വിശ്വാസം രോഗം സുഖപ്പെടുത്തുന്നതെങ്ങനെ?
മരുന്നൊന്നും കഴിക്കാതെ തന്നെ ചിലപ്പോൾ രോഗങ്ങൾ മാറിയതായി പലരും സാക്ഷ്യപ്പെടുത്തിയത് കേട്ടിട്ടില്ലേ? പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, അക്യൂപങ്‌ചർ , മൂത്രചികിത്സ, കാന്തചികിത്സ, പൂജ, ധ്യാനം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇത്തരം ചികിത്സകൾ വെറും തട്ടിപ്പാണെന്നു പറയുന്നവരുണ്ടാകാം.അതെ സമയം പ്രാർത്ഥനയിലൂടെയും പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, തുടങ്ങിയവയിലൂടെയും രോഗം മാറിയതായി അവകാശപ്പെടുന്നവരും ധാരാളമുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം?
പ്ലെസീബോ പ്രതിഭാസം എന്നാണ് ഇത് അറിയപ്പെടുന്നത്. മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്. നിങ്ങൾക്ക് വിശ്വാസമുള്ള ഡോക്ടർ നോക്കിയാൽ അസുഖം ഭേദമാകാറില്ലേ? ഡോക്ടറുടെ പെരുമാറ്റത്തിനും രോഗ നിർണയ ചികിത്സകൾക്കുമെല്ലാം രോഗിയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയും. നല്ല ചികിത്സ ലഭിക്കുമെന്ന തോന്നൽ തന്നെ രോഗം സുഖപ്പെടാൻ കാരണമാകുമെന്നർത്ഥം. എന്നുവെച്ച് അത്ഭുതങ്ങൾ സംഭവിക്കുമെന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.ഹൃദ്രോഗം, കാൻസർ, ജനിതക രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇനി പ്രാർത്ഥിച്ചു മാറ്റാമെന്ന് കരുതരുത്.
പലപ്പോഴും പല രോഗങ്ങളും നിങ്ങളുടെ സ്‌ട്രെസ്സുമായി ബന്ധപ്പെട്ടതാണ്. സ്ട്രെസ് ( stress ) മാനസികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റു പല രോഗങ്ങളും ഉണ്ടാക്കാം. ഉദാഹരണത്തിന് വയറിലെ പ്രശ്‌നനങ്ങള്‍ ഹൃദ്രോഗം, അമിത വണ്ണം, ശ്വസനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നുതുടങ്ങി അനേകം പ്രശ്‌നങ്ങള്‍ സ്ട്രെസ് മൂലം ഉണ്ടാകാം.ഇവിടെയാണ് യോഗ ധ്യാനം എന്നിവയുടെ പ്രസക്തി. യോഗയും ധ്യാനവും ശരീരത്തിനും മനസിനും വ്യായാമം നല്‍കും, സ്ട്രെസ് കുറയ്ക്കും, സ്‌ട്രെസ്സ് കുറയുന്നതോടെ പല രോഗങ്ങളും ശമിക്കുകയും ചെയ്യും.
ഗവേഷണങ്ങള്‍ കാണിക്കുന്ന രസകരമായ പലകാര്യങ്ങളുമുണ്ട്. പ്ലെസീബോ ഗുളികകളെക്കാള്‍ ഫലപ്രദമാണ് പ്ലാസീബോ ഇന്‍ജക്ഷന്‍. തലവേദന വയറുവേദന തുടങ്ങിയവ എളുപ്പം മാറുന്നതിനു ഇഞ്ചക്ഷനാണ് കൂടുതൽ എംഫലപ്രദമെന്ന തോന്നലാണ് ഇതിനു പിന്നിൽ. മോര്‍ഫിന്‍ കൊടുക്കേണ്ട വേദനക്ക് വെറും ഉപ്പുവെള്ളം കുത്തിവച്ചുകൊണ്ട് രണ്ടാംലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വരെ ചെയ്തിട്ടുണ്ടത്രേ! വേദന കുറയാന്‍ മോര്‍ഫിനാണ് കുത്തിവച്ചതെന്ന് രോഗിയോട് പറഞ്ഞാല്‍ വേദനക്ക് അല്‍പ്പം കുറവുകിട്ടും, അത്രതന്നെ. മോർഫിനു പകരം ഉപ്പുവെള്ളം വിശ്വാസത്തോടെ കുത്തിവെച്ചാൽ ഓപ്പറേഷൻ നടത്താമെന്നൊന്നും വിചാരിക്കരുത്.
പ്ലെസീബോ പ്രതിഭാസം കൊണ്ട് രോഗം ഭേദമാകുന്നില്ല. രോഗിക്ക് തോന്നുന്ന ആശ്വാസം താൽക്കാലികമാണ്. ഉദാഹരണത്തിന് കാൻസർ രോഗിക്ക് അനുഭവപ്പെടുന്ന വേദനക്ക് താല്ക്കാലിക ആശ്വാസം നൽകാൻ പ്ലെസീബോ പ്രതിഭാസത്തിനു കഴിയും .എന്നാൽ അതുകൊണ്ട് കാൻസർ ഭേദമായി എന്നർത്ഥമില്ല. യഥാർത്ഥ രോഗം കണ്ടെത്താതെ ഇത്തരം ചികിത്സകൾക്ക് പുറകെ പോകുന്നത് ദോഷമേ ചെയ്യൂ. എന്നാൽ മാനസിക സമ്മർദ്ദം,ശാരീരിക ക്ഷീണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ആശ്വാസം നൽകാൻ വിശ്വാസത്തിന്റെ പിൻബലമുള്ള പ്ലെസീബോ പ്രതിഭാസത്തിനു കഴിയും
https://www.facebook.com/Malayalivartha