പ്രിയ നഴ്‌സുമാരേ നിങ്ങളോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു...കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുമ്പോൾ 2021 ലെ നഴ്‌സസ് ദിനത്തിന് വാര്‍ത്താ പ്രാധാന്യമേറേ ...
ഇന്ന് നഴ്‌സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുമ്പോൾ 2021 ലെ നഴ്‌സസ് ദിനത്തിന് വാര്‍ത്താ പ്രാധാന്യമേറുന്നു.. .
നഴ്സുമാരുടെ സേവനങ്ങളെ ഓർമിക്കുന്നതിനായി ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്
വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങി വരികയായിരുന്നു.. . അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല ..ക്രിമിയന്‍ യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെ വളരെ പരിമിതമായ സൗകര്യങ്ങളില്‍ പോലും ശാസ്ത്രീയമായ അടിത്തറയോടെ ശുശ്രൂഷിച്ചതോടെ ആ സേവനം ചരിത്രത്തിൽ ഇടം പിടിച്ചു..
ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിനോടനുബന്ധിച്ച് മിസ് നൈറ്റിംഗേല്‍ സഥാപിച്ച നഴ്‌സിങ്ങ് സ്‌കൂളാണ് ലോകത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നഴ്‌സിങ്ങ് വിദ്യാഭ്യാസ സ്ഥാപനം
ഒരു പക്ഷേ നഴ്‌സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ആയിരിക്കും ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളികൾ നേരിടുന്നത് . എന്നാൽ കേവലം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുക്കേണ്ടതാണോ നഴ്സുമാരോടുള്ള കടപ്പാട് ?
ആതുരസേവന രംഗത്തെ കാവല്‍മാലാഖമാര്‍ എന്നൊക്കെ നഴ്‌സുമാര്‍ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഈയടുത്ത കാലം വരെയും നഴ്‌സുമാരെയോ നഴ്‌സിംഗ് ജോലിയുടെ മഹത്വത്തെയോ മനസ്സിലാക്കിയിട്ടുള്ളവര്‍ യഥാര്‍ഥത്തില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.
നഴ്സിങ്ങിനു ചേരുന്നു എന്ന് ഒരു കുട്ടി ആവശ്യപ്പെട്ടാൽ ‘അത് വേണോ’ എന്നു ചോദിക്കുന്ന ബന്ധുക്കളും കുടുംബക്കാരും ആയിരുന്നു നമുക്ക് ചുറ്റും ഉണ്ടായിരുന്നത് , എന്നാൽ നൂറ്റാണ്ടിന്റെ മഹാമാരി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കോവിഡ്-19 എന്ന വൈറസ് അണുബാധ ചൈനയിൽ നിന്ന് ഒരു ഉമിത്തീപോലെ നീറിപ്പടര്‍ന്ന് ഒരു കാട്ടുതീ ആയി ലോകം മുഴുവൻ ആളിപ്പടർന്നപ്പോൾ സ്വന്തക്കാര്‍ പോലും ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേര്‍ത്തുപിടിക്കുന്ന നഴ്‌സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിന്റെ നൈര്‍മല്യവും എന്താണെന്നും ശരിക്കറിയാൻ കഴിയുന്നത്
2021 ലെ നഴ്‌സസ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം (Theme or slogan) 'Nurses - A voice to lead - A vision for future health care...എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്. അതോടൊപ്പം നഴ്‌സുമാരുടെ തൊഴില്‍രംഗത്തെ സമ്മര്‍ദ്ദങ്ങളും അന്താരാഷ്ട്രതലത്തില്‍ നഴ്‌സുമാരുടെ ക്ഷാമവും ചര്‍ച്ചാവിഷയമായി വരുന്നുണ്ട്.......
ഇന്റർനാഷണൽ നഴ്സിങ് കൗൺസിലിന്റെ കണക്കു പ്രകാരം ലോകത്താകെ 20 മില്യൻ നഴ്സുമാർ ജോലി ചെയുന്നുണ്ട് .പകച്ചു നിന്നു പോയ ഒരു ജനസമൂഹത്തെ, മുന്നോട്ട് നയിക്കാൻ സഹായിക്കുന്നത്, സ്വന്തം കുടുംബത്തെയും അവരുടെ വേദനകളെയും മറന്നു, അഹോരാത്രം പണിയെടുക്കുന്ന നഴ്സുമാരുടെ അർപ്പണ ബോധമാണ്.
അപര്യാപ്തകൾ കൊണ്ട് നിറഞ്ഞ സർക്കാർ - സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നഴ്‌സുമാരുടെ വിശ്രമമില്ലാത്ത സേവനം ഒന്ന് കൊണ്ട് മാത്രമാണ് ലോകം വീണ്ടും നടന്നു തുടങ്ങാൻ കാരണമായത്
മാനവരാശിക്ക് പ്രത്യാശയുടെ പുതുവെളിച്ചം കാണിച്ചു കൊണ്ട് ഈ മഹാമാരിയുടെ നാളുകളിൽ സ്വാന്തനത്തിന്റെ നിലവിളക്കുമായി മുന്നേ നടക്കുന്ന ലോകത്തിലെ മുഴുവൻ നഴ്സുമാർക്കും ഈ ദിനത്തിൽ ആശംസകൾ... . കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്ന പ്രിയ നഴ്‌സുമാരേ നിങ്ങളോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങാതെ ഈ തൊഴില്‍മേഖല കൂടുതല്‍ മെച്ചപ്പെടുത്താനും ആതുര ശുശ്രൂഷാരംഗത്തെ നെടുംതൂണുകളായ നഴ്‌സുമാരുടെ കരങ്ങള്‍ക്ക് ശക്തിയും താങ്ങും നല്‍കുവാനും സര്‍ക്കാരും ആരോഗ്യ സേവനരംഗം കൈയാളുന്നവരും ശ്രദ്ധിക്കണം
എങ്കിൽ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സുമാരായ മലയാളി നഴ്‌സുമാരെ നമുക്ക് നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താൻ കഴിയൂ ..അവരുടെ സേവനം നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ലഭിക്കാനുള്ള അവസരം ഉണ്ടാകൂ
https://www.facebook.com/Malayalivartha