കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും
ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവളര്‍ച്ചയ്ക്കും ആവശ്യമായ ഭക്ഷണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഏതൊക്കെ ഭക്ഷണമാണ് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കായി നല്‍കേണ്ടത് എന്നതിനെക്കുറിച്ച് മിക്ക അമ്മമാര്‍ക്കും ധാരണയില്ല. കുട്ടികള്‍ക്കു നൂഡില്‍സും ബ്രെഡും മറ്റു ബേക്കറി വിഭവങ്ങളും നല്‍കുന്നതിനു പകരം ധാന്യങ്ങള്‍കൊണ്ട് പാകം ചെയ്ത ഭക്ഷണം ഉറപ്പാക്കുക. അരി മാത്രമല്ല ഗോതമ്പും ചോളവും എള്ളും എല്ലാം ഓരോ ദിവസവും മാറിമാറി ഉള്‍പ്പെടുത്തണം. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ഓരോ മുട്ട വീതം നല്‍കാം. എല്ലാ ദിവസവും ഓംലറ്റ് രൂപത്തില്‍ നല്‍കുന്നതിനു പകരം മുട്ട റോള്‍, മുട്ട ബജി, മുട്ട സമോസ അങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാം. എല്ലാ ദിവസവും രാവിലെയോ രാത്രി കിടക്കാന്‍ നേരത്തോ ഒരു ഗ്ലാസ് പാല്‍ നല്‍കാന്‍ മറക്കരുത്. ഇത് ഉത്തമമായ സമീകൃതാഹാരമാണ്.
എല്ലാ പഴങ്ങളും നല്ലതുതന്നെ, പക്ഷേ കഴിവതും കീടനാശിനികള്‍ കുറച്ചുപയോഗിച്ചു വിളഞ്ഞ നാടന്‍ ഏത്തപ്പഴം പുഴുങ്ങി നല്‍കുന്നതു നന്നായിരിക്കും. എല്ലാ ദിവസവും ഒരു കൈക്കുമ്പിള്‍ നട്‌സ് നല്‍കുക. ഇതില്‍ കശുവണ്ടി, കപ്പലണ്ടി, ബദാം എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചയ്ക്കു കഴിക്കുന്നില്ലെങ്കില്‍ വറുത്തു കൊറിക്കാന്‍ നല്‍കാം. ദിവസവും ഒരു നേരം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തോരനായി തയാറാക്കി ഉച്ചയൂണിനു കൊടുത്തുവിടാം. കുട്ടികളല്ലേ, അല്‍പം ചോക്ക്‌ലേറ്റ് കഴിക്കുന്നതുകൊണ്ട് ദൂഷ്യമില്ല. മിതമായ അളവില്‍ നല്‍കണമെന്നു മാത്രം. ദിവസവും വേണ്ട, ക്ലാസ് ടീച്ചറുടെ 'വെരി ഗുഡ് കമന്റുമായി വരുമ്പോള്‍ അല്ലെങ്കില്‍ ഒരു ഗെയിമില്‍ ജയിച്ചുവരുമ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കുക. ഇതു പ്രചോദനമാകും.
https://www.facebook.com/Malayalivartha