എങ്ങനെ വേനലിനെ അതിജീവിക്കാം വേനല്ക്കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ ?
പതിവിലും കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ട് ഇതാ ഒരു വേനൽക്കാലം കൂടി. സൂര്യന്റെ തീക്ഷ്ണ രശ്മികളിൽ നിന്നും നമുക്കു രക്ഷ നേടിയേ പറ്റൂ. പക്ഷെ എങ്ങനെ ? ഈ കാലയളവിൽ സൂര്യാഘാതവും നിര്ജ്ജലീകരണവും പോലുള്ള നിരവധി ഗുരുതരമായ പ്രശ്നങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. വേനൽക്കാലത്തെ നേരിടാനായി ഇതാ ചില ഓർമ്മപ്പെടുത്തലുകൾ.
ചൂട് സ്വയം ക്രമീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടലാണ് സൂര്യാഘാതം. ചർമത്തിലെ വർണവസ്തുവായ മെലാനിന്റെ അളവിനെ ആശ്രയിച്ചാണ് അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണം. മെലാനിൻ കുറവുള്ള വെളുത്ത നിറമുള്ളവർ സൂര്യപ്രകാശത്തോട് അമിതമായി പ്രതികരിക്കും. സൂര്യാഘാതം എൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുടി വരികയാണ്. ഇതിൽ നിന്ന് രക്ഷ നേടാനായി ഉച്ച സമയങ്ങളിൽ സൂര്യ രശ്മികൾ നേരിട് ഏൽക്കാതിരിക്കുക. തുറസായ സ്ഥലത്തു നിൽക്കുന്നതും പണിയെടുക്കുന്നതും ഒഴിവാക്കുക.
സൂര്യാഘാതമേറ്റാൽ അടിയന്തിരമായി എന്തൊക്കെ ചെയ്യണം
● എത്രയുംവേഗം തണലത്തേക്ക് മാറ്റുക.
● ശക്തിയായി വീശുക.
● തണുത്ത വെള്ളംകൊണ്ട് തുടർച്ചയായി ദേഹം തുടയ്ക്കുക.
● കൈകാലുകൾ തിരുമ്മുക. കഴിവതുംവേഗം ആശുപത്രിയിൽ എത്തിക്കുക.
നിർജ്ജലീകരണം വേനൽ കാലത്തു നേരിടേണ്ടി വരുന്ന ഒരു ഗുരുതര പ്രശ്നമാണ്. നമ്മുടെ ശരീരത്തിൽ നിന്നും സ്വേദനത്തിലൂടെയും മുത്രത്തിലൂടെയും മറ്റും ധാരാളം ജലം ശരീരത്തിൽ നിന്നും നഷ്ടപ്പെടാം. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. രാമച്ചം, ഞെരിഞ്ഞിൽ എന്നിവ ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ജലാംശം കൂടുതൽ അടങ്ങിയ തണ്ണിമത്തൻ ഓറഞ്ച് തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുക. തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങ നീര് ചേർത്ത് കഴിച്ചാൽ ആരോഗ്യവും ഉന്മേഷവും എല്ലാം വളരെയധികം വര്‍ദ്ധിക്കും. നിര്ജ്ജലീകരണത്തെ തടയാനുള്ള ഏറ്റവും നല്ല ഉപാധിയാണ് തണ്ണിമത്തനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം കുടിക്കുക എന്നത്.
വേനൽക്കാലത്തു നേത്ര രോഗങ്ങളും പിടിപെടാനിടയുണ്ട്. കണ്ണിന് അലര്‍ജി, ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. കണ്ണിനുള്ളിലെ ഊഷ്മാവ് സന്തുലനം ചെയ്യാൻ ഇടയ്ക്കിടെ തണുത്ത ശുദ്ധ ജലത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ചിക്കന്‍പോക്‌സ്, വയറിളക്കം, പൊടിമൂലം ഉണ്ടാകുന്ന അലർജി, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. ഒന്ന് ശ്രദ്ധിച്ചാൽ വേനലിനെ നമുക്കു വരുതിയിലാക്കാം.
https://www.facebook.com/Malayalivartha