എന്തിന് ആത്മഹത്യ ചെയ്യണം!? പൊരുതി ജീവിക്കാം, ആത്മവിശ്വാസത്തോടെ..; ഇന്ന് ആത്മഹത്യ വിരുദ്ധ ദിനം, ആത്മഹത്യ തടയാന്‍ കൂടെനില്‍ക്കാം
ഇന്ന് നിരവധി പേരാണ് നിസ്സാര കാര്യങ്ങളില്‍ പാലും മനംനൊന്ത് ആത്മഹത്യ ചെയ്യുന്നത്. ദിനംപ്രതി ഇത്തരക്കാരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് നോക്കിക്കാണേണ്ടത്. ഓരോ മണിക്കൂറിലും ചുരുങ്ങിയത് ഒരാള്‍ വീതമെങ്കിലും ജീവനൊടുക്കുന്നുവെന്നാണ് സംസ്ഥാനതല കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊതുവെ ആത്മഹത്യ പ്രവണത സ്ത്രീകളിലാണ് കൂടുതല്‍, എന്നാല്‍ മരണപ്പെടുന്നവരിലേറെയും പുരുഷന്മാരാണ്.
സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയിലധികമാണ് പലവര്‍ഷങ്ങളിലും പുരുഷന്മാരുടെ മരണസംഖ്യ. ഈ വര്‍ഷം ജൂണ്‍ വരെ മാത്രം സംസ്ഥാനത്ത് 3,885 പേര്‍ ആത്മഹത്യ ചെയ്തതില്‍ 3022 പേരും പുരുഷന്മാരാണ്. സത്രീകള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ അപകടം കുറഞ്ഞവയാണ് എന്നതാണ് രക്ഷപ്പെട്ട് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നത്. പരുഷന്മാരാണെങ്കില്‍ മിക്കവാറും അപകട സാധ്യത കൂടുതലുള്ള രീതികളാണ് മരണത്തിനായി തിരഞ്ഞെടുക്കുന്നത്.
കൗമാരക്കാരെയും ആത്മഹത്യയിലേയ്ക്ക് നയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. ഉയര്‍ന്ന മാര്‍ക്കും മികച്ച ജോലിയും ലഭിക്കാതിരിക്കല്‍, പ്രണയ നൈരാശ്യം, രക്ഷിതാക്കളുടെ വഴക്ക്, ഒറ്റപ്പെടല്‍ എന്നിവയെല്ലാമാണ് കൗമാരക്കാരിലെ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെയുള്ള സ്വഭാവ വ്യത്യാസങ്ങള്‍ മനസ്സിലാക്കി ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാനിടയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുണ്ടാക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്ര മാനസിക സംഘര്‍ഷത്തിലാവുമ്പോള്‍ ദുഃഖങ്ങളും വേദനകളും വിശ്വസിക്കാവുന്ന മറ്റൊരാളോട് പങ്കുവെക്കാനില്ലാത്തതാണ് പലപ്പോഴും കടുത്ത വിഷാദങ്ങളിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുന്നത് എന്നാണ് ജീവിതപ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് 'ഒരു ഓണ്‌ലൈന് മാധ്യമത്തോട് 'വെളിപ്പെടുത്തിയത്. സന്തോഷങ്ങള്‍ പങ്കുവെക്കുന്ന പോലെതന്നെ ദുഃഖങ്ങളും വീട്ടുകാരോടോ അതുമല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളോടോ പങ്കുവെച്ചാല്‍ ഒരുപരിധിവരെ വിഷാദത്തിലേക്കടക്കം ചെന്നുപെടുന്നത് ഒഴിവാക്കാനാവും എന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വീണ്ടും കൂടിവരികയാനെന്നാണ് പ്രശസ്ത മാനസിക രോഗ വിദഗ്ധനും ഐ.എം.എ മാനസികാരോഗ്യ സമിതി കണ്‍വീനറുമായ ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ പറഞ്ഞു. നേരത്തെ ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായ സംസ്ഥാനം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരുന്നു എന്നാലിപ്പോള്‍ നാലാം സ്ഥാനത്തെത്തി. കോവിഡ് പ്രതിസന്ധിക്കാലത്ത് യുവാക്കളിലും ബിസിനസുകാരിലും വിദ്യാര്‍ഥികളിലുമെല്ലാം ആത്മഹത്യ പ്രവണത കൂടി. സംസ്ഥാനം സമഗ്രമായ മാനസികാരോഗ്യ നയം രൂപപ്പെടുത്തണം. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ലോക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ മാനസിക സമ്മര്‍ദങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് ആത്മഹത്യയിലേക്ക് നീങ്ങുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് മേഖലയിലെ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തനവും വിപുലപ്പെടുത്തിയിട്ടുണ്ട്. ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സഹായത്തിനായി 'ദിശ'യുടെ 0471 2309250, 51, 52, 53, 54, 55 കോഴിക്കോട്ടെ ഇംഹാന്‍സിന്റെ 9496699220, ഇ-ഉന്നതി കൂട്ടായ്മയുടെ 9061751234, ആത്മഹത്യ പ്രതിരോധ കേന്ദ്രമായ തണലിന്റെ 0495 2760000 എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha