മൊബൈല്‍ ഫോണ്‍ നമ്മുടെ ഉറക്കവും ആരോഗ്യവും ഇല്ലാതാക്കും
രാത്രി കിടക്കും മുന്‍പ് ലാപ്‌ടോപിലും ടാബ്‌ലറ്റിലും മൊബൈലിലും കണ്ണുനട്ടിരിക്കുന്നവര്‍ ഓര്‍ക്കുക. ഇത് നമ്മുടെ ശരീരത്തെ തളര്‍ത്തു കളയും. സ്മാര്‍ട്‌ഫോണുകളുടെയും മറ്റ് സ്‌ക്രീനുകളിലെയും കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊടുംവെയിലത്തു നിന്നാല്‍ പോലും എല്ലാം വായിച്ചെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള സ്‌ക്രീനുകളുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങുന്നത് പതിവാണ്. അതിനാല്‍ത്തന്നെ ഏറ്റവും നല്ല രീതിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന സ്‌ക്രീനുകളാണ് മിക്ക കമ്പനികളും തയാറാക്കിയെടുക്കുന്നതും.
രാവിലെ ഇത് നല്ലതാണ്. സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയവയുടെ സ്‌ക്രീനുകളില്‍ നിന്നുള്ള പ്രകാശം ഒരു ജനലിനകത്തു കൂടെ സൂര്യപ്രകാശം കടന്നുവരുന്നതിന് തുല്യമാണത്രേ. ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെയും ഇത് ബാധിക്കും. രാവിലെ ഉണര്‍ന്നിരിക്കാനും രാത്രി ഉറക്കാനും സഹായിക്കുന്ന വിധം ഒരു ചാക്രികവ്യവസ്ഥ ഓരോ മനുഷ്യന്റെയും ശരീരം തയാറാക്കി വച്ചിട്ടുണ്ട്. ഉറക്കത്തെയും ഉണര്‍ന്നിരിക്കുന്നതിനെയും നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നത് മെലാടോണിന്‍ എന്ന ഹോര്‍മോണാണ്. മസ്തിഷ്‌കത്തിലെ പീനിയല്‍ ഗ്രന്ഥിയാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്.
രാത്രിയില്‍ ഇതിന്റെ ഉല്‍പാദനത്തിനനുസരിച്ചാണ് മനുഷ്യന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക. പുലര്‍ച്ചെ വരെ സുഗമമായി മെലാടോണിന്റെ ഉല്‍പാദനം ശരീരത്തില്‍ നടക്കും. എന്നാല്‍ നീലപ്രകാശം 'കുത്തിയൊലിക്കുന്ന' സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതോടെ മസ്തിഷ്‌കത്തിലേക്ക് തെറ്റായ സന്ദേശമാണ് പോവുക. അതോടെ മെലാടോണിന്റെ ഉല്‍പാദനം സംബന്ധിച്ച് പീനിയല്‍ ഗ്രന്ഥിക്ക് കണ്‍ഫ്യൂഷനാകും. ഇത് മെലാടോണിന്റെ ഉല്‍പാദനം കുറയ്ക്കാനും ഇടയാക്കും. അതോടെ ഉറക്കം നഷ്ടപ്പെടും. മൊബൈലിലേക്ക് നോക്കിയിരിക്കുന്ന സമയത്തോളം ഉറക്കം വരാതാകുമെന്നു ചുരുക്കം.
മൊബൈല്‍ മാറ്റിവച്ചാലും സുഗമമായ ഉറക്കം ദു:സ്വപ്നം മാത്രമായി അവശേഷിക്കുകയും െചയ്യും. ഇത്തരത്തില്‍ ഉറക്കം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്കു വരെ നയിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആപ്പിള്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ നൈറ്റ് ഷിഫ്റ്റ് മോഡ് ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. ചില സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ സമയമനുസരിച്ച് സ്‌ക്രീനിലെ പ്രകാശത്തിന്റെ തീവ്രതയും കുറയ്ക്കും.
ഉച്ചയ്ക്ക് നീലപ്രകാശമാണെങ്കില്‍ രാത്രി ഓറഞ്ച് നിറത്തോടെയുള്ള പ്രകാശമായിരിക്കും ഇവ വഴി പുറപ്പെടുവിക്കപ്പെടുക. ഇത് കണ്ണുകള്‍ക്ക് ബുദ്ധിമുട്ടാകുകയുമില്ല. കിടക്കുമ്പോള്‍ മെസേജിന്റെ ശബ്ദം കേള്‍ക്കുന്നതു പോലും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കട്ടിലിനു സമീപത്തു നിന്ന് മൊബൈല്‍ ഉള്‍പ്പെടെ അല്‍പം ദൂരേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും കണ്ണിനും ആരോഗ്യത്തിനും നല്ലത്.
https://www.facebook.com/Malayalivartha