ബ്രെയിന്‍ അന്യൂറിസം അഥവാ തലച്ചോറിലെ ധമനിവീക്കം
ഒരു ബലൂണില്‍ കട്ടികുറഞ്ഞ ഒരു ഭാഗം ഉണ്ടെന്ന് കരുതി നോക്കൂ. ആ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ പ്രസ്തുത ഭാഗത്തിന് എന്താണ് സംഭവിക്കുക എന്നു ചിന്തിക്കാവുന്നതല്ലേയുള്ളൂ. അത് വലിഞ്ഞ് പെട്ടെന്ന് പൊട്ടുമെന്ന സ്ഥിതിയിലെത്തും. അതു തന്നെയാണ് ബ്രെയിന്‍ അന്യൂറിസം. തലച്ചോറിനുള്ളില്‍ ഉള്ള രക്തക്കുഴലിന്റെ ഭിത്തിയിലെ ഒരു കട്ടികുറഞ്ഞ ഭാഗമാണ് അന്യൂറിസം.
രക്തക്കുഴലിന്റെ പ്രസ്തുത ഭാഗം സ്ഥിരമായ രക്തപ്രവാഹത്തെത്തുടര്‍ന്ന്, വീണ്ടും ശക്തി കുറയുകയും ഒരു കുമിളപോലെ വീര്‍ത്തു വരികയും ചെയ്യുന്നു. ഒരു ചെറിയ നെല്ലിക്കയോളം വലിപ്പം വരെ വരും.
തലച്ചോറില്‍ ധമനിവീക്കം എന്നുപറയുമ്പോള്‍ അമ്പരപ്പുണ്ടാക്കുമെങ്കിലും, ഇവ മിക്കവാറും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാക്കുകയോ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യാറില്ല. നിങ്ങളുടെ തലച്ചോറിനുള്ളിലെ ഒരു ധമനിയില്‍ വീക്കമുണ്ട് എന്ന കാര്യം അറിയുക പോലുമില്ലാതെ നിങ്ങള്‍ക്ക് ജീവിതം ജീവിച്ചു തീര്‍ക്കാനുമാവും.
എന്നാല്‍ അപൂര്‍വ്വം ചില കേസുകളില്‍ അന്യൂറിസത്തിന് വല്ലാതെ വലിപ്പം കൂടുകയോ, അതില്‍നിന്ന് രക്തം പുറത്തേക്ക് ഒഴുകുകയോ, അവ പൊട്ടുകയോ ചെയ്യാറുണ്ട്. തലച്ചോറിലെ രക്തസ്രാവം അഥവാ ഹെമറേജിക് സ്‌ട്രോക് വളരെ ഗൗരവമേറിയതും അടിയന്തിര മെഡിക്കല്‍ പരിചരണം ആവശ്യമുള്ളതുമാണ്.
ഇങ്ങനെ അന്യൂറിസം പൊട്ടാനിടയാകുന്നത് താഴെപറയുന്ന അവസ്ഥകള്‍ക്ക് വഴിവച്ചേക്കാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥ (സെറിബ്രല്‍ വസോ സ്പാസം), തലച്ചോറിനുള്ളില്‍ അമിതമായി സ്‌പൈനല്‍ ഫഌയിഡ് നിറയുക (ഹൈഡ്രോസെഫാലസ്), കോമ, തലച്ചോറിന് സ്ഥിരമായ ദോഷം സംഭവിക്കല്‍ എന്നിവയാണത്.
അന്യൂറിസം പൊട്ടുന്നുണ്ടെങ്കില്‍ താഴെപറയുന്ന ലക്ഷണങ്ങള്‍ കണ്ടേക്കാം. അതീവ വേദനയോടെയുള്ള തലവേദന, ബോധം നഷ്ടപ്പെടല്‍, ഓക്കാനം, ഛര്‍ദ്ദി, മയക്കം, നടക്കുമ്പോള്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കഴുത്തിന് മുറുക്കം, കൃഷ്ണമണി വികസിക്കുക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഇരട്ടയായി കാണുകയോ, കാഴ്ച മങ്ങുകയോ ചെയ്യുക, തൂങ്ങുന്ന കണ്‍പോളകള്‍, വിറയല്‍, പരിസരത്തെക്കുറിച്ച് ബോധമില്ലാത്ത അവസ്ഥ ഇങ്ങനെയുള്ളവ ഉണ്ടെങ്കില്‍ ഗുരുതരമായ സാഹചര്യമാണെന്ന് മനസ്സിലാക്കണം.
അന്യൂറിസം ലക്ഷണങ്ങളൊന്നും പുറമേ പ്രകടിപ്പിക്കില്ലെങ്കിലും അവയ്ക്ക് വലിപ്പം കൂടുമ്പോള്‍ അവ അടുത്തുള്ള നാഡികളെ ഞെരുക്കാനിടയുണ്ട്. അപ്പോള്‍ താഴെപറയുന്ന ലക്ഷണങ്ങള്‍ കണ്ടേക്കാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, മുഖത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും മരവിപ്പും അനുഭവപ്പെടുക എന്നിവയൊക്കെ അപ്പോള്‍ പ്രത്യക്ഷപ്പെട്ടേക്കാം.
പ്രായമേറുമ്പോഴാണ് അന്യൂറിസം ഉണ്ടാകുന്നത്. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇതിന് സാധ്യത കൂടുതലാണ്. ജനിക്കുമ്പോഴേ ബലക്ഷയമുള്ള രക്തധമനിയുണ്ടെങ്കില്‍ അന്യൂറിസം ഉണ്ടായേക്കാം. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് അന്യൂറിസത്തിന് സാധ്യതയുള്ളത്.
https://www.facebook.com/Malayalivartha