ചക്കയും ചക്കക്കുരുവും
ഇന്ത്യയില്‍ കേരളം കൂടാതെ പല പ്രദേശങ്ങളിലും ചക്ക കാണപ്പെടുന്നുണ്ട്. ബംഗ്ലാദേശിന്റെ ദേശീയ ഫലം തന്നെ ചക്കയാണ്. 2 ടൈപ്പ് ചക്കയാണ് കേരളത്തില്‍ ഉള്ളത്. പഴുക്കുമ്പോള്‍ കട്ടിയുള്ള മാംസമുള്ളത് വരിക്കയും സോഫ്റ്റായുള്ളത് കൂഴയും. പിഞ്ചു ചക്ക മുതല്‍ ചക്കപ്പഴവും കുരുവും വരെ നമ്മള്‍ പല വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കൊതിയൂറും വിഭവങ്ങള്‍ക്ക് ഒപ്പം പല വിധത്തിലുള്ള പോഷകങ്ങളും ഇവയില്‍ നിന്നും ലഭിക്കും. മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നു തുടങ്ങി പല വിറ്റമിനുകളും മിനറലുകളും ചക്കയിലും ചക്കക്കുരുവിലും ചക്കപ്പഴത്തിലുമുണ്ട്.
പച്ച ചക്കയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും കുറവും നാരുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സംപുഷ്ടവുണ്. ചക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ചക്കക്കുരുവിലും ചക്കപ്പഴത്തിലും കാര്‍ബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. അതിനാല്‍തന്നെ ഊര്‍ജ്ജവും ഇവയിലാണ് കൂടുതലായി ഉള്ളത്. ഊര്‍ജ്ജം കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാലും ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാലും പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് പച്ച ചക്ക. എന്നാല്‍ അരിയാഹാരത്തിനെക്കാള്‍ അളവില്‍ കൂടുതല്‍ ചക്കവേവിച്ചത് കഴിക്കുന്നതു കൊണ്ടും തേങ്ങയുടെ അമിത ഉപയോഗം കൊണ്ടും ചില കൂട്ടുകറികള്‍ കൊണ്ടും പലരിലും ബ്ലഡ് ഷുഗര്‍ ഉയര്‍ന്നു കാണാറുണ്ട്.
ചക്കപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ആയതിനാല്‍ ഇവയുടെ ഉപയോഗം മിതമാക്കുന്നതാണ് ഉത്തമം. ചക്കയിലെയും ചക്കപ്പഴത്തിലെയും ആന്റിഓക്‌സിഡന്റുകളും വിറ്റമിനുകളും പ്രതിരോധശക്തി കൂട്ടാനും പ്രായമാകല്‍ കുറയ്ക്കാനും ചില അര്‍ബുദങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നു. പൊട്ടാസ്യം നല്ല രീതിയില്‍ ഉള്ളതുകൊണ്ടുതന്നെ ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാല്‍ കിഡ്‌നിക്ക് അസുഖം ബാധിച്ചവര്‍ പൊട്ടാസ്യം കണ്‍ട്രോള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇവയുടെ അളവില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം.
ഒരാള്‍ക്കു വേണ്ട ഫൈബറിന്റെ 25% ത്തില്‍ കൂടുതല്‍ നാരുകള്‍ 100 ഗ്രാം ചക്കയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നും ലഭിക്കുന്നു. അതിനാല്‍ തന്നെ ദഹനത്തെ സഹായിക്കാനും മലബന്ധം ഒഴിവാക്കാനും ചക്ക സഹായിക്കുന്നു. എന്നാല്‍ അമിതമായ ഉപയോഗം വായുവിന്റെ പ്രശ്‌നം വയറുകമ്പിക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു. കാല്‍സ്യം, വൈറ്റമിന്‍ സി, മഗ്‌നീഷ്യം ഇവ ഉള്ളതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. വൈറ്റമിന്‍ സി ഉള്ളതിനാല്‍ കാല്‍സ്യം ആഗീരണം വേഗത്തില്‍ ആകുന്നു. ബി വൈറ്റമിനുകള്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചക്കയ്ക്കും ചക്കക്കുരുവിനും ചക്കപ്പഴത്തിനും കഴിയും.
https://www.facebook.com/Malayalivartha