ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ ഉള്ള ഗുണങ്ങള്‍
വിഘ്നനിവാരണനായ ഗണപതി ഭഗവാനെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീല്‍. മറ്റു ദേവീദേവന്മാര്‍ക്ക് ഏത്തമിടീല്‍ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവര്‍ന്നുമാണ് ഏത്തമിടുന്നത്.
ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടമുള്ള അനുഷ്ഠാനമാണ് ഏത്തമിടീല്‍. ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്‌നങ്ങള്‍ നീക്കാനുള്ള ഉത്തമ മാര്‍ഗ്ഗമായാണ് ഭക്തര്‍ ഏത്തമിടലിനെ കരുതുന്നത്. ഏത്തമിടല്‍കൊണ്ട് ശാരീരികമായി വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ഏത്തമിടല്‍ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിച്ച് ബുദ്ധിക്കുണര്‍വുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതുമാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.
ഗണപതിയും എത്തവും തമ്മില്‍ താന്ത്രികമായ ബന്ധം കൂടിയുണ്ട്. മനുഷ്യ ശരീരത്തെ പൊതുവെ ഷഡ് ചക്രങ്ങളായി വിഭജിച്ചിട്ടുണ്ട് . ഏറ്റവും താഴെയുള്ള ചക്രമാണ് മൂലാധാരം. ഓരോ ചക്രത്തിനും ഓരോ അധിദേവതയുണ്ട്. മൂലാധാരത്തിന്റെ അധിദേവത ഗണപതിയാണ്. അതിന്റെ ബീജമന്ത്രം ''ലം'' ആണ് . അതിന്റെ തത്വം പൃഥ്വി തത്വമാണ്. ലം എന്ന ബീജ മന്ത്രത്തില്‍ നിന്നാണ് ഗണപതിക്ക് ലംബോദരന്‍ എന്ന പേര് ലഭിച്ചത്..മൂലാധാരത്തിന്റെ ആകൃതി സമചതുരമാണ്. അതിനാലാണ് ഗണപതിയുമായി ബന്ധപ്പെട്ട എല്ലാം സമചതുരത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. ഗണപതി ഹോമത്തിന്റെ കുണ്ഡവും സമചതുരമാണ്.
ഏത്തമിടുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ സ്ഥിതി കരകനായ ഭഗവാന്‍ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഉണ്ണിയായ ഗണപതി ഭഗവാന്‍ കാഴ്ചകള്‍ കാണാന്‍ വൈകുണ്ഠത്തിലൂടെ അങ്ങോളമിങ്ങോളം നടന്നു. ഈ നടപ്പിനിടെ ഭഗവാന്റെ സുദര്‍ശനചക്രം കാണാനിടയായി. ഉണ്ണിഗണപതിക്ക് എന്തു കണ്ടാലും വായിലിടുന്ന സ്വഭാവമാണുള്ളത്. ചക്രായുധവും എടുത്ത് വായിലിട്ടു. എന്നിട്ടു വിഴുങ്ങാന്‍ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി കള്ളത്തരത്തില്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. തിരികെ വാങ്ങാന്‍ എന്ത് ചെയ്യും.? ഭയപ്പെടുത്തതാണ് പറ്റില്ല. പേടിച്ചു വിഴുങ്ങാന്‍ സാധ്യതയുണ്ട്. ചിരിപ്പിക്കുക എന്നതാണ് ഏക വഴി.ഉണ്ണി ഗണേശനെ കുടുകുടെ ചിരിപ്പിക്കാന്‍ ഭഗവാന്‍ മഹാവിഷ്ണു ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. പ്രത്യേക ശരീര ചലനങ്ങളോടെ വിഷ്ണു തനിക്കു മുന്നില്‍ ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ഉണ്ണി വായ പിറക്കുകയും ചക്രായുധം നിലത്തു വീണു കിട്ടുകയും ചെയ്തു. അങ്ങിനെ ആ ആപത്ത് ഒഴിഞ്ഞു.
https://www.facebook.com/Malayalivartha