വിഷാദം രോഗമാകുന്നതെങ്ങനെ?
വിഷാദം എങ്ങനെയാണ് രോഗമാവുന്നത് എന്ന് ആര്‍ക്കും അറിയില്ല. വിഷാദം ഉണ്ടോ എന്നു തന്നെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. എല്ലാ വിഷാദവും രോഗമല്ല. എന്നാല്‍ അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. രോഗം രോഗിയുടെ കുറ്റമല്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അകാരണവും, നീണ്ടു നില്‍ക്കുന്നതുമായ വിഷാദമാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങളനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന അകാരണമായ വിഷാദം. ഇതിനോടൊപ്പം തന്നെ പതിവു കാര്യങ്ങളിലുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്.
ഇടക്കിടെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുക, ഉറങ്ങാന്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവുക, പതിവിലും നേരത്തെ ഉണരുക എന്നിവ. വിശപ്പില്ലായ്മയും, അകാരണമായി ഭാരം കുറയലും. ഏകാഗ്രതയില്ലായ്മ, ജോലിയോടും മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങളോടും ഉള്ള താത്പര്യക്കുറവ്, എത്ര സന്തോഷകരമായ അവസ്ഥയില്‍ പോലും സന്തോഷമില്ലാതിരിക്കല്‍, വികാരങ്ങള്‍ മരവിച്ച പോലെയുള്ള തോന്നല്‍, ലൈംഗികതയോടുള്ള വിരക്തി, മരണത്തെക്കുറിച്ചും, ആത്മഹത്യയെ കുറിച്ചും ചിന്തിക്കുക. എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാല്‍ മതി എന്നതു മുതല്‍ ആത്മഹത്യ ആസൂത്രണം ചെയ്യുന്നതു വരെ ഉണ്ടാവാം, അകാരണമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിക്കല്‍,ആരുമില്ല എന്ന തോന്നല്‍, സ്വയം മതിപ്പില്ലായ്മ, താന്‍ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, തീവ്രമായ വിഷാദമുള്ളവരില്‍ ചിലപ്പോള്‍ അകാരണമായ ഭയം, സംശയം, ചെവിയില്‍ പല വിധത്തിലുള്ള സംസാരങ്ങളും, ശബ്ദങ്ങളും കേള്‍ക്കല്‍ എന്നിവയും ഉണ്ടാകാം ഇതില്‍ രണ്ടാഴ്ച്ചയില്‍ കൂടുതലുള്ള വിഷാദമാണ് ഏറ്റവും പ്രധാനമായ ലക്ഷണം.
മറ്റുള്ള ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാലുടന്‍ ചികിത്സ വേണമെന്നൊന്നുമല്ല പറഞ്ഞു വരുന്നത്. സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടണം എന്നാണ്. പ്രായമായവരില്‍ വരുന്ന വിഷാദ രോഗവും പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദ രോഗവും പ്രത്യേകം ശ്രദ്ധിക്കണം. പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദരോഗം മൂലം കുഞ്ഞിനെ കൊല്ലാന്‍ വരെ ശ്രമിക്കുന്നവരുണ്ട്. രോഗത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും രോഗിയുടെ വ്യക്തിപരവും ,തൊഴില്‍പരവും സാമൂഹികവുമായ ജീവിതത്തെ എത്രത്തോളം അത് ബാധിച്ചുവെന്നത് . വൈകുന്തോറും ഈ പ്രശ്‌നങ്ങളെല്ലാം കൂടാനാണ് സാധ്യത. മാത്രമല്ല ആത്മഹത്യാ പ്രവണതയും ഉണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.
രോഗം മനസ്സിലാക്കുന്നതിനോളം പ്രധാനമാണ് എങ്ങനെ ചികിത്സിക്കുന്നുവെന്നതും. മരുന്നുകളും സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് പ്രധാന ചികിത്സ. ഇത് എങ്ങനെ വേണം ,എത്രത്തോളം വേണമെന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണിത്. രോഗത്തിന്റെ കാഠിന്യവും ,മുന്‍പ് എത്ര പ്രാവശ്യം വന്നുവെന്നതും, വീണ്ടും വരാനുള്ള സാധ്യതയുമെല്‌ലാം കണക്കിലെടുത്ത് മാസങ്ങളോ വര്‍ഷങ്ങളോ ആവാം ചികിത്സ. ഡോക്ടറെ കാണാന്‍ മടിച്ച് അശാസ്ത്രീയമായ ചികിത്സകള്‍ക്കു പിറകെ പോവുന്നതും,ലക്ഷണങ്ങള്‍ കുറയുന്നതോടെമരുന്ന് മുടക്കുന്നതുമെല്ലാം വീണ്ടും അസുഖം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയേയുള്ളൂ. ഓരോ രോഗവും ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വിഷാദരോഗ്ത്തിന് ഡോക്ടറുടെ ചിക്ത്‌സ തേടുകയും അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നത് രോഗിയുടെ ബന്ധുക്കളുടെ ഉത്തരവാദിത്ത്വമാണ്.
https://www.facebook.com/Malayalivartha