ഭീതിയിൽ നിന്ന് നിസംഗതയിലേക്ക് വഴി മാറിയ കോവിഡ് കാലം ...ലോക മാനസികാരോഗ്യദിന സന്ദേശം പ്രാവർത്തികമാക്കുമ്പോൾ
കോവിഡ് വ്യാപന ഭീതിക്കൊപ്പം ആളുകളുടെ മാനസിക പിരിമുറുക്കവും വർധിച്ചിട്ടുണ്ട്.. അന്യസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും മടങ്ങിവരുന്നവർ ഉൾപ്പെടെയുള്ള മലയാളികൾ ഇന്ന് ആരോഗ്യ, സാമ്പത്തിക, മാനസിക സമ്മർദങ്ങളിലാണ്..
നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള ഒരു പകർച്ചവ്യാധി ഇപ്പോഴുള്ള തലമുറയുടെ ഓർമകളിൽ ഇല്ല. 1918 മുതൽ 20 വരെയുള്ള കാലത്തു വ്യാപിച്ച സ്പാനിഷ് ഫ്ലൂ നേരിട്ട ഒരു ലോകമല്ല ഇപ്പോൾ ഉള്ളത്.
ഒരു മഹാമാരിയോടുള്ള നമ്മുടെ സമീപനവും ഒരുപാടു മാറി. സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളും മാനസിക രോഗങ്ങൾക്കു ജനിതക സാധ്യതയുള്ളവരാണ്. വലിയ രീതിയിൽ മാനസികവും സാമൂഹികവുമായ സമ്മർദ്ദമുണ്ടാകുമ്പോൾ (psychological stress) പലപ്പോഴും മാനസിക രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം, ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധി, കൊറോണ പോലെയുള്ള മഹാമാരി ഒക്കെ വരുമ്പോൾ ആളുകളിൽ മാനസിക രോഗങ്ങൾ മറനീക്കി പുറത്തു വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
കഴിഞ്ഞ വർഷം പ്രളയത്തിന്റെ സമയത്തും മാനസിക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ കൊറോണ വ്യാപനത്തെത്തുടർന്നു മാനസിക പ്രശ്നങ്ങൾ കൂടുതൽ ആളുകളിൽ കണ്ടുവരുന്നതിനെപ്പറ്റി ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യം വരുന്നത്
കോവിഡ് രോഗികൾ ഒന്നിൽ കൂടുതൽ മാനസിക പ്രശ്നങ്ങളാണ് നേരിടുന്നതെന്നാണ് ആരോഗ്യ വിദഗ്‍ധർ പറയുന്നത് . ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു.
കോവിഡ് 19 മഹാമാരിയെ കുറിച്ചുള്ള പേടി, രോഗം സ്ഥിരീകരിച്ചാൽ അതിലേറെ പേടി. ആളുകൾ ഇപ്പോൾ കടന്നുപോകുന്നത് ഇത്തരം മാനസിക പ്രശ്നങ്ങളിലൂടെയാണ്. കോവിഡ് വരുന്നത് സ്ത്രീകളിലാണെങ്കിൽ കുറച്ചു കൂടി സങ്കീർണമാണെന്ന് ഡോക്ടർമാർ പറയുന്നു. കുടുംബത്തെ കുറിച്ചുള്ള ടെൻഷൻ, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക- നിരവധി പ്രശ്നങ്ങളിലൂടെയാണ് കോവിഡ് വാർഡുകളിലെ സ്ത്രീകൾ കടന്നു പോകുന്നത്.
പ്രമേഹം, കിഡ്നി രോഗം തുടങ്ങിയ രോഗങ്ങളുള്ളവരും കോവിഡ് ഭീതിയിൽ തന്നെ. ഇതിനകം 36,46,315 പേർക്ക് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നൽകി. ക്വാറന്‍റൈനും, ഐസൊലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് മാനസികാരോഗ്യ വിദഗ്‍ധർ പറയുന്നു
കോവിഡ് വ്യാപനത്തോടെ ഒരുപാട് കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാതെയായി, തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായി അവരുടെ ജീവിതം വളരെ പെട്ടെന്ന് നിന്നു പോകുന്ന ഒരു അവസ്ഥ വന്നു. സ്ഥിരവരുമാനം ഇല്ലാത്ത, ഗവൺമെന്റ് സെക്ടറിൽ ജോലി ഇല്ലാത്ത സാധാരണ ജനവിഭാഗത്തിന് ജീവിതം വളരെ പെട്ടെന്നു നിലച്ചു പോകുന്ന ഒരു അവസ്ഥ വന്നു. ഇനിയെന്ത് എന്നുള്ള ഒരു പ്രതിസന്ധി അവർക്കുണ്ടാകുന്നു, ഇത് വലിയൊരു സമ്മർദ്ദം ആണ് ആണ് സമൂഹത്തിൽ ഉണ്ടാക്കിയത്.
ദിവസവും ലഭിക്കുന്ന തുച്ഛമായ വരുമാനം കൂട്ടി വച്ചാണ് മനുഷ്യർ ജീവിക്കുന്നത്. ഇത് പെട്ടെന്നു നിന്നുപോകുമ്പോൾ മാനസിക സംഘർഷം ഉണ്ടാവുകയും മാനസിക രോഗം പുറത്തുവരികയും ചെയ്യുന്നു. ഒരിക്കൽ മാനസിക രോഗം പ്രകടമായി ചികിൽസിച്ചു ഭേദമായ ആളിന് രണ്ടാമത്തെ എപ്പിസോഡ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നാമത് ഒരു സാധ്യത മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല എന്ന് വിചാരിച്ചിരുന്ന ആളുകൾക്ക് വളരെ പെട്ടെന്ന് പുതിയ ഒരു എപ്പിസോഡ് വരുന്നു. ഇങ്ങനെയുള്ള മൂന്നു സാഹചര്യങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് പ്രധാനമായും ഉണ്ടായത്
കോവിഡ് വ്യാപനത്തോടൊപ്പം ആരോഗ്യ രംഗം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു ലഹരിപദാർഥങ്ങളുടെ ലഭ്യതക്കുറവുകൊണ്ടുണ്ടായ പ്രശ്നങ്ങൾ. കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ മദ്യശാലകൾ പൂട്ടിയപ്പോൾ ആദ്യ ആഴ്ച തന്നെ പിൻവാങ്ങൽ ലക്ഷണങ്ങളുമായി (withdrawal symptoms) കുറെയേറെ ആളുകൾ ആശുപത്രിയിലെത്തി ..
ക്വാറന്റീനിൽ ഇരിക്കുന്നവരും, അവരോടു അടുത്ത് ഇടപഴകുന്നവരും തൊട്ടടുത്ത വീട്ടിലെ ആളുകളുമൊക്കെ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷം ആണ് . പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ, വിദേശരാജ്യങ്ങളിൽ നിന്നു വന്നു ക്വാറന്റീനിൽ തുടരുന്നവർ, ഇവരൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഇവരിൽ പലർക്കും ഓൺലൈൻ കൗൺസിലിങ് പോലെയുള്ള കാര്യങ്ങൾ കൊടുക്കേണ്ടിവന്നതായി ഡോക്ടർമാർ പറയുന്നുണ്ട് .
ചിലർ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നതിന് കാരണം തന്നെ ഇതാണ്. നാട്ടിലെത്തി വീണ്ടും 14 ദിവസം മുതൽ 20 ദിവസം വരെ മുറി അടച്ച് ഇരിക്കേണ്ടി വരുന്നവർക്ക് വല്ലാത്തൊരു ട്രോമ ആണ് അനുഭവപ്പെട്ടത്. പുറത്തിറങ്ങാൻ കഴിയാത്ത ബുദ്ധിമുട്ടു മാത്രമല്ല ലഹരിവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആൾക്കാർക്ക് അത് ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ അസ്വസ്ഥതയും മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കിയതിന് തെളിവുകളുണ്ട് .
പക്ഷേ ഇതെല്ലാം വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ നമ്മുടെ ഹെൽത്ത് സിസ്റ്റത്തിൽ സാധിച്ചു എന്നുള്ളതാണ് കേരളത്തിന്റെ നേട്ടം. എല്ലാവര്ക്കും മാനസിക ആരോഗ്യം എന്ന ഈ വർഷത്തെ സന്ദേശം പ്രാവർത്തികമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം
https://www.facebook.com/Malayalivartha