ജിമ്മിൽ പോയാൽ പോരാ ശുചിത്വവും നോക്കണം
സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്നവർ ജിം ശുചിത്വമെന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?ഫിറ്റ്നെസ് നേടാനും മസിലുകളുടെ ആകൃതി മെച്ചപ്പെടുത്താനും സ്റ്റാമിന വര്‍ദ്ധിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാവും പുരുഷന്‍മാര്‍ ജിമ്മിലേക്ക് പോവുക. ആരോഗ്യ കാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഇത്രയേറെ ശ്രദ്ധിക്കുന്ന നിങ്ങൾക്ക് ജിം ശുചിത്വം എങ്ങനെ പാലിക്കാമെന്നറിയാമോ?
ജിമ്മില്‍ നിന്ന് തിരികെയെത്തിയാൽ നല്ലൊരു കുളി പാസാക്കി നല്ല വസ്ത്രം ധരിക്കുക.അതിനപ്പുറമെന്ത് എന്നാവും നിങ്ങളുടെ മറു ചോദ്യം. എന്നാല്‍, ഇത്ര മതിയോ?
ജിം ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ചില ടിപ്പുകള്‍
ജിമ്മില്‍ പോകുന്നതിനു മുമ്ബ് നിങ്ങളുടെ ശരീരം ശരിയായ രീതിയില്‍ വൃത്തിയാക്കുക, പ്രത്യേകിച്ച് ജോലി കഴിഞ്ഞാണ് ജിമ്മില്‍ പോകുന്നതെങ്കില്‍. കുളിക്കുന്നതും പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നന്നായിരിക്കും, എന്നാല്‍ കൂടുതല്‍ പെര്‍ഫ്യൂം അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ഓര്‍ക്കണം.
എപ്പോഴും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങളാവണം ഉപയോഗിക്കേണ്ടത്. വിയര്‍പ്പ് തങ്ങിനില്‍ക്കാതിരിക്കാന്‍ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
കക്ഷം വൃത്തിയായും വിയര്‍പ്പില്‍ കുതിരാതെയും സൂക്ഷിക്കണം.
ഉരസലുണ്ടാവുന്ന ഭാഗങ്ങളില്‍ പെട്രോളിയം ജെല്ലി പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കണം (നാഭിപ്രദേശം, കക്ഷം തുടങ്ങിയ ഭാഗങ്ങള്‍)
ഏതെങ്കിലും ഉപകരണം ഉപയോഗിക്കുന്നതിനു മുൻപും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഇതിനായി ഒരു സാനിറ്റൈസര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.
വര്‍ക്കൗട്ട് ചെയ്ത് വിയര്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വിയര്‍പ്പില്‍ കുതിര്‍ന്ന ഒരു ഉപകരണം ഉപയോഗിക്കാന്‍ ആരും ആഗ്രഹിക്കില്ല. അതിനാല്‍, ഒരു ടവ്വല്‍ ഉപയോഗിച്ച് വര്‍ക്കൗട്ടിന് ശേഷം ഉപകരണം വൃത്തിയായി തുടയ്ക്കണം.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍, വെള്ളം സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലിനെക്കാള്‍ മെറ്റല്‍ ബോട്ടിലാണ് നല്ലതെന്ന് മനസ്സിലാക്കുക. പ്ലാസ്റ്റിക് ബോട്ടില്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. മെറ്റല്‍ ബോട്ടിലുകള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ കഴിയും. മറ്റുള്ളവര്‍ നിങ്ങളുടെ ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
വര്‍ക്കൗട്ടിനു ശേഷം നിങ്ങളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ ജിം ബാഗിലേക്ക് നേരിട്ട് കുത്തിനിറയ്ക്കാന്‍ നോക്കരുത്. അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വയ്ക്കുക. അതേപോലെ, വിയര്‍പ്പ് നനഞ്ഞ വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ടാല്‍ കീടാണുക്കള്‍ പെരുകാന്‍ കാരണമാവും. അതിനാല്‍ വിയര്‍പ്പ് ഉണങ്ങിയതിനു ശേഷം മാത്രം മെഷീനില്‍ ഇടുക. ഇവ പ്രത്യേകം കഴുകാനും ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ ഒരു തവണ കഴുകിയതിനു ശേഷവും വൃത്തിയായില്ല എന്ന തോന്നലുണ്ടെങ്കില്‍ അവ വീണ്ടും കഴുകിയ ശേഷമേ ധരിക്കാവൂ.
നിങ്ങളുടെ ജിം ഷൂസിന്റെ കാര്യം മറക്കരുത് - ഷൂസുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം വേണം അവ ജിം ബാഗില്‍ ഇടേണ്ടത്. വീട്ടിലെത്തിയ ശേഷം ഷൂസുകള്‍ ഒരു ഡിസ്‌ഇന്‍ഫക്റ്റന്റ് വൈപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക. ഇവ ഉണക്കിയ ശേഷം അടുത്ത ദിവസം ഉപയോഗിക്കുക. ഷൂസുകളില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ അതിനുള്ളില്‍ ടീ ബാഗുകള്‍ വച്ചാല്‍ മതിയാവും.
ഹെല്‍ത്ത് ക്ലബ്ബിലെ ഷവറിലാണ് കുളിക്കുന്നതെങ്കില്‍ പാദരക്ഷ ഉപയോഗിക്കാന്‍ മറക്കേണ്ട. ഇത് തറയില്‍ നിന്നും നിങ്ങളുടെ പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെങ്കിലും നനവ് പടരുമ്പോൾ ശരീരത്തിലേക്ക് ഫംഗസ് വ്യാപനം നടന്നേക്കാം.
വര്‍ക്കൗട്ട് കഴിഞ്ഞ് ക്ഷീണിതനായിരിക്കുമ്പോൾ സോഫ കണ്ടാല്‍ അതിലേക്ക് വീഴാന്‍ തോന്നുക സ്വാഭാവികമാണ്. എന്നാല്‍, ഈ ആഗ്രഹത്തിന് തടയിടണം. കഴിയും വേഗം കുളിക്കുക. പക്ഷേ, ശരീരം തണുത്തതിനു ശേഷം മാത്രം.
വര്‍ക്കൗട്ടിനു ശേഷം എല്ലാ തവണയും മുടിയില്‍ ഷാംപൂ ഇടുന്നത് നല്ലതല്ല. അടിക്കടി ഷാംപൂ ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും. അതിനാല്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.
പനിയോ ചുമയോ മൂക്കൊലിപ്പോ ഉണ്ടെങ്കില്‍ ജിമ്മില്‍ പോകരുത്. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കുന്നതായിരിക്കും ഉത്തമം. ശരീരത്തില്‍ മുറിവുണ്ടെങ്കിലും ജിമ്മില്‍ പോകാതിരിക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha