മറ്റൊരു കുരുന്നിന്റെ കാഴ്ച സംരക്ഷിച്ചത് ഒരമ്മയുടെ എഫ്ബി പോസ്റ്റ് !
ക്യാമറയുടെ ഫ്‌ലാഷ് മിന്നുമ്പോള്‍ മകള്‍ ഫെലിസിറ്റിയുടെ കണ്ണ് 'പൂച്ചക്കണ്ണ്' പോലെയാകുന്നത് ഷാലെറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമായി കരുതി ഷാലെറ്റ് അത് അവഗണിച്ചു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കുടുംബ സുഹൃത്താണ് ഫെലിസിറ്റിയെ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഷാലെറ്റിനോടു നിര്‍ദ്ദേശിച്ചത്.
എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകള്‍ ഷാലെറ്റിനെ തകര്‍ത്തു കളഞ്ഞു. കുഞ്ഞിന്റെ ഓരോ കണ്ണിലും മൂന്നുവീതം ട്യൂമറുകള്‍. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപ്പോയി. കുഞ്ഞാകട്ടെ യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചിട്ടുമില്ല. സാധാരണ ഒരു കുഞ്ഞിനെപ്പോലെ ഏറെ സന്തോഷവതിയായിരുന്നു അവളും. കുഞ്ഞിന്റെ കണ്ണില്‍ ഷാലെറ്റ് കണ്ട ആ തിളക്കം ട്യൂമറുകളാകുമെന്ന് സ്വപ്നത്തില്‍പ്പോലും ആ അമ്മ കരുതിയിരുന്നില്ല.
ആദ്യം കുഞ്ഞിന്റെ രോഗവിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഷാലെറ്റും ഇഷ്ടപ്പെട്ടത്. വളരെ അപൂര്‍വമായി കാണുന്ന കാന്‍സര്‍ ആയതിനാലും തിരിച്ചറിയാന്‍ വൈകുമെന്നതിനാലുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചതെന്ന് ഷാലെറ്റ് പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം പ്രചരിക്കുമെന്നു കരുതിയ പോസ്റ്റ് 65,000 തവണ ഷെയര്‍ ചെയ്യപ്പെട്ടപ്പോഴാണ് രോഗത്തിന്റെ ഭീകരാവസ്ഥ എത്രത്തോളമാണെന്ന്് ബോധ്യമായത്.
ഈ പോസ്റ്റ് കണ്ടാണ് ഇരുപതുകാരിയായ തവോമി ഷാര്‍ലറ്റ് തന്റെ മകള്‍ ലിഡിയയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ലിഡിയയിലും ഇതേ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലിഡിയയുടെ ഇടതുകണ്ണിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാന്‍സര്‍ വ്യാപിക്കുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ഇന്‍ഡ്രോകുലര്‍ റെററിനോബ്ലാസ്‌റ്റോമ(Intraocular Retinoblastoma) ആയിരുന്നു ലിഡിയയുടെ ഇടതുകണ്ണിനെ ബാധിച്ചത്. ഇത് ടൈപ്പ് ഇ എന്നാണറിയപ്പെടുന്നത്.
ട്യൂമര്‍ വളരെ വലുതായതിനാല്‍ ഇടതു കണ്ണ് സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലായിരുന്നു. കണ്ണ് എടുത്തു മാറ്റുക മാത്രമായിരുന്നു ഏകപോംവഴി. ആ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രോഗം തിരിച്ചറിയില്ലായിരുന്നുവെന്ന് ലിഡിയയുടെ മാതാപിതാക്കള്‍ പറയുന്നു. അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് ഷാലെറ്റിനോട് ഇവര്‍ നന്ദി പറയുന്നു.
ഇപ്പോള്‍ ഫെലിസിറ്റിക്ക് കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ചികിത്സയോട് പോസിറ്റീവായി അവള്‍ പ്രതികരിക്കുന്നുണ്ടെന്നും ഷാലെറ്റ് പറയുന്നു. വലതുകണ്ണിന്റെ കാഴ്ച തിരികെ കിട്ടിയിട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ നടന്നുവരുന്നു.
യു.കെയില്‍ 40 മുതല്‍ 50 കുട്ടികളില്‍ വരെ ഒരുവര്‍ഷം ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതു തിരിച്ചറിയാന്‍ കഴിയുന്നത് ഒന്‍പതു മാസത്തിനു ശേഷമാണ്.
https://www.facebook.com/Malayalivartha