ദൃഢമായ കുടുബബന്ധങ്ങൾക്കായി കൗമാരക്കാരായ മക്കളുമായി കൂടുതല്‍ അടുക്കൂ
ആധുനിക ലോകത്ത് കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിളളലുകള്‍ പലതരത്തിലാണ്. വിള്ളല്‍ വീണ ബന്ധവുമായി മന:ശാസ്ത്രജ്ഞരുടെയും കൗണ്‍സലര്‍മാരുടെയും പക്കല്‍ ഉപദേശം തേടിയെത്തുന്നവരില്‍ പ്രധാനപ്പെട്ടൊരു വിഭാഗം അച്ഛനമ്മമാരും മക്കളുമാണ്. ഒരല്‍പം ശ്രദ്ധിച്ചാല്‍ നേരെയാകാവുന്നതും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ ഭാവിതന്നെ ഇരുളിലാകാവുന്നതുമായൊരു വിഷയമാണിത്.
ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കുട്ടിക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന ഒരു ധാരണ ഇപ്പോൾ പ്രബലമായിട്ടുണ്ട്.എന്നാല്‍, നിങ്ങളുടെ കൗമാരക്കാരന്/കൗമാരക്കാരിക്ക് ചെറുപ്പകാലത്തെ പോലെ തന്നെ വാത്സല്യവും കുടുംബത്തിന്റെ പിന്തുണയും ആവശ്യമാണ്.
കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് രക്ഷകര്‍ത്താക്കളുടെ കടമയിലും വ്യത്യാസം വന്നുകൊണ്ടിരിക്കും. ബാല്യത്തില്‍ അവരെ സംരക്ഷിക്കുകയും നേര്‍വഴിക്ക് നടത്തുകയുമാണ് രക്ഷകര്‍ത്താക്കളുടെ പ്രധാന ധര്‍മ്മം. എന്നാല്‍, കുട്ടികള്‍ കൗമാരപ്രായത്തിലെത്തുമ്പോൾ രക്ഷകര്‍ത്താവിന് കൂട്ടുകാരുടെ വേഷമായിരിക്കണം. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ കൂടുതല്‍ മനസ്സിലാക്കാനും അവരോട് കൂടുതല്‍ സൗഹൃദമുണ്ടാക്കാനും സാധിക്കണം. അവരെ ഉത്തരവാദിത്വമുള്ളവരും സ്വയംപര്യാപ്തതയുള്ളവരുമാക്കി വളര്‍ത്തിയെടുക്കാന്‍ വേണ്ട പിന്തുണ നല്‍കണം.
കൗമാരപ്രായത്തില്‍ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരില്‍ ഒരു സ്വതന്ത്രചിന്ത രൂപപ്പെടാം. അതിനെ ഗുണപരമായി കാണുകയും ഒരല്‍പം വിവേകത്തോടെ ആ പ്രശ്നത്തെ നേരിടുകയും ചെയ്താല്‍ സ്ഥിതി മോശമാകാതെ സൂക്ഷിക്കാന്‍ കഴിയും.മക്കള്‍ തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം എന്ന ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ.
കൗമാരപ്രായത്തില്‍ നിങ്ങളുടെ കുട്ടി ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ അത് അവനെ/അവളെ സംബന്ധിച്ചിടത്തോളം പിരിമുറുക്കം നിറഞ്ഞ ഒരു അവസരമായിരിക്കും. വൈകാരിക ബന്ധങ്ങള്‍, പഠനത്തോടുള്ള മടുപ്പ്, സോഷ്യല്‍ മീഡിയ, പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ആരോഗ്യത്തിനും ആഹാരത്തിലെ കൃത്യതക്കുമുള്ള പ്രാധാന്യം, സൗഹൃദത്തിന്റെ പരിധികള്‍, എന്നിവയെല്ലാം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ അച്ഛനമ്മമാർക്ക് കഴിയണം
പഠനസംബന്ധവും കൂട്ടുകാരില്‍ നിന്നുള്ളതുമായ സമ്മര്‍ദങ്ങള്‍ മൂലം നീണ്ടുനില്‍ക്കുന്ന ഉത്കണ്ഠയും മാനസിക പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന ഒരു കാലഘട്ടവുമാണിത്. ഈ ഘട്ടത്തില്‍, കുടുംബത്തില്‍ നിന്നു ലഭിക്കുന്ന പിന്തുണ മൂലം കുട്ടിയില്‍ സുരക്ഷിതത്വബോധവും താന്‍ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന വിചാരവും രൂഢമൂലമാക്കും. ഇത് നിങ്ങളുടെ കൗമാര പ്രായത്തിലുള്ള കുട്ടിയില്‍ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ആത്മാഭിമാനവും വളര്‍ത്താന്‍ സഹായിക്കും.
ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തുന്നത് കൗമാരക്കാരുമായുള്ള ബന്ധം പടുത്തുയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സഹായമാവുമെന്നത് മിക്ക മാതാപിതാക്കളും തിരിച്ചറിഞ്ഞെന്നുവരില്ല.
ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. ഇത് കൗമാരക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പുതിയ സംഭവങ്ങളെ കുറിച്ച് അല്ലെങ്കില്‍ തങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനുള്ള ഒരു അവസരമാണ്. മാതാപിതാക്കള്‍ തങ്ങളുടെ ദൈനം ദിന കാര്യങ്ങളെ കുറിച്ച് അറിയാന്‍ താല്പര്യപ്പെടുന്നു എന്നത് അവര്‍ക്ക് കുടുംബവുമായി കൂടുതല്‍ അടുപ്പം തോന്നിക്കാന്‍ കാരണമാവും.
പൊടിയടിക്കല്‍, തുണികള്‍ മടക്കിവയ്ക്കല്‍, വീട്ടുസാധനങ്ങള്‍ അടുക്കിവയ്ക്കല്‍ തുടങ്ങിയ ജോലികള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവര്‍ക്ക് ഉത്തരവാദിത്തബോധം ഉണ്ടാകാന്‍ സഹായകമാവും. കുറച്ചു വളര്‍ന്ന കുട്ടികളോട് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനും ബില്ലുകള്‍ അടയ്ക്കുന്നതിനും നിര്‍ദേശിക്കാവുന്നതാണ്
കൗമാരക്കാരുടെ ചെയ്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന് അവരുടെ താല്പര്യങ്ങളെ കുറിച്ചും ഹോബികളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം. അവരുടെ തെരഞ്ഞെടുക്കലിനെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം അവരെ അറിയിക്കുന്നതിനൊപ്പം അവരുടെ വിശദീകരണം ക്ഷമയോടെ കേള്‍ക്കുകയും വേണം. അവര്‍ക്കൊപ്പം ചെലവഴിക്കുന്നതിനും അവരുടെ ഇഷ്ടവിനോദങ്ങളില്‍ പങ്കുചേരുന്നതിനും സമയം കണ്ടെത്തണം. അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുകയും പഠനവും ഇഷ്ടവിനോദങ്ങളും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുക.
അവധിക്കാലത്ത് അല്ലെങ്കില്‍ ആഴ്ചാവസാനത്തില്‍ കുടുംബത്തോടൊപ്പം പുറത്ത് ചുറ്റാനുള്ള തീരുമാനം കൗമാരക്കാരായ മക്കളും നിങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കും. റിലാക്സ് ചെയ്യുന്നതിനും ജോലിയുടെയും മറ്റും പിരിമുറുക്കമില്ലാതെ അവരുമായി അടുത്തിടപഴകുന്നതിനും ഇത് വളരെ നല്ല ഒരു മാര്‍ഗമാണ്.
കുടുംബപരമായ ആചാരങ്ങളിലും ഉത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്.
പ്രായത്തിന്റെ ഈ സവിശേഷ ഘട്ടത്തില്‍ മക്കള്‍ തങ്ങളെ ധിക്കരിക്കുകയോ തങ്ങളുടെ ഉപദേശങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് അവരെ നഷ്ടപ്പെട്ടിരിക്കുന്ന എന്ന തോന്നല്‍ ചില മാതാപിതാക്കളിലെങ്കിലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഒട്ടും ശരിയല്ലാത്ത ഒരു തോന്നലാണത്. ചെറുപ്പം മുതല്‍ മൂല്യബോധത്തോടെ വളർത്തിയ മക്കൾ എന്തൊക്കെ ധിക്കാരം കാണിച്ചാലും ചെറുപ്പത്തില്‍ നട്ടുവളര്‍ത്തിയിട്ടുള്ള മൂല്യങ്ങളിലേക്കും ഗുണങ്ങളിലേക്കും അവര്‍ മടങ്ങി വരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha