നവദമ്പതിമാര്‍ക്ക് ഒരു വിവാഹസമ്മാനം
ദാമ്പത്യ ശാസ്‌ത്രങ്ങള്‍ക്ക് ഇന്നു മലയാളത്തില്‍ വലിയ പഞ്ഞമൊന്നുമില്ല. വൈദികരും, വൈദ്യശാസ്‌ത്രജ്ഞന്മാരും, മനഃശാസ്‌ത്രവിദഗ്‌ധരുമെല്ലാം എഴുതിയ ഗ്രന്ഥങ്ങള്‍ സുലഭമാണ്. ലൈംഗികാവയവ ഭൂപടങ്ങളും, ഭോഗമുറകളെക്കുറിച്ചുള്ള സചിത്ര വിവരണങ്ങളുമടങ്ങുന്ന പുസ്‌തകങ്ങള്‍ കമ്പോള രാജാക്കന്മാരായിത്തന്നെ വിഹരിക്കുന്നു. പലതിന്റെയും ഗ്രന്ഥകര്‍ത്താക്കന്മാര്‍ സ്‌പെഷ്യലിസ്റ്റു ലേബല്‍ നെറ്റിയിലൊട്ടിച്ചിമുണ്ട്. എന്നാല്‍, പ്രൊഫ.ജോസഫ് മറ്റം ഈ വക നാട്യങ്ങളൊന്നും കൂടാതെയാണ് ഈ ഗ്രന്ഥം കൈരളിക്കു കാഴ്‌ചവയ്‌ക്കുന്നത്. അനുഭവ ജ്ഞാനത്തെ കൈമുതലാക്കി രചിച്ചിട്ടുള്ള ഈ ദാമ്പത്യവിജ്ഞാനീയം അസാധാരണവും അതിശ്രേഷ്‌ഠവുമായ ഒരു രചനയാണെന്ന് ആമുഖമായിത്തന്നെ പറഞ്ഞുകൊള്ളട്ടെ.
വൈവാഹിക ജീവിതത്തില്‍ അപകടമേഖലകള്‍ അനായാസം തരണംചെയ്യുന്നതിനു സഹായിക്കുന്ന ഒരു ഉത്തമസുഹൃത്തിനെയും വഴികാട്ടിയെയും വായനക്കാര്‍ ഈ ഗ്രന്ഥത്തില്‍ കണ്ടെത്തുന്നു. സഭ്യവും സംസ്‌കാരസമ്പന്നവുമായ ഒരു പ്രതിപാദനരീതി ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ എതു സ്വീകരണമുറിയിലെ മേശപ്പുറത്തും അപായശങ്കകൂടാതെ നിങ്ങള്‍ക്കിത് ഇട്ടിട്ടു പോകാം.
എന്നാല്‍, ഈ ഗ്രന്ഥത്തിന്റെ അസാധാരണ മേന്മകളായി ഞാന്‍ ഗണിക്കുന്നത് ഇതൊന്നുമല്ല. ഇത്ര നര്‍മബോധവും സാഹിത്യഗുണവുമുള്ള വേറൊരു ദാമ്പത്യശാസ്‌ത്രഗ്രന്ഥം മലയാളത്തില്‍ കണ്ടിട്ടില്ല. ഭാവനാസമ്പന്നനും ശൈലീവല്ലഭനുമായ ഒരു നോവലിസ്റ്റിന്റെ തൂലികയ്‌ക്കു മണവറ മുതല്‍ മരണക്കിടക്ക വരെയുള്ള ദാമ്പത്യജീവിതമര്‍മങ്ങളെ എങ്ങനെ മനോഹരമാക്കി ചിത്രീകരിക്കാന്‍ കഴിയുമെന്നുള്ളതിന് ഇതൊരു നല്ല ഉദാഹരണമാണ്. ഇടയ്‌ക്കിടെ മിന്നിമറയുന്ന കവിമൊഴികളും, നാടന്‍ശൈലികളും, നസ്രാണി വായ്‌ത്താരികളും, ഫലിതധ്വനികളും വായനക്കാരെ ഹരം പിടിപ്പിക്കുന്നു. ഉല്ലാസയാത്രപോലെ രസകരമായ ഇതിന്റെ വായന നമ്മെക്കൊണ്ടെത്തിക്കുന്നതു നൂതനമായ അറിവിന്റെ പറുദീസയിലാണ്.
ഭൂതകാലത്തിന്റെ തെറ്റുകള്‍ തിരുത്താനും ഭാവിയില്‍ കരുതലോടെ ചുവടുകള്‍ വയ്‌ക്കാനും ആ അറിവു വായനക്കാരെ സഹായിക്കുന്നു. ജീവിതത്തിന്റെ വസന്താരംഭത്തിലെങ്ങാനും ഇത്തരമൊരു ഗ്രന്ഥം കരഗതമായിരുന്നെങ്കില്‍ എന്നോര്‍ത്തു നെടുവീര്‍പ്പിടുവാനും എന്നെപ്പോലുള്ളവര്‍ക്ക് ഈ പുതിയ അറിവുകള്‍ ഇടവരുത്തുന്നു!
നിത്യനൂതനമായ ആനന്ദത്തിന്റെയും നിരര്‍ഗളമായ ദൈവാനുഗ്രഹങ്ങളുടെയും ഉറവയായിത്തീരേണ്ട ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്നതിനുമുമ്പ് എന്തൊക്കെ മുന്‍കരുതലുകളും ഒരുക്കങ്ങളും ആവശ്യമാണെന്നു ഗ്രന്ഥകാരന്‍ അക്കമിട്ടു പറഞ്ഞുതരുന്നു. ഒരു മാസത്തെ അവധിക്കു ഗള്‍ഫില്‍ നിന്നു പറന്നെത്തി പത്രപ്പരസ്യം വഴിയോ ദല്ലാള്‍ വഴിയോ ഒരു `കേസ്സു' കണ്ടുപിടിച്ച്, ഒരു കപ്പു ചായപ്പുറത്തു സംസാരിച്ച്, എന്തു കിട്ടും, എന്തുകൊടുക്കും എന്നു മാത്രം ഉറപ്പുവരുത്തി നടത്തുന്ന ഇന്നത്തെ ബിസിനസ്സു കല്യാണങ്ങളുടെ അപകടങ്ങള്‍ നാമിവിടെ കണ്ടറിയുന്നു.
ഒരു കറവപ്പശുവിനെ വാങ്ങുമ്പോള്‍പോലും ഇതില്‍കവിഞ്ഞ അന്വേഷണങ്ങള്‍ നാം നടത്താറുണ്ടല്ലൊ. തൊലിപ്പുറം കണ്ടു കണ്ണഞ്ചിയുറപ്പിക്കുന്ന പ്രഥമദൃഷ്‌ടി പ്രണയവിവാഹങ്ങള്‍ക്കും ഇതേ അപകടങ്ങളൊക്കെയുണ്ട്. രൂപസൗന്ദര്യത്തിനും `രൂപാസൗന്ദര്യ'ത്തിനുമപ്പുറത്തുള്ള സ്വഭാവസൗന്ദര്യത്തിന്റെ ആഴങ്ങളിലേക്കു യുവാക്കളുടെ ശ്രദ്ധ സമര്‍ത്ഥമായാകര്‍ഷിക്കാന്‍ ഗ്രന്ഥകാരനു കഴിയുന്നുണ്ട്. വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം ഇവയിലുള്ള പൊരുത്തം എത്രമാത്രം പ്രധാനമാണെന്നും അവിടെ നാം മനസ്സിലാക്കുന്നു.
കുടുംബത്തിന്റെ അടിത്തറയുറപ്പിക്കുന്നതു ദാമ്പത്യഭദ്രതയിലാണെന്നു യുക്തിവാദം ചെയ്‌തു ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ദാമ്പത്യഭദ്രതയ്‌ക്കു വെളിച്ചം കാട്ടുന്ന ഇത്തരം ഗ്രന്ഥങ്ങളുടെ പ്രാധാന്യം ഇവിടെ വ്യക്തമാകുന്നു. അതിനാല്‍ പുതുദാമ്പത്യത്തിന്റെ പുഷ്‌പമണ്ഡപത്തില്‍ പദമൂന്നുന്ന യുവമിഥുനങ്ങള്‍ക്ക് ഒരു വിവാഹസമ്മാനമായി ഈ ഗ്രന്ഥം ശുപാര്‍ശ ചെയ്യുന്നു.
https://www.facebook.com/Malayalivartha