പ്രായം നാല്പത് കഴിഞ്ഞാലും യൗവനം തിരിച്ചുപിടിക്കാം
നാല്പത് കഴിയുന്നതോടെ യുവത്വം കൈവിട്ടുപോയി എന്ന തോന്നലാണ് പലർക്കും . എന്നാൽ തെറ്റി. യഥാർത്ഥത്തിൽ ഫോര്‍ട്ടി പ്ലസ് ജീവിതത്തിലെ ഏറ്റവും നല്ല പ്രായമാണ്. യുവത്വത്തിന്റെ സാധ്യതകള്‍ നിലനില്ക്കുന്നു. അതേസമയം ചാപല്യങ്ങളില്‍നിന്ന് മോചനവുമായി. കുറേക്കൂടി പക്വത കൈവന്നിട്ടുണ്ടാകും. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിൽ എത്തിക്കഴിഞ്ഞു. സ്വന്തമായി വീടും വാഹനവും മറ്റു സൗകര്യങ്ങളും വന്നു ചേർന്നു. യാഥാര്‍ഥ്യത്തില്‍ ജീവിതം തുടങ്ങുന്നത് ഇപ്പോഴല്ലേ?
വയസ്സാകുന്നത് മനസ്സില്‍ മാത്രമാണ്. പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. പ്രായമാകുന്നതിനെ ഇഷ്ടപ്പെടണം. വയസ്സാകുമ്പോഴുള്ള നല്ല വശങ്ങളെക്കുറിച്ച് ചിന്തിക്കണം. ഒരേ സമയം വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും ശരീരത്തെ ഏറ്റവും നല്ല രീതിയില്‍ നിലനിര്‍ത്തുകയും വേണം.
ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാം. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം.അമിത ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ വരാൻ ഇടയാക്കും. കുടുംബപാരമ്പര്യമായി ഇത്തരം അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കേണ്ടതാണ്.
നടത്തം, ജോഗിങ്, കളികള്‍ ,സാമാന്യം സ്പീഡോടുകൂടി 40 മിനുട്ട് നടക്കുന്നത്,എന്നിവയെല്ലാം നല്ല വ്യായാമമാണ്.
ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങണം. വായന,പാട്ട്പാടുക, കേള്‍ക്കുക, വരയ്ക്കുക, പെയിന്‍റിങ്, തയ്യല്‍ എന്നിങ്ങനെയുള്ള ഹോബികൾ ശീലിക്കുന്നത് മാനസികമായ സന്തോഷം തരും. പങ്കാളിയുമായുള്ള മാനസിക ,ശാരീരിക അടുപ്പവും നിങ്ങളുടെ യൗവനം കാത്തു സൂക്ഷിക്കും
മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്‍കുന്നു. വെറ്റില, പുകവലി, എന്നീ സ്വഭാവങ്ങൾ പാടെ ഉപേക്ഷിക്കുക. മദ്യം ചെറിയ അളവില്‍ ആകാം എന്ന് പറയുന്നവറുണ്ട്. എന്നാൽ അത് ഒരിക്കലും അധികമാവാതിരിക്കാൻ ശ്രദ്ധിക്കുക.
ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവൂ
ജീവിക്കാനൊരു കാരണവുമില്ലെങ്കില്‍ പെട്ടെന്ന് വൃദ്ധനാകും.സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പിരിഞ്ഞുപോകുന്നവര്‍ പെട്ടെന്ന് വാർദ്ധക്യത്തിലേക്കും മരണത്തിലേക്കും പോകുന്നത് കണ്ടിട്ടില്ലേ? പെന്‍ഷന്‍ ആകുന്നതോടെ 'എല്ലാം തീര്‍ന്നു' എന്ന ചിന്തയാണ് ഈ അവസ്ഥ സംജാതമാക്കുന്നത്.ഈ അവസ്ഥ മാറണം. പെൻഷൻ പറ്റിയാലും മനസ്സിന് ഉല്ലാസം തരുന്ന ഏതെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ചെറിയ ജോലികൾക്കോ മറ്റോ പോകുന്നതും വാർദ്ധക്യത്തെ പിടിച്ചുനിർത്തും.
https://www.facebook.com/Malayalivartha