ഭ്രമകല്‌പനയില്‍ ലൈംഗിക വൈകൃതങ്ങള്‍
ഇ-മെയില്‍ വഴിയും ഫോണ്‍വഴിയും സ്വന്തം നഗ്നചിത്രങ്ങളും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും പരസ്‌പരം കൈമാറുന്ന പൈതൃകത്തെയാണു സെക്‌സ്റ്റിംഗ് എന്ന വാക്കുകൊണ്ടര്‍ത്ഥമാക്കുന്നത്. പടിഞ്ഞാറന്‍ നാടുകളിലായിരുന്നു തുടക്കം. അമേരിക്കയില്‍ പക്ഷേ, ശക്തമായ വേരുകളോടെ പടര്‍ന്നു പന്തലിക്കുകയായിരുന്നു. പ്രശ്‌നം ഗുരുതരമായി കത്തിപ്പടര്‍ന്നതോടെ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഒരു പഠനം സംഘടിപ്പിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു.
``കൗമാരപ്രായക്കാരില്‍ നാലില്‍ ഒരാള്‍ തന്റെ നഗ്നചിത്രം ഇതിനോടകം കാമുകനോ കാമുകിയ്‌ക്കോ സൈബര്‍ മാര്‍ഗത്തില്‍ അയച്ചുകൊടുത്തിട്ടുണ്ട്. രണ്ടുപേര്‍ ഏതു സമയവും അയച്ചുകൊടുക്കാന്‍ തയ്യാറായി നില്‌ക്കുന്നു. നാലാംപ്രതി സമ്മര്‍ദ്ദം കാര്യമായുണ്ടായാലേ അയക്കൂ.''
അമേരിക്കയിലെ ഒമ്പതുവയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ നടത്തിയ പഠനത്തിന്റെ ഫലമാണിത്. ചുരുക്കത്തില്‍, 100 ശതമാനം കുമാരീകുമാരന്മാരും തങ്ങളുടെ നഗ്നചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുന്നവരായി മാറുന്നു! അതുപോലെതന്നെ, മുഴുവന്‍ ആളുകളും മറ്റുള്ളവരുടെ നഗ്നചിത്രങ്ങള്‍ വരുത്തി അവയില്‍ രമിക്കുന്നവരാകുന്നു. സാങ്കേതികശാസ്‌ത്രം പകരുന്ന അപകടകരമായ സെക്‌സ് വിസ്‌ഫോടനം! ആരാദ്യം ആവശ്യപ്പെടുമെന്നുള്ള സന്ദേഹമൊന്നും വേണ്ട. ഭൂരിപക്ഷം കേസുകളിലും ആണ്‍കുട്ടികളാണു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതും. തുടങ്ങിവച്ചാല്‍പിന്നെ, ഗതാഗതക്കുരുക്കുണ്ടാകില്ല! സെക്‌സ്റ്റിംഗ് വഴി അടുപ്പം സൃഷ്‌ടിക്കുന്നവരെല്ലാം തന്നെ സെക്‌സിലാണു കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ അത്രയൊന്നും ആശങ്കപ്പെടേണ്ടെന്നു സമാശ്വസിച്ചിരിക്കുമ്പോഴാണ് ഒരു വെള്ളിടിപോലെ ഇതേ റിപ്പോര്‍ട്ട് നമുക്കു നേരെയും മുന്നറിയിപ്പു നല്‌കുന്നത്. ``ഇന്ത്യയിലെ കൗമാരക്കാരിലും ഈ രോഗം ഭീകരമായി പടര്‍ന്നുപിടിക്കുന്നുണ്ട്. ജാഗ്രതൈ.''
അമേരിക്കന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം, ഡല്‍ഹിയിലെ മാക്‌സ് മാനസികാശുപത്രിയും ഈയിടെ ഒരു പഠനം സംഘടിപ്പിച്ചിരുന്നു. ഒരു സാമ്പിള്‍ സര്‍വേ. 948 കുമാരീകുമാരന്മാരെ പഠനത്തിനു വിധേയരാക്കി. 60 ശതമാനവും പെണ്‍കുട്ടികള്‍. 14നും 19നും മധ്യേ പ്രായമുള്ളവര്‍. ഇവരോടു മൂന്നു ചോദ്യങ്ങളാണു ഡോക്‌ടര്‍മാര്‍ ചോദിച്ചിരുന്നത്. ``നിങ്ങള്‍ നഗ്നചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചു കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ ആരോടെങ്കിലും നഗ്നചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങളോടാരെങ്കിലും ഇത്തരം ചിത്രങ്ങള്‍ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ?'' മറുപടി പേടിപ്പെടുത്തുന്നതുതന്നെ. 21 ശതമാനം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടു നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 42 ശതമാനം ആണ്‍കുട്ടികളും ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും ചിത്രങ്ങള്‍ കാര്യമായി ലഭിക്കുന്നുമുണ്ട്. പക്ഷേ, ലൈംഗിക സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സെക്‌സ്റ്റിംഗില്‍ മുങ്ങിക്കുളിച്ചു നില്‌ക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതൊരു ലഹരിയായി മാറിയതിനാല്‍ പിന്മാറാന്‍ കഴിയുന്നില്ല. പിന്മാറണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടുതാനും.
ഡല്‍ഹിയില്‍ നടത്തിയ പഠനം വഴി തെളിഞ്ഞ അശുഭകരമായ ലൈംഗീക വൈകൃതങ്ങള്‍ ഏതാണ്ടതേ ക്രമത്തില്‍ രാജ്യത്താകമാനം പടര്‍ന്നിട്ടുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്.
കേരളത്തിലേക്കു വന്നാല്‍, വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന്റെ പ്രധാനവില്ലന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടങ്ങുന്ന ആശയവിനിമയ മാര്‍ഗങ്ങളാണെന്നു മറ്റൊരു പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. വെറും സൗഹൃദത്തിനുവേണ്ടി ആരംഭിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ബന്ധങ്ങള്‍ അവസാനിക്കുന്നതാകട്ടെ കടുത്ത ബന്ധനങ്ങളിലും. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അങ്ങനെ വര്‍ധിക്കുന്നു. കേരളത്തില്‍ ഫോണ്‍ രതിയാണു ഭീകരനൃത്തം വയ്‌ക്കുന്നത്. ഫോണിലൂടെ നടക്കുന്ന ലൈംഗീകവേഴ്‌ച ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. പ്രായത്തിന്റെ വിഹ്വലത. പരാജയബോധം. ഭാര്യാഭര്‍തൃബന്ധത്തിലെ താളപ്പിഴ. വീട്ടിലെ അരക്ഷിതാവസ്ഥ. അസ്വാതന്ത്ര്യത്തിന്റെ വ്യാകുലതകള്‍. സ്‌നേഹം പങ്കുവയ്‌ക്കാനുള്ള തത്രപ്പാടുകള്‍. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെ അവഗണനകള്‍. സാര്‍വത്രികമായുള്ള അരുതുകള്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍. ഇത്തരം വൈകൃതങ്ങളിലേക്കു വെറും കൗതുകത്തിനുവേണ്ടി വഴുതി വീഴുന്നവര്‍ ശ്രദ്ധിക്കുക- വീണാല്‍പിന്നെ വീണതുതന്നെ!
വെറും ഭ്രമകല്‌പനയില്‍ തുടങ്ങുന്നതാണു ഫോണ്‍ സൈബര്‍ ബന്ധങ്ങള്‍. തീവ്രമാകുമ്പോള്‍ പലപ്പോഴും ബന്ധങ്ങളില്‍ ദിശമാറ്റം സംഭവിക്കുന്നു. ശബ്‌ദലഹരിയിലും ചിത്രലഹരിയിലും മാത്രം ഒതുക്കുവാന്‍ ഇത്തരം ബന്ധങ്ങള്‍ക്കു ക്രമേണ കഴിയണമെന്നില്ല. ഫലത്തില്‍, ശാരീരിക ബന്ധങ്ങളിലേക്കതു വാതില്‍ തുറക്കുന്നു. അങ്ങനെ ബന്ധനസ്ഥരാകുന്നവര്‍ക്കു പിന്നെ മോചനമില്ല. സ്വയംബോധമില്ല. മത്തുപിടിക്കുന്ന മനസ്സുകളില്‍ വരും വരായ്‌കളെപ്പറ്റി ചിന്തയില്ല. ജീവിതം തന്നെ ഭാരമായി മാറുമ്പോള്‍, ജീവത്യാഗം തന്നെ മറുമരുന്നായി ഉപയോഗിക്കുന്നു. ആത്മഹത്യ മാത്രമല്ല കൊലപാതകങ്ങളും ഇത്തരം ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്നുണ്ടെന്നതും മറക്കേണ്ട.
https://www.facebook.com/Malayalivartha