നമ്മുടെ കുട്ടികളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാം
സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ലഹരിയായി മാറിയിരിക്കുന്നു. ഇപ്പോൾ മദ്യപാനം ഏതാണ്ട് സാധാരണമായി കഴിഞ്ഞിരിക്കുന്നു. സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും മദ്യപാന രംഗങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കുടുംബസമേതം ഇത്തരം രംഗങ്ങള്‍ ആസ്വദിക്കുമ്പോള്‍ മദ്യപാനം അത്ര വലിയ തെറ്റല്ല എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്.മദ്യപാനത്തെപ്പറ്റിയുളള സംഭാഷണങ്ങള്‍ക്കും രഹസ്യ സ്വഭാവം ഇല്ലാതായി ഏത് ചടങ്ങുകള്‍ക്കും രണ്ടെണ്ണം അടിക്കുക പൊതു സ്വീകര്യമായ പ്രവൃത്തിയായി മാറിയിട്ടുണ്ട്. പിതാവിന്റെ മദ്യപാനം കണ്ടു പരിചയിച്ച ആണ്‍കുട്ടികള്‍(പെൺകുട്ടികളും) രഹസ്യമായി പരീക്ഷിച്ച് നോക്കുന്നു. ആദ്യം തോന്നുന്ന അരുചി പതുക്കെ പതുക്കെ ലഹരിക്ക് വഴിമാറുന്നു.
ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനോ ബോധ്യപ്പെടുത്തി പിന്‍തിരിപ്പിക്കാനോ ഉളള ധാര്‍മികത രക്ഷിതാക്കൾക്കും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഫലമോ? കുട്ടികൾ മദ്യപാനത്തിന്റെ ലഹരി പോരാഞ്ഞു മയക്കുമരുന്നിലേക്ക് കടക്കുന്നു. കുട്ടികള്‍ അവരുടെ വഴിക്ക് സഞ്ചരിക്കുന്നു.കൃത്യമായ ബോധവൽക്കരണവും ചികിത്സയും ഇല്ലെങ്കിൽ ഇത് അവരെ കൊണ്ടുചെന്നെത്തിക്കുന്നത് ലഹരിയുടെ മായിക വലയത്തിലായിരിക്കും
ഇന്ന് പൊതുവെ രക്ഷിതാക്കളിൽ കാണുന്ന പ്രവണതയാണ് മക്കളെ പോക്കറ്റ് മണി കൊടുത്ത് സന്തോഷിപ്പിക്കുക എന്നത്. വേണ്ടതിനും വേണ്ടാത്തതിനും പണം കൊടുക്കുന്ന അമ്മമാർ പക്ഷെ അറിയുന്നില്ല അവർ മക്കളോട് ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന്. കയ്യിലുള്ള പണം എന്ത് ചെയ്യുന്നു എന്ന് ചോദിക്കാനും രക്ഷിതാക്കൾ മറന്നുപോകുന്നു. ആവശ്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം കുട്ടികൾക്ക് പണം കൊടുക്കുക.കൂടുതല്‍ പണത്തിന്റെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ നേരിട്ടു നടത്തിക്കൊടുക്കാൻ ശ്രദ്ധിക്കണം.
കൃത്യമായ ഇടവേളകളില്‍ ഒരു രസത്തിനും അല്പം സാഹസികതയ്ക്കും വേണ്ടി കൂട്ടുകാര്‍ കൂടി ബിയര്‍ കഴിച്ച് തുടങ്ങുന്നു. ക്രമേണ കഞ്ചാവ് പോലെയുളള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന മനസ്സിന്റെയും ശരീരത്തിന്റെയും ഭാരക്കുറവ് ആസ്വദിച്ച് തുടങ്ങുന്നു. കഞ്ചാവും മദ്യവും ഒറ്റയ്ക്കുണ്ടാക്കുന്ന പ്രശ്‌നത്തേക്കാള്‍ പതിന്മടങ്ങ് ഭീകരമാണ് ഇവ ഒത്തു ചേര്‍ന്നാല്‍ . മറ്റ് ലഹരി വസ്തുക്കളെപ്പറ്റിയുളള അറിവ് മുതിര്‍ന്ന കുട്ടികളില്‍ നിന്നും അവര്‍ക്കിടയിലുളള ഏജന്റുമാരില്‍ നിന്നും നേടുന്നു. ക്രമേണ ലഹരിക്ക് അടിമയായി മാറുന്നു. മിക്കവാറും ഈ നിലയില്‍ എത്തിയ ശേഷമാണ് രക്ഷിതാക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.
കുറ്റബോധം,വ്യക്തിത്വ വൈകല്യം ,വിഷാദം,ചെറിയ വിഷമം പോലും താങ്ങാനാവത്ത അവസ്ഥ.ഉത്കണ്ഠ ,ആത്മഹത്യാ പ്രവണത,ഓര്‍മ്മക്കുറവ്,ഏകാന്തത ഇഷ്ടപ്പെടുകയും സ്വയം ഉള്‍വലിയുകയും ചെയ്യുന്ന അവസ്ഥ.ഏകാഗ്രതക്കുറവ്, ക്ഷീണം ,മടി,ഉറക്കക്കുറവ്,പഠനത്തില്‍ പെട്ടെന്ന് പിന്നോട്ട് പോവുക,അമിത ദേഷ്യം,അസ്വഭാവിക പെരുമാറ്റ രീതികള്‍ വീട്ടുകാരോട് അടുപ്പം കുറയല്‍ ബന്ധുക്കളെ അഭിമുഖികരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കാണുമ്പോൾ അതിനെ വളരെ ഗൗരവമായി തന്നെ എടുക്കണം.
കുട്ടികളുമായി മാതാപിതാക്കൾക്ക് നല്ല ആശയ വിനിമയം ഉണ്ടായിരിക്കണം. അവരുടെ കൂട്ടുകാർ ആരാണെന്നും അവരുടെ പശ്ചാത്തലവും മനസ്സിലാക്കണം. ചീത്ത കൂട്ട് കെട്ടുകളിൽ നിന്ന് വിട്ടു നിൽക്കാൻ അവരെ പ്രേരിപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.
പൊതുവെ കുട്ടികൾ അച്ഛനെയാണ് റോൾ മോഡലായി കാണുക. അതുകൊണ്ടു തന്നെ മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ അച്ഛനുള്ള പങ്ക് വളരെ വലുതാണ്. മുഴുക്കുടിയനായ അച്ഛന്റെ മകൻ മദ്യപിക്കുന്നതിനെ കുറ്റം പറയാനാവില്ലല്ലോ?
അദ്ധ്യാപകര്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണെന്ന ബോധം ഉള്‍കൊണ്ട് അവർക്ക് സ്‌നേഹവും കരുതലും നൽകണം . രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ സ്‌നേഹിക്കാനും ആ സ്‌നേഹം അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കണം
ഒരു സഹായിയായി,താങ്ങായി കരുതലുളളവരായി തങ്ങളുണ്ടെന്ന് കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം.
ഇപ്പോഴത്തെ ഉദ്യോഗസ്ഥ അണു കുടുംബങ്ങളിലെ ഏറ്റവും രൂക്ഷമായ പ്രശ്നം കുട്ടികൾ സ്‌കൂൾ വിട്ടു വീട്ടിൽ വരുന്ന സമയം വീട്ടിൽ ആരുമുണ്ടാകില്ല എന്നതാണ്. പിന്നെ ഒരു വഴി കുട്ടികളെ ട്യൂഷനു അയക്കുക എന്നതാണ്. എന്നാൽ കൃത്യമായി കുട്ടി അവിടെ എത്തുന്നുണ്ടോ എന്ന് പലപ്പോഴും അന്വേഷിക്കാനുള്ള സമയം മാതാപിതാക്കൾക്ക് ഉണ്ടാകാറില്ല. കുട്ടികള്‍ പകല്‍ എന്തു ചെയ്യുന്നു എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സ്‌കൂള്‍ ട്യൂഷന്‍ സമയവും യാത്ര സമയവും കഴിഞ്ഞ് കുട്ടി എത്തിയില്ലങ്കില്‍ അതിനു പറയുന്ന കാരണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണം.വീട്ടിലെത്തുമ്പോള്‍ കുട്ടിയുടെ മുഖവും പെരുമാറ്റവും ഗന്ധവും ശ്രദ്ധിക്കുക.എന്നാല്‍ ഇതെല്ലാം സംശയത്തോടെയാമെന്ന് അവര്‍ക്ക് തോന്നരുത്.
10 വയസ്സു മുതലെങ്കിലും കുട്ടികളോട് സൗഹ്യദത്തോടെ
പെരുമാറണം.അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം. ഭാവനകളെ പരിഗണിക്കണം. തമാശകള്‍ കേട്ട് ചിരിക്കണം. തീരുമാനങ്ങളില്‍ പങ്കാളിയാവണം .വീട്ടില്‍ പരിഗണനയുണ്ടന്ന് അവര്‍ക്ക് ബോധ്യപ്പെടണം.എല്ലാം അമ്മയോട്, അച്ഛനോട് പറയാം എന്ന ധൈര്യമുണ്ടാക്കണം.
ജൈവശാസ്ത്രപരമായി ആണ്‍കുട്ടികള്‍ അമ്മയോടും പെണ്‍കുട്ടികള്‍ അച്ഛനോടും അടുപ്പം കൂടുതാലായിക്കും ഈ അടുപ്പത്തെ സൗഹൃദമായി രൂപപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്.
കാലോചിതമായുണ്ടാവുന്ന മാറ്റങ്ങള്‍ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അതിനുളള അറിവും കഴിവും മാതാപിതാക്കള്‍ക്ക് ഇല്ലെങ്കില്‍ ഒരു കൗണ്‍സിലിംഗിന് കൊണ്ടു പോകണം .നല്ല സംസ്‌കാരവും സമൂഹത്തില്‍ തങ്ങള്‍ക്കുളള സ്ഥാനവും നല്ലതും ചീത്തയും എന്തല്ലാമാണെന്നും പറഞ്ഞു കൊടുക്കണം.
തെറ്റിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ആ പ്രലോഭനത്തെ എതിര്‍ക്കാനും അതിജീവിക്കാനും ഉപകരിക്കുന്ന തരത്തിലുളള കൗണ്‍സിലിംഗ് ഫലപ്രദമാണ്
ഇന്ന് പല സ്‌കൂളിലും കൗണ്‍സിലിംഗ് നടത്തുന്നുണ്ട് .എന്നാല്‍ അവയെല്ലാം അത്ര മാത്രം വൈദഗ്ദ്ധ്യമുളളതായി തോന്നുന്നില്ല .അതിനാല്‍ ചില അവസരങ്ങളിലെങ്കിലും വിപരീത ഫലം കാണാറുണ്ട് മദ്യപാനത്തിന്റെ ദോഷങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോള്‍ അതിത്രയേയുളേളാ അവിടെ വരെ എത്താതെ നോക്കിയാല്‍ പോരെ എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട് .അതിനാല്‍ ധാര്‍മ്മികതയും സംസ്‌കാരവും സംയോജിപ്പിച്ച് വ്യക്തി ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അന്തസ്സ് നിലനിര്‍ത്തി ജീവിക്കാനുളള ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
ലഹരിയോട് തോന്നാനിടയുളള ആസക്തി പഠനത്തിലേക്ക് തിരിച്ചു വിടാൻ അദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്. .പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന പതിവ് പല്ലവി മാറ്റി കേള്‍ക്കാന്‍ സാധ്യതയുളള നല്ല കാര്യങ്ങള്‍ പറയണം. അധ്യാപകര്‍ വീട്ടിന് പുറത്തുളള ആശ്രയമാണെന്ന് കുട്ടികള്‍ക്ക് ബോധ്യമാവണം.
മാസത്തില്‍ ഒരു തവണയെങ്കിലും ക്‌ളാസ്സ് ടീച്ചറുമായി കുട്ടിയുടെ സ്‌കൂളിലെ പെരുമാറ്റവും പഠനവും വിലയിരുത്തണം. അച്ഛന്‍ റോള്‍ മോഡലാവുക. കുടുംബ പാരമ്പര്യവും അന്തസ്സും സമൂഹത്തിലുളള സ്ഥാനവും ബോധ്യപ്പെടുത്തി മക്കളെ വളര്‍ത്താൻ മാതാപിതാക്കൾക്ക് കഴിയണം
https://www.facebook.com/Malayalivartha