പേടിസ്വപ്‌നങ്ങള്‍: നൈറ്റ്‌മെയറും നൈറ്റ് ടെററും
സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങള്‍ കാണാത്തവരായി ആരും തന്നെയില്ല. കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ നാമെല്ലാവരും എല്ലാദിവസവും സ്വപ്നം കാണാറുണ്ട്. എന്നാല്‍ കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്ത് വെക്കാനുള്ള കഴിവ് നമ്മളിലോരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നു മാത്രം.
പല തരത്തിലുള്ള സ്വപ്‌നങ്ങളുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഉറക്കം പൂര്‍ണമായും നഷ്ടപ്പെടുത്തും. ഇത്തരം ഭീതി ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് കാണാറുള്ളത്. എന്നാല്‍ മുതിര്‍ന്നിട്ടും ഭയാനകമായ പേടി സ്വപ്നങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയാത്തവരുണ്ടാകും. ഇത്തരം സ്വപ്നങ്ങള്‍ ദൈനംദിന ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നുണ്ടോ? നിങ്ങളെ വല്ലാത്ത മാനസിക സമ്മര്‍ദത്തില്‍ എത്തിക്കുന്നുണ്ടോ? എങ്കില്‍ പേടി സ്വപ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനായി മനഃശാസ്ത്ര ചികിത്സ തന്നെ വേണ്ടി വന്നേക്കാം.
പേടി സ്വപ്നങ്ങള്‍ പൊതുവേ രണ്ട് തരത്തിലാണുള്ളത്. ഭയാനകവും അസുഖകരവുമായ അനുഭവം ഉളവാക്കുന്ന ഭീതിജനകമായ പേടി സ്വപ്നങ്ങള്‍ എന്ന നൈറ്റ്‌മെയര്‍ ആണ് ഒന്നാമത്തേത്. നൈറ്റ് ടെറര്‍ എന്ന് വിളിക്കപ്പെടുന്ന പേടി സ്വപ്നങ്ങളാണ് രണ്ടാമത്തേത്.
അഭിമാനവും സംരക്ഷണവും അതിജീവനവുമൊക്കെയായി ബന്ധപ്പെട്ട നമ്മുടെ കഴിവുകള്‍ നഷ്ടപ്പെടുന്നതായോ, ഇത്തരം വിഷയങ്ങളില്‍ പരാജയം ഏറ്റുവാങ്ങുന്നതായോ ഒക്കെയാണ് ഇത്തരം സ്വപ്നങ്ങളുടെ അടിസ്ഥാന പ്രമേയം. അസുഖകരമായ ഇത്തരം സ്വപ്നങ്ങള്‍ മനസില്‍ ഭീതി സൃഷ്ടിക്കുകയും സ്വപ്നങ്ങള്‍ കണ്ട ഉടനെ തന്നെ വ്യക്തി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുകയും, ഭീതിയും, നിരാശയും ഉത്കണ്ഠയുമൊക്കെ ചേര്‍ന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. കണ്ട സ്വപ്നം സ്വപ്നാടകനില്‍ വല്ലാത്ത ഭീതിയായി കുറച്ചു നേരം നിലനില്‍ക്കുന്നത് മൂലം അത് പിന്നീടുള്ള ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
നമ്മളെ വല്ലാതെ പേടിപ്പെടുത്തുന്നതും സംഭ്രമം ജനിപ്പിക്കുന്നതുമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെറര്‍. ഒരു നിലവിളിയോട് കൂടിയായിരിക്കും നൈറ്റ് ടെററില്‍ നിന്ന് സ്വപ്നം കാണുന്ന വ്യക്തി ഞെട്ടി ഉണര്‍ന്നെഴുന്നേല്‍ക്കുക. ചുറ്റുപാടുമുള്ള വസ്തുക്കളും സ്ഥലങ്ങളും ആളുകളുമൊക്കെ ഒരല്‍പ സമയത്തേക്ക് യാഥാര്‍ത്ഥ്യമല്ലെന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യാം. നൈറ്റ്‌മെയറിനെക്കാള്‍ കൂടുതല്‍ ഭയാനകമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെററിന്റെ സമയത്തുണ്ടാകുക. നൈറ്റ് ടെററില്‍ അതിന്റെ തീക്ഷ്ണത അല്‍പം കൂടുതലാണെന്ന് മാത്രം. അമിതമായ ഭയം മൂലം വ്യക്തി ചിലപ്പോള്‍ അലറി വിളിച്ച് പുറത്തേക്ക് ഓടാനും സാധ്യതയുണ്ട്. നൈറ്റ് ടെറര്‍ സ്വപ്നങ്ങളെ നൈറ്റ്‌മെയര്‍ പോലെ കൃത്യമായി വിവരിക്കാന്‍ സ്വപ്നാടകനു കഴിയില്ല എന്നത് ഇത്തരം സ്വപ്നാനുഭവങ്ങളുടെ ഒരു പ്രത്യേകതയാണ്.
ഭയം എന്നത് പ്രധാന വികാരാനുഭവമായി നിലനില്‍ക്കേ തന്നെ അനിയന്ത്രിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, അമിതമായി വിയര്‍ക്കുക, വെപ്രാളം എന്നിവയൊക്കെ നൈറ്റ് മെയറിന്റെ ഭാഗായി ഉണ്ടാകാം. ഭയം ജനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇത്തരം സ്വപ്നങ്ങളില്‍ കടന്നു വരുമെങ്കിലും, മറ്റുള്ളവര്‍ പിന്‍തുടരുന്നതായുള്ള സ്വപ്നാനുഭവങ്ങളാണ് മുതിര്‍ന്നവരില്‍ കൂടുതലും ഉണ്ടാകുക. എന്നാല്‍ കുട്ടികളിലാകട്ടെ മൃഗങ്ങളോ, കഥയിലേയോ, ചിത്രങ്ങളിലേയോ കാര്‍ട്ടൂണുകളിലേയോ സാങ്കല്‍പിക കഥാപാത്രങ്ങളായിരിക്കുമെന്നു മാത്രം. 3 8 വയസ് വരെയുള്ള പ്രായത്തിലാണ് ഒട്ടുമിക്ക കുട്ടികളിലും നൈറ്റ്‌മെയര്‍ കൂടുതലായും കണ്ടു വരുന്നത്. മുതിര്‍ന്നവരില്‍ ഇത്തരം സ്വപ്നങ്ങള്‍ വളരെ കുറവാണെന്നു തന്നെ പറയാം. നൈറ്റ്‌മെയര്‍ അനുഭവപ്പെട്ടതിനു ശേഷം തങ്ങള്‍ക്കുണ്ടായ ഭീതിയുണര്‍ത്തുന്ന സ്വപ്നാനുഭവത്തെക്കുറിച്ച് വളരെ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. അതുപോലെ കണ്ട സ്വപ്നത്തെ അതേ ഭീതിയോടെ തന്നെ മറ്റുള്ളവരോട് കൃത്യമായി വിവരിച്ച് കൊടുക്കാനും സ്വപ്നാടകനു കഴിയും.
നാം കാണുന്ന സ്വപ്നങ്ങള്‍ എല്ലാം തന്നെ നമ്മുടെ ജീവിതാനുഭവങ്ങളുമൊക്കെയായി ബന്ധപ്പെട്ടായിരിക്കും . കുട്ടികളില്‍ ഉണ്ടാകുന്ന പേടി സ്വപ്നങ്ങള്‍ അവരുടെ സ്വാഭാവികമായ വൈകാരിക വികാസത്തിന്റെ ഭാഗമായി കണക്കാക്കാം. എന്നാല്‍ മുതിര്‍ന്നവരുടെ നൈറ്റ് റ്റെററിനു കാരണമായി പഠനങ്ങള്‍ പറയുന്നത് മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളാണ്. അപസ്മാരം, കാന്‍സര്‍, ചില മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, ശാരീരിക അസുഖങ്ങള്‍, മദ്യം എന്നിവയൊക്കെ പേടി സ്വപ്നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ സ്വപ്നാടകന് ഇല്ലെങ്കില്‍ മാനസികമായ ഘടകങ്ങളാണ് പേടിപ്പെടുത്തുന്നതും, സംഭ്രമം ജനിപ്പിക്കുന്നതിനും പിന്നില്‍ എന്ന് ഉറപ്പിക്കാം.
ഇത്തരം സ്വപ്നങ്ങള്‍ വിട്ടുമാറാതെ വളരെക്കാലം നീണ്ടുനില്‍ക്കുകയും അത് മാനസിക സമ്മര്‍ദത്തിന് കാരണമാകുകയും ചെയ്യുന്നെങ്കില്‍ ഇത്തരം സ്വപ്നങ്ങളെ മനഃശാസ്ത്രപരമായ ചികിത്സയിലൂടെ പരിഹരിക്കേണ്ടതുണ്ട്. പരിശീലനം ലഭിച്ചിട്ടുള്ള മനഃ ശാസ്ത്രജ്ഞന് ലൂസിഡ് ഡ്രീം തെറാപ്പി, ഇമേജറി റിഹേഴ്‌സല്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി, കൊഗ്‌നറ്റീവ് ബിഹേവിയര്‍ തെറാപ്പി തുടങ്ങി മനഃശാസ്ത്ര ചികിത്സയിലൂടെ പേടി സ്വപ്നങ്ങളെ പരിഹരിക്കാന്‍ കഴിയും. കൃത്യമായ ചികിത്സ നേടിയാല്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെ മറന്ന് സുന്ദര സ്വപ്നങ്ങള്‍ കണ്ട് സ്വസ്ഥമായ മനസോടെ നേരം പുലരും വരെ ഉറങ്ങാന്‍ കഴിയും.
https://www.facebook.com/Malayalivartha