വാക്‌സീന് പടിവാതില്‍ക്കല്‍; ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നൽകും ..വെല്ലുവിളിയാകുന്നത് ശീതീകരണ സംവിധാനം
അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ രാജ്യം തയാറെടുക്കുന്നു. ഇതിനായി 50-60 കോടി ഡോസ് വാക്‌സീന്‍ വേണ്ടി വരും . മൂന്നു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകർക്കും മുന്‍നിര കോവിഡ് പോരാളികൾക്കുമാണ് ആദ്യ പരിഗണന
ഉപയോഗത്തിനുള്ള ഒന്നിലധികം വാക്‌സീനുകള്‍ ലഭ്യമാകുന്നതോടെ 2021 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ വാക്‌സീന്‍ വിതരണം തുടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളിയാകാവുന്നത് വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം ആണ്
വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്.
100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടോ എന്നതാണ് ആശങ്കയുണര്‍ത്തുന്ന ചോദ്യം.
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സീന് സൂക്ഷിക്കാന്‍ -70 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് ആവശ്യമാണ്. ഇവ അഞ്ച് ദിവസത്തിനുള്ളില്‍ കുത്തിവയ്ക്കുകയും വേണം. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീനാവട്ടെ -18 ഡിഗ്രി തണുപ്പ് ആവശ്യമാണ്.
സാധാരണ ഫ്രിജിലെ 2 മുതല്‍ 8 ഡിഗ്രി വരെ സെല്‍ഷ്യസ് തണുപ്പില്‍ മൊഡേണയുടെ വാക്‌സീന്‍ സൂക്ഷിക്കാനാകും. പക്ഷേ, അത് ഒരു മാസത്തേക്ക് മാത്രമേ ഈ താപനിലയില്‍ സൂക്ഷിക്കാനാകൂ. ദീര്‍ഘകാലം സൂക്ഷിക്കാന്‍ അതിലും കുറഞ്ഞ താപനില ആവശ്യമാണ്. ഇവ മൂന്നും 90 ശതമാനത്തിന് മുകളില്‍ ഫലപ്രാപ്തി തെളിയിച്ച വാക്‌സീനുകളാണ്
പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള വിവിധ വിഭാഗങ്ങളുടെ മുന്‍ഗണനാക്രമം കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സമിതി തയാറാക്കിയിരുന്നു. ഇതനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര കോവിഡ് പോരാളികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍, ക്രോണിക് രോഗങ്ങളുള്ള 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിങ്ങനെ നീളുന്നു വാക്‌സീന്‍ മുന്‍ഗണനാ ക്രമം.
കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നതിനുള്ള ശീതീകരണ ശൃംഖലയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. 100 കോടി ജനങ്ങള്‍ക്ക് കോവിഡ് കുത്തിവയ്പ്പ് നല്‍കാന്‍ ഇത് മതിയാകില്ല .
നിലവില്‍ കോള്‍ഡ് ചെയിന്‍ സാങ്കേതിക വിദ്യയില്‍ നടത്തുന്ന നിക്ഷേപത്തിന്റെ 5 മുതല്‍ 10 മടങ്ങ് വരെ നിക്ഷേപം രാജ്യം നടത്തേണ്ടതുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ വാക്‌സീന്‍ വില്‍ക്കാനൊരുങ്ങുന്ന കമ്പനികളും അവ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ കുറിച്ച് സംശയമുയര്‍ത്തുന്നുണ്ട്
വാക്‌സീന്‍ വിപരീത ഫലങ്ങള്‍ നിരീക്ഷിക്കുന്ന സംസ്ഥാന, ജില്ലാ തല സമിതികളില്‍ കൂടുതല്‍ ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വാക്‌സീന്‍ വിതരണത്തിന്റെ രൂപരേഖ തയാറാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചു. ശീതീകരണ സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലായി വികസിപ്പിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം വാക്‌സീന്റെ വിലയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ തുടങ്ങിയ വാക്‌സീനുകളാണ് ഇന്ത്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പരിഗണിക്കുന്നത്
https://www.facebook.com/Malayalivartha