സ്‌ക്രബറിലുണ്ട് രോഗാണുക്കള്‍
മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു പലരും സ്‌ക്രബര്‍ കളയുന്നത്. ചിലര്‍ രാത്രി മുഴുവന്‍ അതു സോപ്പുപതയില്‍ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകും.സ്‌ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താല്‍ അതു കോടികള്‍ വരും. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തുന്നത്. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍, വയറിളക്കം തുടങ്ങി പലതരം രോഗങ്ങള്‍ സ്‌ക്രബറില്‍ വളരുന്ന ഫംഗസ് ഉണ്ടാക്കും.
സ്‌ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണമെഴുക്ക്, സ്‌ക്രബറിലെ നനവ് എന്നിവയെല്ലാം ചേര്‍ന്നാണ് ഫംഗസിനു വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്‌ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വയ്ക്കുക.
സോപ്പ് ഡിഷില്‍ ഇരിക്കുമ്പോള്‍ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെ ആയിത്തീരും. ഇതിലാണ് അണുക്കള്‍ വളരുക. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു കണ്ണ് അടുക്കളയിലേക്കും പോവുക. സ്‌ക്രബര്‍ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയില്‍ ഉപയോഗിക്കുന്നു എന്ന്.
ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ വിനാഗിരിയും അല്‍പം ബേക്കിങ് സോഡയും ചേര്‍ക്കുക. സ്‌ക്രബര്‍ ഇതില്‍ 15 മിനിറ്റ് നേരം മുക്കി വയ്ക്കുക. അണുക്കള്‍ നശിക്കും. ബ്ലീച്ചിങ് പൗഡര്‍ ഏത്ര ശക്തനായ അണുക്കളെയും കൊല്ലാന്‍ ശേഷിയുള്ളതാണ്. ബ്ലീച്ചിങ് പൗഡര്‍ ചെറു ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത വെള്ളത്തില്‍ സ്‌ക്രബര്‍ 10 മിനിറ്റ് മുക്കി വച്ച ശേഷം പലതവണ ശുദ്ധജലത്തില്‍ കഴുകിയെടുക്കുക. സോപ്പു വെള്ളത്തില്‍ മുക്കിയ ടൂത്ത് ബ്രഷ് ഉപയോഗിച്ചു സ്‌ക്രബറിന്റെ ട്രേയുടെ നാലു വശവും വൃത്തിയാക്കുക. മൂന്നാഴ്ച കൂടുമ്പോഴെങ്കിലും പഴയതു മാറ്റി പുതിയ സ്‌ക്രബര്‍ ഉപയോഗിക്കുക.
നമ്മള്‍ മുന്തിരി കഴുകുമ്പോള്‍ അതിലൊരെണ്ണം സിങ്കില്‍ വീണാല്‍ എന്തു ചെയ്യും. അതെടുത്തു കഴുകി വീണ്ടും ഉപയോഗിക്കും. എന്നാല്‍ സ്‌ക്രബര്‍ പോലെതന്നെ രോഗാണുക്കളുടെ കേന്ദ്രമാണ് സിങ്ക്. സിങ്കില്‍ മുന്തിരി വീഴുന്ന അതേ സെക്കന്‍ഡില്‍ കോടിക്കണക്കിനു രോഗാണുക്കളാണ് അതില്‍ പറ്റിപ്പിടിക്കുക. സിങ്കില്‍ വീണ ഭക്ഷണ സാധനങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
ദിവസം രണ്ടു തവണയെങ്കിലും സിങ്ക് സോപ്പ് ലോഷന്‍ ഉപയോഗിച്ചു വൃത്തിയാക്കണം. സിങ്ക് വൃത്തിയാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു. സിങ്കിന്റെ അടപ്പു മാറ്റുക. അതിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വേസ്റ്റും എടുത്തു കളയുക. സോപ്പ് ലോഷന്‍ ഒഴിച്ചു വൃത്തിയായി കഴുകുക. സിങ്കില്‍ ചൂടുവെള്ളം ഒഴിച്ച് അതില്‍ സോപ്പ് പൗഡറോ വിനാഗിരിയോ ഒഴിക്കുക. 15 മിനിറ്റിനു ശേഷം സിങ്ക് തുറന്നു വെള്ളം കളയുക. സിങ്ക് ക്ലീനാകും. സിങ്ക് വൃത്തിയാക്കിയ ശേഷം അതില്‍ നാരങ്ങയുടെ തൊണ്ട് ഉരസിയാല്‍ നല്ല തിളക്കം കിട്ടും.
https://www.facebook.com/Malayalivartha