ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!
ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു, ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടാകുന്നു.. അതിനാൽ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ഉപഭോഗം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്..ആണ്‍-പെണ്‍ ശരീരം വ്യത്യസ്തമായതിനാല്‍, സ്ത്രീകളുടെ പോഷക ആവശ്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്...
നാം സ്ത്രീകൾ മറ്റുള്ളവർക്കുവേണ്ടി അർപ്പണബോധത്തോടെ കരുതുന്നതുപോലെ നമ്മുടെ ആരോഗ്യവും നന്നായി പരിപാലിക്കുന്നുണ്ടോ? ആരോഗ്യകരമായ സമീകൃതാഹാരം എല്ലാവർക്കും അത്യാവശ്യമാണ്. ജീവിതത്തിനിടയിൽ സ്ത്രീകളുടെ ശരീരം ഒന്നിലധികം ശാരീരിക പരിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ, നമ്മുടെ ശരീരത്തിൽ അപര്യാപ്തമായ നിരവധി പോഷകങ്ങളുണ്ട്. അതിനാൽ, ഇന്നും നാളെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാവിക്കായി എല്ലാ സ്ത്രീകളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകങ്ങളുണ്ട്.
ഇരുമ്പ് -
സ്ത്രീകള്‍ക്ക് ആവശ്യമായ പോഷകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഇരുമ്പ്. കഠിനമായ ആര്‍ത്തവവും ആര്‍ത്തവചക്രവും കാരണം സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തില്‍ നിന്ന് രക്തത്തിന്റെ രൂപത്തില്‍ ധാരാളം ഇരുമ്പ് നഷ്ടപ്പെടും. വളര്‍ച്ചയ്ക്കും ശരീര കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനും ചില ഹോര്‍മോണുകള്‍ സൃഷ്ടിക്കുന്നതിനും ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളായ നട്‌സ്, സീഫുഡ്, ബീന്‍സ്, പച്ചക്കറികള്‍ എന്നിവ കഴിക്കുക.
വിറ്റാമിന്‍ ബിയും ഫോളിക് ആസിഡും-
ശരീരത്തില്‍ പുതിയ കോശങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ വിറ്റാമിനാണ് ബി വിറ്റാമിന്‍. അതേസമയം, ഫോളിക് ആസിഡ് സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ന്യൂറല്‍ ട്യൂബ് രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ തലച്ചോറും സുഷുമ്‌നാ നാഡിയും വികസിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ പോഷകങ്ങള്‍ ലഭിക്കാനായി നിങ്ങള്‍ നട്‌സ്, ബീന്‍സ്, ചീര, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുക. പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ ധാരാളമായി വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ഡി-
അടുത്തിടെ നടന്ന ഒരു പഠനത്തില്‍, ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എല്ലുകളുടെ ബലത്തിനും പ്രതിരോധശേഷിക്കും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും കോശ വളര്‍ച്ചയ്ക്കും വിറ്റാമിന്‍ ഡി പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യപ്പെടുന്നതിനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി ലഭിക്കാനായി ദിവസവും അല്‍പം സൂര്യപ്രകാശം കൊണ്ടാല്‍ മാത്രം മതി. എന്നാല്‍ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് എല്ലായ്‌പ്പോഴും വെയില്‍ കൊള്ളുന്നത് സാധ്യമല്ല. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളായ മുട്ടയുടെ മഞ്ഞക്കരു, കൂണ്‍, ചീസ്, മത്സ്യം, പാല്‍ എന്നിവ കഴിക്കുക.
കാല്‍സ്യം-
അസ്ഥികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ശരീരത്തില്‍ അസ്ഥി ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന പ്രധാന പോഷകമാണ് കാല്‍സ്യം. നമ്മുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും ഇത് ആവശ്യമാണ്. ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളായ പാല്‍, ചീസ്, തൈര്, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, റാഗി എന്നിവ നിങ്ങള്‍ കഴിക്കുക.
മഗ്‌നീഷ്യം-
ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പേശികളും ഞരമ്പുകളും ശരിയായി പ്രവര്‍ത്തിക്കുന്നതിനുംം രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും മഗ്‌നീഷ്യം നിങ്ങളെ സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളില്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ നിങ്ങള്‍ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ നട്‌സ്, ചീര, ഓട്‌സ്, പാലുല്‍പ്പന്നങ്ങള്‍, മത്തങ്ങ വിത്തുകള്‍, അവോക്കാഡോ എന്നിവ കഴിക്കുക.
പ്രോട്ടീന്‍-
ശരീര പേശികളെ ശക്തമായി നിലനിര്‍ത്താന്‍ പ്രോട്ടീന്‍ സഹായിക്കുന്നു, പ്രായമാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ സന്തുലിതാവസ്ഥയും ചലനാത്മകതയും നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. അതിനാല്‍ ബീന്‍സ്, പയര്‍, പാല്‍, മുട്ട, മാംസം, ചീസ്, തൈര് തുടങ്ങിയ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുക.
അയോഡിന്‍-
അയോഡിന്റെ അഭാവം ഒരു സ്ത്രീയുടെ ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. വിഷാദം, അസാധാരണമായ ശരീരഭാരം, ഫെര്‍ട്ടിലിറ്റി കുറയല്‍, മുലയൂട്ടുന്ന അമ്മമാരില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അയോഡിന്റെ കുറവ് മൂലം സംഭവിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, അയോഡിന്‍ അടങ്ങിയ സ്‌ട്രോബെറി, ഓര്‍ഗാനിക് ചീസ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha