നാരങ്ങ ആരോഗ്യത്തിന് ഉത്തമം
പണ്ടുകാലം തൊട്ടേ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒരു പാനീയമാണ് നാരങ്ങാവെള്ളം. നാരങ്ങാനീര് ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണ്. നാരങ്ങയില്‍ ധാരാളം വിറ്റാമിനുകളും, ധാതുലവണങ്ങളും പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ പാനീയമാണിത്.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍നിന്ന് ശരീരത്തെ ചെറുക്കാനാകും. നാരങ്ങ പിഴിഞ്ഞ് ജ്യൂസായും അച്ചാറിട്ടും മാത്രം കഴിക്കണമെന്നില്ല. നാരങ്ങാനീര് അകത്താക്കാന്‍ മറ്റു ചില പൊടിക്കൈകളും ഉണ്ട്.
* കട്‌ലറ്റോ സമൂസയോ കഴിക്കുമ്പോള്‍ രുചി കൂട്ടാന്‍ ലൈം സോസ് ഉപയോഗിക്കാം. നാരങ്ങാനീരിനൊപ്പം അല്‍പം വിനാഗിരി, ഉപ്പ്, കുരുമുളകുപൊടി, എന്നിവചേര്‍ത്ത് ലൈം സോസ് തയാറാക്കാം.
* പച്ചക്കറികള്‍ അരിഞ്ഞുണ്ടാക്കുന്ന വെജ് സാലഡില്‍ വിനാഗിരിക്കുപകരം നാരങ്ങാനീര് ചേര്‍ത്തുനോക്കൂ. പാകത്തിന് ഉപ്പും ചേര്‍ക്കുക.
* മല്‍സ്യത്തിനൊപ്പം നാരങ്ങാനീര് ബെസ്റ്റാണ്. മീന്‍ വറുക്കുമ്പോള്‍ നാരങ്ങാനീരില്‍ പുരട്ടിയ ശേഷം വറുത്തുകോരുക. പ്രത്യേക രുചി ഉണ്ടാകും.
* പ്രധാനഭക്ഷണത്തോടൊപ്പം കഴിക്കുന്ന സൈഡ് ഡിഷുകള്‍ക്ക് രുചി പകരാന്‍ നാരങ്ങാനീര് ഉപയോഗിക്കാം. ഉദാഹരണത്തിന് കോളിഫ്‌ലവര്‍, കാപ്‌സിക്കം, ഉരുളക്കിഴങ്ങ്, കൂണ്‍ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങള്‍ക്കൊപ്പം നാരങ്ങാനീര് ചേര്‍ത്തു കഴിക്കാം.
* അരി വേവിക്കുമ്പോള്‍ ഒരു തുള്ളി നാരങ്ങാനീര് ചേര്‍ക്കുക. ചോറ് പശപിടിത്തമില്ലാതെ കിട്ടും. നല്ല വെളുത്ത നിറവും ലഭിക്കും. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്‌ക്കൊപ്പവും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha