ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നാലാം സ്ഥാനത്താണ് ബലാത്സംഗം
എത്ര കണ്ട് സ്ത്രീ സമത്വവും ആദർശവും പറഞ്ഞാലും ഇല വന്നു മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേടു ഇലക്ക് തന്നെ എന്ന പഴമൊഴിയിൽ കുറച്ചെങ്കിലും കാമ്പില്ലേ എന്ന് തോന്നിപ്പോകുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. നിയമവും പരിരക്ഷയും ശിക്ഷയുമൊക്കെ ഉണ്ടായിട്ടെന്തു ഫലം? സ്ത്രീകൾ കൂടുതൽ ജാഗ്രത കാണിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന നിലയിലേക്ക് അധപതിച്ചു കഴിഞ്ഞു നമ്മൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഷണല്‍ ക്രൈംസ് റിക്കോര്‍ഡ്സ് ബ്യൂറോ 2014 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നാലാം സ്ഥാനത്താണ് ബലാത്സംഗം. മിക്കപ്പോഴും കൗമാരക്കാരും യുവതികളുമാണ് ബലാത്സംഗത്തിനിരയാകുന്നത്.
അശ്ളീലചിത്ര നിര്‍മ്മാണം, വിദ്യാഭ്യാസമില്ലായ്മ, സ്ത്രീകളെ താഴ്ന്നവരായി കാണുന്ന മനോഭാവം, പൊലീസ് സുരക്ഷ ഇല്ലാത്തത്, കാഠിന്യം കുറഞ്ഞ ശിക്ഷ തുടങ്ങിയവയാണ് സാധാരണഗതിയില്‍ ബലാത്സംഗത്തിനു കാരണമായി പറയുന്നത്. ചുരുക്കം ചില സാഹചര്യങ്ങളില്‍ അത് സംഭവിച്ചേക്കാമെങ്കിലും കാലം തെളിയിച്ച ചില പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ കൈയെത്തും ദൂരത്ത് ഉണ്ട്. ഇവയുടെ സഹായത്തോടെ ബലാത്സംഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കും.
അടുത്തകാലത്തായി ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒന്നാണ് 'ഡേറ്റ് റേപ്', ഡേറ്റ് റേപ്പ് ഡ്രഗ്ഗ് എന്നിവ. എന്താണ് ഡേറ്റ് റേപ്പ്?യഥാര്‍ത്ഥത്തില്‍, ഡേറ്റ് റേപ്പ് എന്ന പ്രയോഗം തന്നെ തെറ്റാണ്. ബലാത്സംഗം നടത്തുന്ന ആള്‍ ഇരയെ ഡേറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. അതേസമയം, സ്വമേധയാ ഒരു സാമൂഹിക ഇടപെടല്‍ നടത്തുന്ന അവസരത്തില്‍, ഒരു സ്ത്രീയെ അവര്‍ നടത്തുന്ന വാക്കാലും ശാരീരികമായും ഉള്ള എതിര്‍പ്പിനെയും നിഷേധത്തെയും അല്ലെങ്കില്‍ അപേക്ഷയെയും അവഗണിച്ച് ഒരു സുഹൃത്ത്/സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ഒരു അപരിചിതന്‍ ബലപ്രയോഗത്തിലൂടെ ലൈംഗികമായി കീഴടക്കുന്നതിനെയാണ് ഡേറ്റ് റേപ്പ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്താണ് ഡേറ്റ് റേപ്പ് ഡ്രഗ്ഗ്?
ഒരാള്‍ ഒരു തരത്തിലുള്ള ലൈംഗിക പ്രവൃത്തിക്കും വഴങ്ങാത്ത അവസരത്തില്‍, 'ഡേറ്റ് റേപ്പ് ഡ്രഗ്സ്' ഉപയോഗിച്ച് ആ വ്യക്തിയെ ലൈംഗികമായി ആക്രമിക്കുന്നു. റോഹിപ്നോള്‍, ജിഎച്ച്‌പി (ഗാമാ ഹൈഡ്രോക്സിബ്യുട്ടിരിക് ആസിഡ്), കീറ്റാമൈനും മദ്യവും തുടങ്ങി മൂന്ന് തരം മയക്കുമരുന്നുകളാണ് സാധാരണയായി ഇത്തരം കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവയ്ക്ക് നിറവും മണവും രുചിയും ഉണ്ടാകില്ല എന്നത് കുറ്റകൃത്യത്തിന് സഹായകമാവുന്നു. ഇവ മദ്യത്തില്‍ അല്ലെങ്കില്‍ പഴച്ചാറില്‍ കലര്‍ത്തി നല്‍കിയാല്‍, കുടിക്കുന്നവര്‍ക്ക് സംശയം തോന്നില്ല. ഇവ ബോധം നഷ്ടപ്പെടുത്തുകയോ മയക്കം ഉണ്ടാക്കുകയോ ചെയ്യുമെന്നതിനാല്‍ ലൈംഗിക പ്രവൃത്തിയെ നിഷേധിക്കുന്നതിനോ എതിര്‍ക്കുന്നതിനോ കഴിഞ്ഞുവെന്ന് വരില്ല. അതിലുപരി, മയക്കുമരുന്ന് നല്‍കിയിരിക്കുന്ന അവസ്ഥയില്‍ അവര്‍ക്ക് സംഭവിച്ചത് എന്തെന്ന് പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല.
ബലാത്സംഗത്തിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെ?
ഒരു ബലാത്സംഗ ഇര നിരവധി ശാരീരികവും സ്വഭാവപരവും മന:ശാസ്ത്രപരവുമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഇതിനെ 'റേപ്പ് ട്രോമ സിന്‍ഡ്രോം' (ആര്‍ടിഎസ്) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബലാത്സംഗത്തിന് ഇരയാവുന്ന മിക്കവരുടെയും പ്രതികരണം ഇത്തരത്തിലുള്ളതായിരിക്കും.
റേപ്പ് ട്രോമ സിന്‍ഡ്രോം:
a) ശാരീരിക ലക്ഷണങ്ങള്‍
നടുക്കം, നിരുത്സാഹം, തളര്‍ച്ച, ആശയക്കുഴപ്പം, ദിശാബോധമില്ലായ്മ, ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ബലാത്സംഗത്തിനു ശേഷം ഉടന്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. യോനി, മലദ്വാരം തുടങ്ങിയ ഭാഗങ്ങളിലെ മുറിവുകളില്‍ നിന്നും കീറലുകളില്‍ നിന്നും ഉള്ള രക്തസ്രാവം, തുടങ്ങിയ ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.
b) സ്വഭാവപരമായ ലക്ഷണങ്ങള്‍
ബലാത്സംഗത്തിനു വിധേയമായ ആള്‍ പ്രകടിപ്പിക്കുന്നതോ അയാള്‍ക്ക് അനുഭവപ്പെടുന്നതോ ആയ ലക്ഷണങ്ങള്‍ ആണ് സ്വഭാവപരമായ ലക്ഷണങ്ങള്‍. അസ്വാഭാവികമായ രീതിയില്‍ കരയുക, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അസ്വസ്ഥത അല്ലെങ്കില്‍ ബഹളം വയ്ക്കല്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരക്കാര്‍ക്ക് സാമൂഹിക ഇടപെടലുകള്‍ കുറവായിരിക്കും, ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പുകവലി, മദ്യപാനം അല്ലെങ്കില്‍ മയക്കുമരുന്ന് ദുരുപയോഗത്തില്‍ ആകൃഷ്ടരാവാം, ആത്മഹത്യാ പ്രവണത കാട്ടിയേക്കാം.
c) മന:ശാസ്ത്രപരമായ ലക്ഷണങ്ങള്‍
ചിന്തകളും ആശയങ്ങളും വികാരങ്ങളും ഉള്‍പ്പെടുന്നതാണ് മന:ശാസ്ത്രപരമായ ലക്ഷണങ്ങള്‍. ഇവ ചോദ്യങ്ങളിലൂടെ മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. ബലാത്സംഗ ഇര സ്വയം പഴിക്കാന്‍ തുടങ്ങിയേക്കാം, കുറ്റബോധം തോന്നാം, നിസ്സഹായത തോന്നാം (തങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കുള്ളതായി തോന്നില്ല), ലജ്ജിതരും ആത്മാഭിമാനം കുറഞ്ഞവരും ആയിരിക്കും. ഈ ലക്ഷണങ്ങള്‍ പതിയെ വിഷാദരോഗത്തില്‍ കൊണ്ടുചെന്നെത്തിക്കും.
ഒരു ഇരയെ എങ്ങനെ സഹായിക്കാന്‍ കഴിയും?
തങ്ങളുടെ കുറ്റം കൊണ്ടാണ് ബലാത്സംഗം നടന്നതെന്ന തോന്നല്‍ ശക്തമായതിനാല്‍ ബലാത്സംഗത്തിന് ഇരയായവരില്‍ മിക്കവരും മറ്റുള്ളവരുടെ സഹായം തേടാന്‍ ശ്രമിക്കുകയില്ല. എന്നിരുന്നാലും, ഇനി പറയുന്ന ചികിത്സകളിലൂടെ അവര്‍ക്ക് നേരിടേണ്ടിവന്ന ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിയും. ഇനി പറയുന്നവയും ചികിത്സാ രീതികളില്‍ ഉള്‍പ്പെടുന്നു
a) കൗണ്‍സലിംഗ്: വൈകാരികമായ ലക്ഷണങ്ങളെ (കുറ്റബോധം, ഭയം, വിഷാദരോഗം, ഉത്കണ്ഠ) നേരിടുന്നതിന് കൗണ്‍സലിംഗ് സഹായിക്കും. സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ മുഖേനയുള്ള കൗണ്‍സലിംഗ് തങ്ങള്‍ക്ക് വളരെയധികം സഹായകമായെന്ന് നിരവധി ബലാത്സംഗ ഇരകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
b) പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (പിടിഎസ്ഡി): ബലാത്സംഗത്തിന് ഇരയായ ആളിനുണ്ടായ ആഘാതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള അവബോധ പെരുമാറ്റ ചികിത്സ (കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി), കുടുംബത്തെ ഉള്‍പ്പെടുത്തിയുള്ള ചികിത്സ, മരുന്നുകള്‍, ഐ മൂവ്മെന്റ് ഡിസെന്‍സൈറ്റേഷന്‍ ആന്‍ഡ് റീപ്രോസസിംഗ് എന്നിവ ഉള്‍പ്പെടുന്നു.
ബലാത്സംഗം എങ്ങനെ പ്രതിരോധിക്കാന്‍ കഴിയും?
ഇതിനായി ഇനി പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാം:
a) കൂട്ടുകാരുമൊത്ത് പാര്‍ട്ടിക്ക് പോകുന്നതിനു മുൻപ് നിങ്ങളുടെ കൂട്ടത്തില്‍ ഉള്ളവരെ നല്ലവണ്ണം അറിയാം എന്ന് ഉറപ്പാക്കണം. സഹജമായ അവബോധത്തില്‍ വിശ്വസിക്കുക. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോകുന്നത് എങ്കില്‍ അവരെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയോ അവരെ വീട്ടിലേക്ക് വിളിക്കുകയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ അവരോട് സംസാരിക്കുകയോ ചെയ്യണം.
നിങ്ങള്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നുവെങ്കില്‍ അകന്നു മാറുന്നതിന് അല്ലെങ്കില്‍ സഹോദരന്‍/സഹോദരിക്കൊപ്പം സുരക്ഷിതമായി ചേരുന്നതിന് ശ്രമിക്കുക.
b) പാര്‍ട്ടി സമയത്ത്:
മദ്യം ഉപയോഗിക്കാതിരിക്കുക. വെള്ളം, ജ്യൂസ് അല്ലെങ്കില്‍ സോഡ എന്നിവ ഉപയോഗിക്കാം. എന്നാല്‍, ഇത്തരം പാനീയങ്ങള്‍ നിങ്ങളുടെ മുന്നില്‍ വച്ചാണ് തുറന്നതെന്ന് ഉറപ്പുവരുത്തണം അല്ലെങ്കില്‍ സ്വയം തുറന്ന് ഉപയോഗിക്കണം.
പാനീയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തുറന്നുവച്ചിരിക്കുന്ന പാത്രങ്ങളില്‍ നിന്നുള്ള പാനീയങ്ങള്‍ കുടിക്കരുത്, അവയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കാം.നിങ്ങള്‍ക്കുള്ള പാനീയം മറ്റുള്ളവര്‍ കൈകാര്യം ചെയ്യാന്‍ ഇടവരുത്തരുത്.
നിങ്ങളുടെ പാനീയം കൈകളില്‍ തന്നെ ഉണ്ടായിരിക്കണം, അവ എവിടെയെങ്കിലും മാറ്റിവച്ചതിനു ശേഷം ഉപയോഗിക്കരുത്. അതായത്, ശുചിമുറിയിലോ മറ്റോ പോകണമെങ്കില്‍ പാനീയം കുടിച്ചു തീര്‍ത്ത ശേഷം പോകുക, തിരികെ വന്ന് ബാക്കി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
പരിചിതമല്ലാത്ത മണവും രുചിയുമുള്ള പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കരുത്.
"പാര്‍ട്ടി ഡ്രഗുകളി"ല്‍ നിന്ന് ഒഴിവാകുക. ഇവ പൊടി, പാനീയം, ഗുളിക തുടങ്ങിയ രൂപത്തില്‍ ആയിരിക്കാം. ഇവ കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു സമാനമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
കഴിയുന്നത്ര ജാഗ്രത പുലര്‍ത്തുന്നത് ബലാത്സംഗത്തെ തടയുന്നതിനുള്ള പ്രധാനപ്പെട്ട വഴികളില്‍ ഒന്ന് ആയിരിക്കും!!
https://www.facebook.com/Malayalivartha