അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കും: മന്ത്രി വീണാ ജോര്‍ജ് : 'വിവ' കേരളം സംസ്ഥാനതല കാമ്പയിന്‍ ഈ മാസം
അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവ കേരളം സംസ്ഥാനതല കാമ്പയിന്‍ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാര്‍ഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ യോഗം നടത്തിയാണ് വിളര്‍ച്ച പ്രതിരോധത്തിന് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് വിവ കേരളം കാമ്പയിന് ആരോഗ്യ വകുപ്പ് അന്തിമ രൂപം നല്‍കിയത്. 15 മുതല്‍ 59 വയസുവരെയുള്ള വനിതകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വിവിധ ജില്ലകളിലായി ജില്ലാതല പരിശീലനം നടത്തിവരുന്നു. അനീമിയ രോഗ നിര്‍ണയത്തിനുള്ള 12 ലക്ഷം കിറ്റുകള്‍ ലഭ്യമാണ്. ഇതിന് പുറമേ കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള അനിമീയ കാമ്പയിനും നടത്തുന്നതാണ്. ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ ഏകോപിപ്പിച്ച് കാമ്പയിനില്‍ പങ്കെടുക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഇതിനുപുറമേ അവബോധത്തിനായുള്ള മാസ് കാമ്പയിന്‍ ആരോഗ്യ വകുപ്പ് ആരംഭിക്കുന്നതാണ്. വനിത ശിശുവികസന വകുപ്പ്, ആയുഷ് വകുപ്പ്, മറ്റ് വിഭാഗങ്ങള്‍ എന്നിവയുടെ പിന്തുണയുമുണ്ടാകും. ലാബില്‍ പരിശോധന നടത്തി അനീമിയ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുക, അനീമിയ കണ്ടെത്തുന്നവരെ ചികിത്സിയ്ക്കുക, അനീമിയ ഉണ്ടാകാതിരിക്കാനായി ആഹാര ക്രമീകരണത്തിലുള്ള മാറ്റം, സമ്പുഷ്ട ആഹാരം കഴിക്കുക തുടങ്ങിയവയാണ് അവബോധത്തില്‍ പ്രധാനം. മാധ്യമങ്ങള്‍, സാമൂഹിക മാധ്യങ്ങള്‍ തുടങ്ങിയവയിലൂടെ വലിയൊരു കാമ്പയിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
വനിത ശിശുവികസന വകുപ്പ് സെക്രട്ടറി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആയുഷ് വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha