം വെറുപ്പുണ്ടാകുന്ന അവസ്ഥയിലേക്ക് കുട്ടിയെ എത്തിക്കാതെ ആത്മവിശ്വാസത്തോടെ അവളെ/ അവനെ മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്
നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ തന്നെയാണെന്ന തിരിച്ചറിവാണ് ആദ്യം മാതാപിതാക്കൾക്ക് വേണ്ടത്.
കുട്ടിയോട് പ്രായത്തില്‍ മൂത്ത ആരെങ്കിലും ഇടപെടുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
1. കുട്ടി ഇഷ്ടപ്പെടുന്നതിലും കൂടിയ അളവില്‍ ലാളന, കുട്ടിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടുമുള്ള മല്പ്പിടിത്തം പോലെയോ കളി പോലെയോ ഉള്ള ശാരീരിക സ്പര്‍ശനം. എടുത്തു മടിയിലിരുത്തി ലാളിക്കല്‍, കുട്ടി കുതറിപ്പോകാന്‍ ശ്രമിച്ചാലും വിടാതിരിക്കല്‍.
2. കുട്ടിയുമൊത്ത് മറ്റാരും കാണാത്ത ഇടങ്ങളില്‍ പോകാനുള്ള താല്പര്യം.
3. മുതിര്‍ന്നവരോടൊത്ത് സമയം ചിലവിടാതെ മുഴുവന്‍ സമയവും കുട്ടിയോടൊത്തും കുട്ടിക്ക് ആവശ്യമുള്ളതിലധികവും സമയം ചിലവിടല്‍.
4. കുട്ടിയുമായി രഹസ്യങ്ങള്‍ സൂക്ഷിക്കല്‍, കുട്ടിയെ പരാമര്‍ശിക്കുമ്പോള്‍ അഡല്‍റ്റ് സംബോധനകള്‍ "കാമുകി, ഭാര്യ, ഗേള്‍ഫ്രണ്ട് എന്നിവ കളിയായി ഉപയോഗിക്കുന്നത്
5. കുട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് വിലയുള്ളത് സ്ഥിരമായി വാങ്ങിക്കൊടുക്കല്‍.
6. ഒരു കുട്ടി മറ്റു കുട്ടികളെക്കാള്‍ സ്പെഷ്യല്‍ ഫ്രണ്ട് ആണെന്നോ സ്പെഷ്യല്‍ വ്യക്തിത്വമുള്ളയാളാണെന്നോ വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവ നിരന്തരം ശ്രദ്ധയിൽ പെട്ടാൽ അത്തരം ഇടപെടലുകൾ അവസാനിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
കുഞ്ഞിന് മൂന്ന്-നാല് വയസുള്ളപ്പോൾ തന്നെ തന്റെ ശരീരഭാഗങ്ങളിൽ അമ്മയല്ലാതെ ആരും സ്പർശിക്കരുതെന്ന ബോധം കുഞ്ഞിന് ഉണ്ടാക്കിക്കൊടുക്കേണ്ടത് അമ്മയുടെ ചുമതലയാണ്.
താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് വ്യക്തമായോ സൂചനകളിലൂടെയോ കുട്ടി പറഞ്ഞാല്‍ അത് വിശ്വസിക്കുക. കുട്ടിക്ക് ഇഷ്ടമല്ലാത്ത എന്തു കാര്യവും അത് എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ കേള്‍പ്പിക്കുകയോ കാണിക്കുകയോ എന്തുമാകട്ടെ, ശക്തമായി എതിര്‍ക്കാനും രക്ഷയ്ക്കായി ആളെ വിളിക്കാനും അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുക.ആരു ചെയ്താലും, എത്ര വേണ്ടപ്പെട്ടവര്‍ ചെയ്താലും അതിനു അവകാശമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക. അനാവശ്യമായി ആളുകള്‍ കുട്ടിയുടെ ജീവിതത്തില്‍ ഇടം നേടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
കുട്ടികള്‍ ഇത്തരമെന്തെങ്കിലും അനുഭവം പറഞ്ഞാല്‍ അവരെ വഴക്ക് പറഞ്ഞ് നമ്മുടെ അങ്കിളല്ലേ അങ്ങനെ ഒന്നും ചെയ്യില്ല, കുഞ്ഞിനോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ എന്നെല്ലാം പറഞ്ഞു നിസ്സാരവൽക്കരിക്കാതിരിക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം..
അപകടം സംഭവിച്ചു എന്ന് ഉറപ്പായാൽ എത്ര ഉന്നതനാണെങ്കിലും പോലീസില്‍ പരാതി നല്‍കണം.
എവിടെയായിരുന്നാലും അലക്ഷ്യമായ വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുത്.
കല്യാണത്തിനോ മറ്റ് പാർട്ടികൾക്കോ പോകുമ്പോൾ കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് നിര്‍ത്തരുത്. എപ്പോഴും ഒരു കണ്ണുണ്ടാകണം. . . മറ്റുള്ളവരുടെ ദേഹത്തു തൊട്ട് കളിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കണം . മറ്റുള്ളവരുടെ മടിയില്‍ കയറ്റി ഇരുത്തരുത്. കുട്ടികൾക്ക് എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വീട്ടിൽ ഒരുക്കണം.
ലൈംഗികാതിക്രമങ്ങളെ കുറിച്ച് കുട്ടിയില്‍ വേണ്ട അവബോധമുണ്ടാക്കണം. ലോകം ഇങ്ങനെയുമാണ് എന്ന തിരിച്ചറിവ് കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കേണ്ടതുണ്ട്.
അതെ സമയം കുട്ടിക്ക് വേണ്ട വാത്സല്യവും കരുതലും സ്നേഹവും വീട്ടിൽ ഉറപ്പാക്കണം. എങ്കിൽ ഒരു ഐസ് ക്രീമിനോ ചോക്കലേറ്റിനോ വേണ്ടി നമ്മുടെ കുഞ്ഞുങ്ങൾ ബലിമൃഗങ്ങൾ ആവില്ല .
എന്ത് പ്രശ്നമുണ്ടായാലും തനിക്ക് അച്ഛനും അമ്മയും തുണയുണ്ട് എന്ന ഉറച്ച വിശ്വാസം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിച്ചാൽ ഇത്തരം ആക്രമണങ്ങളെ ചെറുത്തു നിൽക്കാനുള്ള തന്റേടം കുട്ടികളിൽ വളർത്താം
https://www.facebook.com/Malayalivartha