സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു...മറക്കരുതാത്ത ഒന്നുണ്ട് ...കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു... ഈ കാര്യങ്ങൾ ശ്രദ്ധിച്ച് വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ അപകടം
പത്ത്, പന്ത്രണ്ട് ക്ളാസുകളും കോളേജുകളും നീണ്ട അവധിക്ക് ശേഷം വീണ്ടും പുനരാരംഭിച്ചത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ കുഴപ്പമായേക്കാവുന്ന സാഹചര്യമാണുള്ളത്. മുഴുവന്‍ സമയവും അധ്യാപകരും കുട്ടികളും മാസ്‌ക് ഉപയോഗിക്കണം.
വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയാൽ കൊവിഡ് എന്നല്ല ഏതു പകർച്ചവ്യാധിയെയും നമുക്ക് നിയന്ത്രിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലാണിത്.
സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ കൊവിഡ് വന്നവരും വരാത്തവരും വന്നിട്ട് അറിയാത്തവരുമെല്ലാം ഒരുമിച്ച് സഹകരിക്കേണ്ടി വരുന്നുണ്ടെന്ന കാര്യം മറക്കരുത്. നല്ലൊരു എൻ 95 മാസ്ക് വച്ച് ഒന്നര മീറ്റർ അകലമെങ്കിലും പാലിക്കാൻ കുട്ടികൾ ശ്രദ്ധിച്ചേ മതിയാകൂ. മാസ്കിന്റെ ഗുണം കുറയുന്നതിനനുസരിച്ച് തമ്മിലുള്ള അകലം ഇനിയും വർദ്ധിപ്പിക്കേണ്ടിവരും.
പക്ഷെ കുട്ടികളുടെ കാര്യത്തിൽ ഇത് എത്രത്തോളം പ്രയോഗികമാകും എന്നത് സംശയമാണ്. മാസങ്ങളായി കാണാത്ത കൂട്ടുകാരെ കാണുമ്പോൾ അകലം മറക്കുന്ന കുട്ടിത്തം പ്രശ്നമാകാതിരിക്കാൻ അധ്യാപകർ മുൻകൈ എടുത്തേ മതിയാകൂ
വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമൊക്കെയുള്ള മാസ്ക് ഉപയോഗിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ കൃത്യമായ ശാരീരിക അകലം കുട്ടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം . ഒരാളുടെ വാട്ടർബോട്ടിൽ മറ്റൊരാൾ ഉപയോഗിക്കുന്നതും ഒരാൾ ഭക്ഷണം കൊണ്ടുവന്ന പാത്രത്തിൽ നിന്ന് മറ്റൊരാൾ എടുത്തു കഴിക്കുന്നതും അനുവദിക്കരുത്
സ്കൂളുകളിൽ വെള്ളം കുടിക്കുന്നതിനായി ഒരേ ഗ്ലാസ് ഉപയോഗിക്കരുത് . ഇത്തരം സന്ദർഭങ്ങളിൽ ഡിസ്പോസിബിൾ ഗ്ലാസ്സുകൾ ഉപയോഗിക്കുകയോ കുട്ടികൾ സ്വന്തമായി ഗ്ലാസ് കൊണ്ടുവരികയോ ചെയ്യണം
വാട്ടർ ടാപ്പ്, ടോയ്‌ലെറ്റ് ടാപ്പ്, ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്ന ബട്ടൺ, ഡോർ ഹാൻഡിൽ എന്നിവയെല്ലാം കൊവിഡ് പോസിറ്റീവായ ഒരാളാണ് ഇതിന് മുമ്പ് ഉപയോഗിച്ചതെന്ന് കരുതി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യായ്യാൻ കുട്ടികളെ ബോധവാന്മാർ ആക്കണം
സ്കൂളിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വന്തമായി വാഹനം ഉള്ളവർ അത് ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലാസിൽ കുറച്ചുദിവസത്തേക്കെങ്കിലും ഇരിപ്പിടങ്ങളിൽ മാറിയിരിക്കരുത്.
അദ്ധ്യാപകർക്കോ കൂട്ടുകാർക്കോ ശരിയായി കേൾക്കാൻ സാധിക്കിക്കുന്നില്ലെന്ന് കരുതി മാസ്ക് മാറ്റി സംസാരിക്കാൻ ശ്രമിക്കരുത്. മാസ്ക് മാറ്റി തുമ്മുകയും ചീറ്റുകയും ചെയ്യരുത്. അൽപമെങ്കിലും അനാരോഗ്യം തോന്നിയാൽ സിക്ക് റൂമിലേക്ക് മാറുകയും എത്രയും വേഗം സുരക്ഷിതമായി വീട്ടിലേക്കോ ആവശ്യമെങ്കിൽ ആശുപത്രിയിലേക്കോ പോകാൻ ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha