മഞ്ഞള്‍ ക്യാന്‍സര്‍ തടയും
മഞ്ഞളിന്റെ ഗുണങ്ങള്‍ അറിയാത്തവരായി ആരുമില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ആരോഗ്യ സംരക്ഷണത്തിനായാലും മഞ്ഞള്‍ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. മഞ്ഞള്‍ ദിവസവും ഭക്ഷണത്തില്‍, പ്രത്യേകിച്ചും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. കുട്ടികളിലുണ്ടാവുന്ന അര്‍ബുദത്തെ തടയാന്‍ മഞ്ഞളിന് ആവുമെന്നു പഠനം. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുര്‍കുമിനെ അതിസൂക്ഷ്മ കണികകള്‍ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്.
യു എസിലെ സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെയും നെമോര്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും ഗവേഷര്‍ നടത്തിയ പഠനത്തില്‍, കുര്‍കുമിന്‍ അടങ്ങിയ അതിസൂക്ഷ്മ കണികകള്‍ ന്യൂറോബ്ലാസ്‌റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു. സാധാരണയായി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അര്‍ബുദമാണ് ന്യൂറോബ്ലാസ്‌റ്റോമ. നാഡീകോശങ്ങളില്‍ ആരംഭിച്ച് അഡ്രീനല്‍ ഗ്രന്ഥിയിലെ കലകളിലേക്കും തുടര്‍ന്ന് വൃക്കകളിലേക്കും ഇതു ബാധിക്കും.
കേള്‍വി ശക്തി നഷ്ടപ്പെടുക, വളര്‍ച്ചയും ബുദ്ധിവികാസവും വൈകുക, മറ്റ് വൈകല്യങ്ങള്‍ മുതലായവയ്ക്കും ഈ അര്‍ബുദം കാരണമാകും. പലപ്പോഴും ന്യൂറോബ്ലാസ്‌റ്റോമയ്ക്ക് ചികിത്സ ഫലപ്രദമാകാറുമില്ല. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ ആകട്ടെ അര്‍ബുദത്തെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്ന് തെളിഞ്ഞതാണ്. എങ്കിലും അതിന്റെ ലയിക്കാനുള്ള കഴിവു കുറവും മൂലം ചികിത്സാ രംഗത്ത് ഉപയോഗിക്കുന്നതിനു തടസ്സമായിരുന്നു.
ഈ പഠനത്തില്‍ ഗവേഷകര്‍ സെറിയം ഓക്‌സൈഡിന്റെ അതിസൂക്ഷ്മ കണികകളുടെ ഒപ്പം കുര്‍കുമിനും ചേര്‍ത്ത് ന്യൂറോബ്ലാസ്‌റ്റോമ ബാധിച്ച കോശങ്ങളില്‍ പരീക്ഷിച്ചു. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ തന്നെ അര്‍ബുദ കോശങ്ങളെ ഇതു നശിപ്പിച്ചതായി കണ്ടു. മഞ്ഞള്‍ അര്‍ബുദത്തെ തടയും എന്ന് തെളിയിച്ച ഈ പഠനം 'നാനോസ്‌കെയില്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha