ഇനി മുതൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ ത്വക്ബാങ്ക്! കേരളത്തിൽ ഇതാദ്യം; പ്രവർത്തനം ആരംഭിക്കുന്നത് ആറുമാസത്തിനുള്ളിൽ
പൊള്ളലേറ്റവര്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും ചര്‍മം മാറ്റിവെക്കലിനുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളേജിലും. ഇതിനായി ഇവിടെ ത്വക് ബാങ്ക് ഉടൻ വരും. ആദ്യമായാണ് കേരളത്തിൽ ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അംഗീകാരത്തിനും ലൈസന്‍സ് അടക്കമുള്ള നടപടികള്‍ക്കും തുടക്കമായി.
ആറു മാസത്തിനുള്ളില്‍ പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റും പൊള്ളലേറ്റും എത്തുന്നവര്‍ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ചര്‍മം എടുത്ത് വെക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ ഭാഗത്ത് പരിക്കേറ്റാല്‍ ഇത് സാധിക്കില്ല.
ഇത് ചികിത്സയെ മോശമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ത്വക് ബാങ്ക് എന്ന സംവിധാനത്തിന്റെ പ്രസക്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗം ബ്ലോക്കിലാണ് ത്വക് ബാങ്ക് തുടങ്ങുന്നത്. സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍, ആര്‍.എം.ഒ. ആര്‍.പി.രഞ്ജിന്‍, അത്യാഹിതവിഭാഗം സൂപ്രണ്ട് ഡോ. രാജേഷ് പവിത്രന്‍ എന്നിവരാണ് ചുമതലക്കാര്‍.
മരിച്ചവരില്‍നിന്ന് കണ്ണിന്റെ കോര്‍ണിയ എടുക്കുന്നതുപോലെ ശരീരചര്‍മവും എടുക്കാം. ചര്‍മം ദീര്‍ഘകാലം സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. കോര്‍ണിയ പോലെ, എടുക്കുന്നവരുടെയോ സ്വീകരിക്കുന്നവരുടെയോ രക്തഗ്രൂപ്പ് പ്രശ്‌നമില്ല. ആര്‍ക്കും ആരുടേതും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha