അതി സൂക്ഷമമായ കോശത്തില്‍ നിന്ന് കുട്ടിയിലേക്കുളള വളര്‍ച്ച
അമ്മയാകുന്നതിലൂടെയാണ് സ്ത്രീജന്മം പൂര്‍ണമാകുന്നത്. മാനസികമായും ശാരീരികമായും സ്ത്രീക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. സമ്പൂര്‍ണ്ണ ഗര്‍ഭകാലം 280 ദിവസം അഥവാ 40 ആഴ്ചയാണ്. കുഞ്ഞിന്റെ വളര്‍ച്ചയും ഗര്‍ഭത്തിന്റെ നിര്‍ണായക സമയങ്ങളെയും വേര്‍തിരിച്ചു ഗര്‍ഭകാലത്തെ മൂന്നുഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യത്തെ 12 ആഴ്ച (മൂന്നുമാസം)യാണ് ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണു തിരിച്ചിരിക്കുന്നത്.
ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഒന്നാമത്തെ ഘട്ടത്തിലാണ്. അതിനാല്‍ ഈ സമയം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. ഗര്‍ഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം. ഈ സമയങ്ങളിലാണ് ഗര്‍ഭിണിയായി മാറിയതു മൂലമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, ക്ഷീണം, തലകറക്കം എന്നിവ സാധാരണയായി കണ്ടുവരുന്നത്. ഗര്‍ഭമായി ആദ്യത്തെ 30 ദിവസം പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ 31ാം ദിവസം മുതലുള്ള 60 ദിവസമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണിത്. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.
ഗര്‍ഭിണിയില്‍ രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലാണ് ശാരീരിക മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സ്തനങ്ങള്‍ വലുതായി തുടങ്ങും. 14-ാംമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലാകും. ഒപ്പം ഗര്‍ഭിണിയുടെ അടിവയര്‍ വീര്‍ത്ത് ഗര്‍ഭം പ്രകടമാകും. ഏതാണ്ട് 20 ആഴ്ച ആകുമ്പോഴേക്കും ഗര്‍ഭസ്ഥ ശിശുവിനു എല്ലാ അവയവങ്ങളും രൂപപ്പെട്ടു പൂര്‍ണശിശുവായി വളരാന്‍ തുടങ്ങും. ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ഹൃദയം, ശ്വാസകോശം തുടങ്ങി വിവിധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. രക്തത്തിന്റെ അളവു കൂടും. ഇതിന്റെയൊക്കെ ഫലമായി പോഷകങ്ങളും കൂടുതലായി വേണ്ടിവരും. അതുപഹരിക്കാന്‍ കൂടുതല്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവില്‍ ലഭ്യമാകാന്‍ അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഡോക്ടറിന്റെ നിര്‍ദേശാനുസരണം കഴിക്കണം.
https://www.facebook.com/Malayalivartha