ആരോഗ്യകരമായ മാനസികനില യുവാക്കള്‍ ആര്‍ജ്ജിക്കേണ്ടതെങ്ങനെ?
ചുറ്റുപാടിന്റെ സമ്മര്‍ദത്തെ ക്രിയാത്മകമായി അംഗീകരിക്കുവാനും ലക്ഷ്യം മനസില്‍ കണ്ട് പ്രവര്‍ത്തിക്കുവാനും വ്യക്തികള്‍ക്ക് കഴിഞ്ഞാല്‍ ഫലം വളരെ നല്ലതായിരിക്കും. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് അവരുടെ തകര്‍ച്ചയ്ക്ക് കാരണമാകും.
യുവത്വം എന്നത് കൗമാര അപക്വതയില്‍ നിന്ന് മാനസിക പക്വത എന്ന നിലയിലേക്കുള്ള വ്യക്തിയുടെ പരിണാമ കാലഘട്ടമാണ്. മിക്ക യുവതീയുവാക്കളും ഈ കാലഘട്ടത്തില്‍ സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നും മറ്റ് സാഹചര്യങ്ങളില്‍ നിന്നും അനുഭവിക്കുന്ന സമ്മര്‍ദങ്ങളെ ക്രിയാത്മകമായ മാനസിക പക്വതാ രൂപീകരണത്തിനുള്ള ഊര്‍ജ്ജമായി മാറ്റിയെടുക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിന് കഴിയാതെ വരുന്നുണ്ട്.
ചെയ്യേണ്ടവയേയും ചെയ്യരുതാത്തവയേയും എങ്ങനെ വേര്‍തിരിക്കണം എന്നതിന്റെ യുക്തി തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി ശരിയായി ആണോ ഉപയോഗിക്കുന്നത് എന്ന ചിന്ത യുവത്വത്തെ മാനസിക സമ്മര്‍ദത്തിലേക്ക് നയിക്കാം. ഈ സമ്മര്‍ദത്തെ യുവതീയുവാക്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നത് പ്രസക്തം തന്നെ. ഇത് അവരുടെ മാനസിക നിലയെ സ്വാധീനിക്കുകയും ചെയ്യും. ആരോഗ്യകരമായ മാനസിക നിലയുള്ള യുവത്വം താഴെപറയുന്ന കാര്യങ്ങളില്‍ വ്യക്തത പുലര്‍ത്തുന്നു.
നിയമങ്ങള്‍, സാമൂഹ്യ പെരുമാറ്റ ചട്ടങ്ങള്‍ എന്നിവയെ ബോധ്യത്തോടെ അനുസരിക്കുന്ന യുവത്വം ആരോഗ്യകരമായ മാനസികനില ഉള്ളവരാണ്. ഇവര്‍ മാതാപിതാക്കളുമായും അധ്യാപകരുമായും അടുത്തബന്ധം പുലര്‍ത്തും. അനുസരണയെന്നത് ഇവര്‍ ബോധപൂര്‍വം തങ്ങളുടെ നന്മയ്ക്ക് ഉതകുന്നതാണ് എന്ന ബോധ്യത്തോടെ ചെയ്യുന്നതാണ്. ഇത് അവരെ വളര്‍ത്തുന്നു. ഇത് അന്ധമല്ല. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കലും അല്ല.
താന്‍ ഈ ലോകത്തില്‍ ജനിച്ചത് വിജയിക്കാനാണ് എന്നും അതിലൂടെ തന്റെ കുടുംബത്തെയും നാടിനെയും സമൂഹത്തെയും നന്മയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ താന്‍ ആവുന്നതൊക്കെ ചെയ്യുമെന്നും ഇത്തരക്കാര്‍ വിശ്വസിക്കുന്നു. ഒരു ജോലി അല്ലെങ്കില്‍ ക്രിയാത്മകമായി സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നു. ഇത് അവരെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നു. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, പുകവലി, അസാന്മാര്‍ഗിക കൂട്ടുകെട്ടുകള്‍ എന്നിവയൊക്കെ ലക്ഷ്യബോധമില്ലായ്മയുടെ ഫലം തന്നെയാണ്.
ആരോഗ്യകരമായ മാനസിക നിലയുടെ മറ്റൊരു സവിശേഷ ഗുണമാണ് ക്രിയാത്മകമായ സ്വയാവബോധവും തന്റെ കഴിവുകളെക്കുറിച്ചുള്ള വ്യക്തതയും. ഇത് ആത്മവിശ്വാസം യുവത്വത്തിന് പ്രദാനം ചെയ്യുന്നു.
https://www.facebook.com/Malayalivartha