കുഞ്ഞുങ്ങള്‍ കടിച്ചാല്‍ ടെറ്റനസ് ടോക്സൈഡ് എടുക്കണോ?
മൃഗങ്ങള്‍ കടിച്ചാല്‍ അണുബാധയും രോഗങ്ങളും വരുമെന്ന് നമുക്കറിയാം. അപ്പോള്‍ കുട്ടികള്‍ കടിച്ചാലോ? കുട്ടികള്‍ ചിലപ്പോഴൊക്കെ മോണകൊണ്ടും പിന്നെ പല്ലു കൊണ്ടും കൊഞ്ചിക്കടിക്കാറുണ്ട്. അത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്. എന്നാല്‍ ദേഷ്യത്തെത്തുടര്‍ന്ന് പ്രകോപിതരായി കുട്ടികള്‍ കടിക്കുമ്പോള്‍ അത് ചര്‍മത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുന്നു. അത്തരം മുറിവുകള്‍ പങ്ചര്‍ വൂണ്ട് എന്നാണ് അറിയപ്പെടുന്നത്.
അതായത് ചര്‍മത്തിലേക്കു കുത്തിക്കയറുന്ന, രക്തം വരുന്ന മുറിവ്. ഇത്തരം മുറിവുകളിലൂടെ ചര്‍മോപരിതലത്തിലെ അഴുക്കും വായ്ക്കുള്ളിലെ അണുക്കളും ഉള്ളില്‍ എത്തും. ഉപരിതലത്തിലെ ചെറിയ പോറല്‍ പോലുള്ള മുറിവുകള്‍ സോപ്പും വെള്ളവും കൊണ്ട് നമുക്ക് വൃത്തിയാക്കാം. എന്നാല്‍ പങ്ചര്‍ മുറിവുകള്‍ അങ്ങനെ വൃത്തിയാക്കാനാകില്ല.
കുട്ടികളുടെ കടിയേറ്റാല്‍ വിഷമുണ്ടെന്നു പഴമക്കാര്‍ പറയുന്നതില്‍ അടിസ്ഥാനമില്ല. ജൈവപരമോ രാസപരമോ ആയ വിഷാംശങ്ങള്‍ കുട്ടികള്‍ കടിക്കുമ്പോഴുണ്ടാകുന്നില്ല. എന്നാല്‍ കുട്ടികളുടെ വായില്‍ രോഗകാരികളായ ബാക്ടീരിയകള്‍ ഉണ്ട്. ടെറ്റനസ് അണുക്കളുമുണ്ട്. അത് കടിയിലൂടെ ഉള്ളിലെത്തും. കടിയെത്തുടര്‍ന്നുള്ള മുറിവില്‍ നീരും പഴുപ്പും വരാം. അതിനാല്‍ കുട്ടി കടിച്ച് രക്തം വരത്തക്കവിധം ആഴത്തില്‍ മുറിവേറ്റവര്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ടെറ്റനസ് ടോക്‌സോയ്ഡ് കുത്തിവയ്പ് എടുക്കണം. എന്നാല്‍ ആറുമാസത്തിനുള്ളില്‍ ടിടി എടുത്തിട്ടുള്ളവര്‍ക്കു പ്രശ്‌നമില്ല.
കുട്ടികള്‍ തമ്മില്‍ വഴക്കായി കടിയേറ്റു മുറിവുണ്ടായാല്‍ കുട്ടികള്‍ക്കും ടിടി എടുക്കണം. മുതിര്‍ന്ന മനുഷ്യര്‍ ശക്തിയായി കടിച്ചു മുറി വേല്‍പ്പിച്ചാലും ടിടി എടുക്കേണ്ടതാണ്. നേരിയ മുറിവാണെങ്കില്‍ സോപ്പും വെള്ളവും കൊണ്ട് കഴുകി ആന്റിസെപ്റ്റിക് സൊല്യൂഷനോ ഓയിന്റ്‌മെന്റോ പുരട്ടാം.
https://www.facebook.com/Malayalivartha