പുകവലിക്കുന്ന പുരുഷന്റെ ആയുസ്സ് 12 വര്‍ഷവും സ്ത്രീയുടെ ആയുസ്സ് 11 വര്‍ഷവും കുറയുന്നു
ലോക പുകയില വിരുദ്ധ ദിനമാണിന്ന്. ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത് 1987 - ൽ ആയിരുന്നു. പുകവലിക്കുന്ന ഒരു പുരുഷന്റെ ആയുസ്സ് 12 വര്‍ഷവും സ്ത്രീയുടെ ആയുസ്സ് 11 വര്‍ഷവും കുറയുന്നു എന്നാണ് കണക്ക്.
പുകവലിക്കുന്നവർ മാത്രമല്ല പുക ശ്വസിക്കുന്നവരും ദോഷ വശങ്ങള്‍ അനുഭവിക്കേണ്ടിവരും. പുകവലിച്ചിട്ടില്ലാത്ത ആള്‍ക്കാര്‍ പുകവലിക്കുന്നവരെ വിവാഹം ചെയ്താല്‍ അവര്‍ക്ക് മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണ്. മുമ്പ് പുകവലിച്ചിരുന്നവര്‍ നിലവില്‍ പുകവലിക്കുന്നവരെ വിവാഹം ചെയ്താല്‍ മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത 72 ശതമാനമായി ഉയരുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്‍റീവ് മെഡിസിനില്‍ ഈ പഠനം സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പുകവലി കാന്‍സര്‍ മാത്രമല്ല ഉണ്ടാക്കുന്നത്. ശ്വാസകോശവും ഹൃദയവും രക്തക്കുഴലുകളും പ്രത്യുത്പാദന അവയവങ്ങളും വായ,ത്വക്ക്, കണ്ണുകള്‍, എല്ലുകള്‍ അങ്ങനെ ശരീരത്തിലെ ഓരോ അവയവത്തേയും അതു ബാധിക്കുന്നു.
ചികിത്സിക്കാന്‍ ഏറെ പ്രയാസമുള്ള ശ്വാസകോശ കാന്‍സറിന്റെ മുഖ്യ കാരണമാണ് പുകവലി.ശ്വാസകോശത്തിനു പുറമേ വായിലും സ്വനപേടകത്തിലും തൊണ്ടയിലും അന്നനാളത്തിലും കിഡ്നിയിലും ഗര്‍ഭാശയമുഖത്തും കരളിലും മൂത്രാശയത്തിലും പാന്‍ക്രിയാസിലും ആമാശയത്തിലും കുടലിലും മലദ്വാരത്തിലും ഒക്കെ കാന്‍സര്‍ ഉണ്ടാക്കാന്‍ പുകവലി ഇടയാക്കും. ഒപ്പം മൈലോയിഡ് ലുക്കീമിയ എന്ന രക്താര്‍ബുദത്തിനും കാരണമാകാം.
സുരക്ഷിതമായ ഉപയോഗം എന്നത് പുകയിലയുടെ കാര്യത്തില്‍ അസാധ്യമാണ്. പുകവലിക്കാരന്‍ ആ പുക ഉള്ളിലേക്ക് എടുക്കുന്നില്ലെങ്കില്‍ കൂടി പുറത്തേക്കു തള്ളുന്ന പുക അയാള്‍ ശ്വസിക്കുന്നുണ്ട്. ആ പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും അയാളെ പോലെ തന്നെ അപകട സാധ്യത ഉണ്ട്.
പുകവലിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മരണത്തിനു കരണമാകണമെന്നില്ല. എന്നാല്‍ പൊതുവില്‍ എല്ലാ അവയവങ്ങളെയും അപകടത്തിലാക്കുകയും ഗുരുതരമായ രോഗങ്ങളിലേക്കു എത്തിക്കുകയും ചെയ്യും. മോണകളില്‍ അസുഖവും തുടര്‍ന്ന് പല്ലു എടുത്തു കളയേണ്ട അവസ്ഥയും ഉണ്ടാകാം.
മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം, രോഗപ്രതിരോധശേഷി കുറയുക, ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂട്ടുക, രുചിയും മണവും അറിയാനുള്ള കഴിവ് കുറയുക, ത്വക്കിന് അകാല വാര്‍ദ്ധക്യം, കറ പിടിച്ച പല്ലുകളും വായ്നാറ്റവും,കണ്ണുകളില്‍ തിമിരം ബാധിക്കാനുള്ള സാധ്യത കൂടുക, അസ്ഥികളുടെ സാന്ദ്രത കുറക്കുന്നത് മൂലം ഇടുപ്പെല്ല് പൊട്ടുന്നത് അടക്കം എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുക, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന വാതരോഗത്തിനുള്ള സാധ്യത കൂടുക, അന്ധതയിലേക്കു നയിക്കുന്ന മാകുലാര്‍ ഡീജനറേഷനുള്ള സാധ്യത കൂടുക, പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുക തുടങ്ങി ജീവിതം ദുരിതപൂര്‍ണമാക്കാനുള്ള എല്ലാ ചേരുവകളും പുകവലിയെന്ന ദുശീലത്തില്‍ നിന്ന് ഉണ്ടാകാം.
ചെറുപ്പത്തിലേ പുകവലി തുടങ്ങി നിക്കോട്ടിന് അടിമയാകുന്നവര്‍ക്ക് അതില്‍ നിന്നുള്ള മോചനവും വളരെ പ്രയാസമാണ്.
ഇതൊക്കെ വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങളാണ് . ഇതിനൊപ്പം ഭീകരമാണ് പുകവലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളും. ഭാവിയിൽ ജീവന്റെ നിലനിൽപ്പിനെ തന്നെ മാരകമായി ബാധിക്കാവുന്ന പ്രശ്നങ്ങൾ പുകവലി ഉണ്ടാക്കുന്നുണ്ട്.
പ്രതിവർഷം ലോകത്തെമ്പാടും എട്ടര ലക്ഷത്തോളം ടൺ ഭാരമുള്ള സിഗററ്റ് കുറ്റികൾ ഉപേക്ഷിക്കപ്പെടുന്നതായി ‘ഇന്റർ നാഷണൽ ജേണൽ ഓഫ് എൻവയൺമെന്റൽ ആൻഡ് റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്’ എന്ന അന്തർദേശീയ പരിസ്ഥിതി പ്രസിദ്ധീകരണത്തിൽ പറയുന്നു. അമേരിക്കയിൽ തന്നെ ആകെ ഖര മാലിന്യത്തിന്റെ 65 ശതമാനവും സിഗററ്റ് മാലിന്യമാണ്. ലോകത്താകെ പ്രതിവർഷം ഉപയോഗിക്കുന്നത് ആറ് ലക്ഷം കോടി സിഗററ്റാണ്. ആളോഹരി സിഗററ്റ് ഉപയോഗമാകട്ടെ ഒരു ദിവസം 8.2 എണ്ണവും. സിഗററ്റ് മാലിന്യത്തിന്റെ കാഠിന്യം ഇതിൽ നിന്നുതന്നെ ബോധ്യപ്പെടാവുന്നതാണ്.
ഫിൽറ്റർ സിഗററ്റുകളാണ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. ഈ ഫിൽറ്ററുകൾ നിർമിക്കപ്പെടുന്നത് ഒരുതരം പ്ലാസ്റ്റിക്കായ സെല്ലുലോസ് അസറ്റേഴ്സ് കൊണ്ടാണ്. വർഷങ്ങളെടുത്ത് മാത്രം മണ്ണിൽ ലയിച്ച് ചേരുന്നവയാണിത്.ലെഡ്, ആഴ്സനിക്, കാഡ്മിയം എന്നീ മൂലകങ്ങളും മറ്റ് രാസസംയുക്തങ്ങളും ഈ കുറ്റികളിൽ അടങ്ങിയിട്ടുണ്ട്. ഇവ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്.
പുകയില വിരുദ്ധ ദിനമായ ഇന്ന് നമുക്ക് പുകയില ഉപയോഗിക്കില്ലെന്ന കൂട്ടായ തീരുമാനമെടുക്കാം. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാം .
https://www.facebook.com/Malayalivartha