ചൂടേറ്റ പ്ലാസ്റ്റിക് കുപ്പിവെള്ളം ക്യാൻസറിന് കാരണമാകും.
വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ ശക്തമായ വെയിലിൽ തുറന്ന വാഹനങ്ങളിൽ കൊണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊടുംചൂടിൽ പ്ലാസ്റ്റിക് കുപ്പികൾ രാസപരിണാമത്തിന് കാരണമാകുമെന്നു കമ്മിഷൻ നിരീക്ഷിച്ചു. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വെള്ളം സൂര്യതാപമേൽക്കുമ്പോൾ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന രാസപ്രവർത്തനഫലമായി വിഷമയമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ. ബിസ്‌ഫെനോൾ-എ കാൻസറുണ്ടാക്കുന്ന പ്രധാന വില്ലനാണ്.
മിനറൽ വാട്ടർ നിറച്ച കുപ്പികൾക്ക് ഐഎസ്ഒ മാർക്ക് ഉണ്ടെങ്കിലും അതു കുപ്പിയിൽ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്നു കമ്മിഷൻ നിരീക്ഷിച്ചു. നിർമാണവേളയിൽ പ്ലാസ്റ്റിക് കുപ്പികൾ സുരക്ഷിതമായിരിക്കും. എന്നാൽ ഇതിൽ വെള്ളം നിറച്ചു തുറന്ന വാഹനങ്ങളിൽ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് ആരോഗ്യത്തിന് ഹാനികരമാകുന്നത്.
ചില രാജ്യങ്ങൾ ഇക്കാര്യം മനസ്സിലാക്കി തുറന്ന വാഹനത്തിൽ മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. ശുദ്ധജലവും ശുദ്ധമായ ഭക്ഷണവും മനുഷ്യാവകാശമാണെന്നു കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. ഒമാനിൽ ഡോക്ടറായ സജീവ് ഭാസ്‌കർ സമർപ്പിച്ച പരാതിയിലാണു നടപടി. ആരോഗ്യ, ഭക്ഷ്യ സെക്രട്ടറിമാരും ഭക്ഷ്യസുരക്ഷാ കമ്മിഷണറും വിഷയത്തിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha