നിങ്ങൾക്കൊരു കൊലയാളി ആകണോ ? വേണ്ടെങ്കിൽ ഈ നിയമങ്ങൾ കർശനമായി പാലിക്കൂ
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു നടന്ന അപകട മരണം എല്ലാവരെയും ഞെട്ടിച്ചു. അൽപ്പമൊന്നു ശ്രദ്ധിച്ചിരുന്നുവെങ്കിൽ പല അപകടങ്ങളെയും നമ്മുക്ക് മറി കടക്കാവുന്നതാണ്. നമ്മുടെ അശ്രദ്ധകളാണ് പല അപകടങ്ങളിലേക്കും നയിക്കപ്പെടുന്നത്. മുന്നേറണം എന്ന ചിന്ത നല്ലതാണ് . എല്ലായിടത്തും നാം മുന്നിലെത്താൻ പരിശ്രമിക്കുക തന്നെ വേണം. പക്ഷേ വാഹനവുമായി റോഡിലിറങ്ങുമ്പോൾ ഈ ചിന്ത മാറ്റി വച്ചേക്കൂ. അനാവശ്യമായ ഓവർ ടേക്കുകളും അമിത വേഗതയും അപകടങ്ങൾക്കു വഴിയൊരുക്കും. റോഡ് നിയമങ്ങൾ നമ്മുടെ സുരക്ഷക്ക് വേണ്ടി മാത്രമല്ല നിർമ്മിച്ചിരിക്കുന്നത്. വാഹനവുമായി നിരത്തിൽ ഇറങ്ങുന്ന മറ്റു വ്യക്തികൾക്ക് കൂടി വേണ്ടിയാണെന്ന് ഓർമ്മിക്കുക. റോഡ് നിയമങ്ങൾ പാലിക്കപെടേണ്ടുന്നതിന് പകരം അത് കാറ്റിൽ പറത്തി വിടുന്നതിൽ യാതൊരു മടിയുമില്ലാത്തവരാണ് എല്ലാവരും. പല ആവശ്യങ്ങൾക്കായി നാം യാത്രകൾ നടത്തുന്നു. അതിനായി സ്വന്തം വാഹനത്തെയും മറ്റു വാഹനത്തെയും നാം ആശ്രയിക്കുന്നു. വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവരിൽ എത്ര പേർ റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ട്. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ട്രാഫിക് നിയമമെല്ലാം എനിക്ക് അറിയാം എന്ന ചിന്തയുള്ളവർ ഓർക്കുക. അറിഞ്ഞിട്ടു മാത്രം കാര്യമില്ല. അവ പാലിക്കപ്പെടേണ്ടുന്നത് കൂടിയാണ്. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. നിയമങ്ങൾ പാലിച്ചു മുന്നോട്ടു പോയാൽ ഉറപ്പായും അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. വാഹനവുമായി നിരത്തിൽ ഇറങ്ങുമ്പോൾ ഓർക്കുക മറ്റൊരാളുടെ ജീവൻ നിങ്ങളുടെ കൈയ്യുകളിലാണ്.
ട്രാഫിക് നിയമങ്ങൾ മറന്നു പോകുന്ന ഡ്രൈവർമാർ ദയവായി ഇത് ഒരിക്കൽ കൂടി ഓർക്കൂ. ഓർക്കുക മാത്രമല്ല ചെയ്യുന്നവരായും ഇരിക്കുക.
മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അനുവദിക്കണം.
ഒരേ ദിശയിലോടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്നുകണ്ടാൽ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
വളവ്, മൂല, കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോൾ മറികടക്കരുത്.
നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തിൽ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
വേഗം കുറക്കുക, നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ അടയാളം കാണിക്കണം.
വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽമാത്രമേ പെട്ടെന്ന് ബ്രേക്കിടാൻ പാടുള്ളൂ.
കയറ്റം കയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
വാഹനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
അനാവശ്യമായി ഹോണടിക്കരുത്.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക
https://www.facebook.com/Malayalivartha