പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും
പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഡബ്ല്യൂ.എച്ച്.ഒ നൽകുന്നു. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ ഇതിനോടകം തന്നെ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങൾ കൂണുപ്പോലെ മുളച്ചുപൊന്തിയിട്ടുമുണ്ട്. പോരാത്തതിന് ഇപ്പോൾ എന്തിനും ഏതിനും ഓൺലൈനിൽ തിരയുന്ന പ്രവണത കൂടിയിട്ടുമുണ്ട്, ഓർഡർ ചെയ്‌താൽ വീട്ടിൽ സാധനം എത്തുമെന്നതിനാൽ ഓൺലൈൻ വിപണി സജീവമാണ് .
മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തെ കുറെക്കൂടി ഗൗരവമായി ഏവരും സമീപിക്കുന്നുണ്ട് എന്നത് വളരെ നല്ല സൂചനയാണ് . അതിനൊപ്പം പ്രമേഹം കുറയുമെന്നുകരുതി എന്തും പരീക്ഷിച്ചു നോക്കാനുള്ള രോഗിയുടെ മാനസികാവസ്ഥ തന്നെയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്
നോവോ നോർഡിസ്ക് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് വ്യാപകമായി വിപണിയിലെത്തുന്നത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മരുന്നുകളിലൊന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്. സെമാഗ്ലൂറ്റൈഡ് എന്ന മരുന്നാണ് ഇതിൻ്റെ പ്രധാന ഉൽപ്പന്നം , ഓസെംപിക്, റൈബെൽസസ് എന്നീ ബ്രാൻഡ് നാമങ്ങളിൽ പ്രമേഹത്തിനും വെഗോവി എന്ന ബ്രാൻഡിന് കീഴിൽ അമിതവണ്ണത്തിനും മരുന്നുകൾ ഈ ബ്രാന്ഡിന്റെതായി ഉണ്ട് .
എന്നാൽ ഇപ്പോൾ ഓൺലൈനിൽ ഈ മരുന്നുകളോട് വളരെ അധികം സാമ്യമുള്ള പേരുകളിൽ ഉള്ള വ്യാജ മരുന്നുകളാണ് അമിതവിലയ്ക്ക് നൽകുന്നത് . ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് മരണത്തിനുവരെ കരണമായേക്കാമെന്നാണ് ലോക ആരോഗ്യ സംഘാടന മുന്നറിയിപ്പ് നൽകുന്നത്
പ്രമേഹം, അമിത വണ്ണം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കുള്ള വലിയ ഡിമാന്റു തന്നെയാണ് ഇവയുടെ വ്യാജൻ വിപണിയിലെത്തിക്കുന്നതിന് പിന്നിലെന്ന് ആരോഗ്യസംഘടന പറയുന്നു. 2023 ഒക്ടോബറിൽ ബ്രസീലിലും യുകെയിലും 2023 ഡിസംബറിൽ യു.എസിലും സെമാഗ്ലൂറ്റൈഡിന്റെ മൂന്ന് വ്യാജ ബാച്ചുകളെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗികളുടെ ആരോഗ്യനില വഷളാക്കാനിടയാക്കും. വ്യാജ മരുന്നുകളിൽ അടങ്ങിയിട്ടുള്ള അപകടകരമായ ചേരുവകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവയിൽ രോഗം ശമിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഇത് പാർശ്വഫലമുണ്ടാക്കുന്നതിനൊപ്പം രോഗം മൂർച്ഛിക്കാനും ഇടയാക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.
ഈ മരുന്നുകളിൽ ചോക്ക്, അന്നജം, ചില വ്യാജമരുന്നുകൂട്ടുകളിൽ , മെർക്കുറി, ആർസെനിക്, എലിവിഷം, സിമൻ്റ് തുടങ്ങിയ ഹാനികരമായ ചേരുവകൾ വരെ അടങ്ങിയിട്ടുണ്ട് . ഇത് ശരിയായ ചികിത്സ വൈകിപ്പിക്കുന്നു എന്ന് മാത്രമല്ല ജീവൻ വരെ നഷ്ട്ടമായേക്കാവുന്ന അലർജി , അവയവങ്ങളുടെ കേടുപാടുകൾ, ആൻറിബയോട്ടിക് പ്രതിരോധം എന്നിവയ്ക്ക് കാരണമാകും , ഈ അവസ്ഥയിൽ ആയ രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതും ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടാകും
വാസ്തവത്തിൽ, പ്രമേഹം (ടൈപ്പ് 2) പൂർണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമല്ല എന്ന തിരിച്ചറിവാണ് ആദ്യം രോഗിയ്ക്ക് വേണ്ടത് . ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നിലൂടെയും കൃത്യമായ പരിശോധനയിലൂടെയുമെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാനാവും. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക, അതിനനുസൃതമായ രീതിയിൽ മരുന്ന് കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങി രോഗി അയാളുടെ ജീവിത ശീലങ്ങളെ ചിട്ടപ്പെടുത്തുന്നതോടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം.വാസ്തവം ഇതായിരിക്കെ എത്ര കടുത്ത പ്രമേഹവും ദിവങ്ങൾക്കുള്ളിൽ സുഖപ്പെടുത്തും എന്നരീതിയിലുള്ള പരസ്യത്തിൽ വഞ്ചിതരാകാതെ ഇരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്
അതുപോലെതന്നെയാണ് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളും . ഒരു മെഡിക്കൽ ശാഖയിലും വ്യായാമം , ഡയറ്റ് എന്നിവയിലൂടെ അല്ലാതെ വെറും മരുന്നുകൾ കൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകളില്ല എന്ന് പൊതുവെ എല്ലാവര്ക്കും അറിവും എങ്കിലും ഇത്തരം ചെപ്പടി വിദ്യകൾക്ക് പുറകെ പോകുന്നവർ തന്നെയാണ് വ്യാജ മരുന്ന് നിർമ്മാണക്കമ്പനികൾക്ക് വളം വെച്ചുകൊടുക്കുന്നത്
ഈ സാഹചര്യത്തിൽ ഓൺലൈനിലും മറ്റും മരുന്നുകൾ വാങ്ങുമ്പോൾ സൂക്ഷ്മമായ പരിശോധന നടത്തണമെന്നും സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha