ഇനി കഷണ്ടിയെ പേടിക്കണ്ട; കഷണ്ടിക്കും മരുന്ന് റെഡി
പഴഞ്ചൊല്ലിൽ പതിരില്ല എന്നിനി തറപ്പിച്ചു പറയാനാവില്ല എന്തെന്നാൽ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാണല്ലോ ഇതുവരെ നമ്മൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കഷണ്ടിക്കുള്ള മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. തലയിൽ മുടിയില്ലാത്തവരെ ഇനി കഷണ്ടിയെ പേടിക്കണ്ട. യു കെ യിലെ മാഞ്ചസ്റ്റർ സർവകലാശാല ഗവേഷകരാണ് അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് കഷണ്ടി മാറ്റുമെന്ന് കണ്ടെത്തിയത്.
മനുഷ്യരിലെ മുടി വളർച്ചയ്ക്കു സഹായിക്കുന്ന പുതിയ മാർഗങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഗവേഷകരെ പുതിയ കണ്ടെത്തലിൽ കൊണ്ടെത്തിച്ചത്. ശസ്ത്രക്രിയയിലൂടെ മുടി വച്ചു പിടിപ്പിക്കുക എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ശാശ്വത പരിഹാരം. എന്നാൽ ഇവിടെ പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നു. ഇമ്മ്യൂണോസപ്രസീവ് ഡ്രഗ് ആയ സൈക്ലോസ്പോറിൻ എ(Cyclosporine A-CSA) എന്ന മരുന്നിന്റെ പാർശ്വഫലം എന്നത് അനാവശ്യമായ രോമ വളർച്ചയാണ്. ഈ സവിശേഷതയാണ് ഗവേഷകരെ ചിന്തിപ്പിച്ചത്.
ഗവേഷണത്തിന്റെ ആദ്യ ഘട്ടം എന്ന നിലക്ക് CSA യുടെ തൻമാത്രാപ്രവർത്തനങ്ങൾ തിരിച്ചറിയുകയാണ് ചെയ്തത്. ഇതിനായി ഈ മരുന്ന് ഉപയോഗിച്ച മനുഷ്യനിലെ രോമകൂപങ്ങളുടെ ജീൻഎക്സ്പ്രഷൻ ഗവേഷകർ വിശകലനം ചെയ്തു. രോമകൂപങ്ങൾ ഉൾപ്പടെ നിരവധി കലകളുടെ വളർച്ച തടയുന്ന പ്രോട്ടീൻ ആണ് SFRPI. ഈ പ്രോട്ടീന്റെ പ്രവർത്തനങ്ങളെ CSA കുറയ്ക്കുകയോ തടയപ്പെടുകയോ ചെയ്യുന്നതായി കണ്ടെത്തി.
അസ്ഥികൾ പൊടിയുന്ന രോഗമായ ഒസ്റ്റിയോപൊറോസിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന സംയുക്തമായ WAY 316606 എന്ന മരുന്നും CSAയെപ്പോലെതന്നെ മനുഷ്യരിലെ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു എന്ന് കണ്ടെത്തി. പാർശ്വഫലങ്ങളില്ലാതെ തന്നെ CSAയെക്കാൾ മെച്ചപ്പെട്ട രീതിയിൽ മുടിവളർച്ചയ്ക്ക് WAY 316606 സഹായിക്കുന്നു എന്ന് ഗവേഷകർ തെളിയിച്ചു. നാഥൻ ഹൗക്ഷോയുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സംഘമാണ് ഈ പഠനത്തിന് പിന്നിൽ. ഇവരുടെ പഠനം PLOS ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha