ശരീരത്തെ പരിപൂര്‍ണ ആരോഗ്യത്തിലെത്തിക്കാന്‍
കുടുംബത്തിലെ ശാന്തിക്കും സമാധാനത്തിനും ഒരമ്മ കാരണമാകുന്നതുപോലെ സര്‍വാംഗാസനം മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സര്‍വാംഗാസനം എന്നു പേരു വന്നത്.
മനുഷ്യശരീരത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും മറുമരുന്നാണ് സര്‍വാംഗാസനം. അരമണിക്കൂര്‍ ധ്യാനിക്കുമ്പോള്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന തരംഗമാറ്റം (ശാന്തത) അഞ്ച് മിനിറ്റ് സര്‍വാംഗാസനത്തില്‍ ലഭിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ത്രിമൂര്‍ത്തികളില്‍ (ശീര്‍ഷാസനം, സര്‍വാംഗാസനം, പശ്ചിമോത്ഥനാസനം) ഒന്നായ സര്‍വാംഗാസനം ശരീരത്തെ പരിപൂര്‍ണ ആരോഗ്യത്തിലെത്തിക്കുന്നു. കഴുത്തുവേദന, നട്ടെല്ലു സംബന്ധമായ അസുഖങ്ങള്‍, വാതം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ യോഗാചാര്യന്റെ നിര്‍ദേശപ്രകാരം സര്‍വാംഗാസനം ചെയ്യുക.
സര്‍വാംഗാസനം എങ്ങനെ ചെയ്യുമെന്നു നോക്കാം
1. മലര്‍ന്നു കിടക്കുക. കൈകള്‍ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക.
2. ശ്വാസമെടുത്തു കൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയര്‍ത്തുക.
3. കാലുകള്‍ക്കൊപ്പം അരക്കെട്ടും ഉയര്‍ത്തുക. തോളുകള്‍ വരെ ഉയര്‍ത്തുക. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗവും തോള്‍ഭാഗവും നിലത്തു പതിഞ്ഞിരിക്കണം.
4. പുറംഭാഗത്ത് രണ്ടു കൈകള്‍ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയില്‍ ദീര്‍ഘമായി ശ്വാസമെടുക്കുക. ശരീരം ആടരുത്. ആസനം കഴിയുമ്പോള്‍ കാലുകള്‍ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരണം.
യോഗ ശീലമാക്കിയവര്‍ സര്‍വാംഗാസനത്തില്‍ നിന്ന് നേരിട്ട് ഹലാസനത്തിലേക്കും പിന്നീട് ഹലാസനത്തിന്റെ വിപരീത ആസനമായ സേതുബന്ധാസനവും അവസാനം മത്സ്യാസനവും ചെയ്യുന്നുണ്ട്. തുടക്കക്കാര്‍ക്ക് സര്‍വാംഗാസനം കഴിഞ്ഞ് നേരിട്ട് മത്സ്യാസനം ചെയ്യാം.
ശരീരവളര്‍ച്ചയ്ക്കും ഹൃദയത്തിനും
സര്‍വാംഗാസനം ശീലിച്ചാല്‍ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ശക്തിപ്പെടുന്നു. തൈറോയ്ഡിലേക്ക് കൂടുതല്‍ രക്തപ്രവാഹമുണ്ടാവുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഈ ആസനം ശരീരവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഹൃദയത്തിന് ഏറ്റവും നല്ല ആസനമാണ്. സര്‍വാംഗാസനത്തില്‍ നില്‍ക്കുമ്പോള്‍ താടി നെഞ്ചോടമരുന്നതു കാരണം ഹൃദയപ്രവര്‍ത്തനം ക്രമീകരിക്കപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി മനസ് ശാന്തമാകുന്നു. ശരീരഭാരം നിയന്ത്രിതമാകുന്നു. ഹൃദയമിടിപ്പ്, ഹൃദയം ചുരുങ്ങുക എന്നിവ നിയന്ത്രിക്കുന്നു. യുവത്വം നിലനിര്‍ത്തുന്നതിനും മുഖസൗന്ദര്യം വര്‍ധിക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.
സര്‍വാംഗാസനം ദഹനസംബന്ധവും വായുസംബന്ധവുമായ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ്. മലബന്ധം ഇല്ലാതാക്കാനും ശ്വാസസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ഈ ആസനം നല്ലതാണ്. ശരീരത്തിനുള്ളിലെ മാലിന്യങ്ങള്‍ പുറംതള്ളപ്പെടുന്നു. കണ്ഠസംബന്ധമായ സകലരോഗങ്ങളെയും പ്രതിരോധിക്കാന്‍ സര്‍വാംഗാസനം ചെയ്യാവുന്നതാണ്. സര്‍വാംഗാസനം രക്തത്തെ പുനഃചംക്രമണം ചെയ്യിക്കുന്നതിനാല്‍ കാലിലെ ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്ക് (വെരിക്കോസ് വെയിന്‍) സിദ്ധൗഷധമാണ്.
സര്‍വാംഗാസനം പാരാതൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. രക്തത്തിലെയും കോശങ്ങളിലെയും കാത്സ്യത്തിന്റെ തോത് നിലനിര്‍ത്തുന്നു. വൃക്കരോഗങ്ങള്‍, എല്ലുരോഗങ്ങള്‍, പേശീദൗര്‍ബല്യം, വഴക്കമില്ലായ്മ, പേശീവേദന, ഞരമ്പ് വലി തുടങ്ങിയ രോഗങ്ങള്‍ക്ക് ഈ ആസനം പ്രതിവിധിയാണ്. സര്‍വാംഗാസനം നിരന്തരമായി അഭ്യസിക്കുന്നവര്‍ക്ക് ജലദോഷവും മൂക്ക് സംബന്ധമായ രോഗങ്ങളും വരില്ല. മൂത്രസംബന്ധമായ രോഗങ്ങള്‍, ആര്‍ത്തവ തകരാറുകള്‍, രക്തക്കുറവ്, പൈല്‍സ്, ഹെര്‍ണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് സര്‍വാംഗാസനം പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നുണ്ട്. അപസ്മാര രോഗികളിലും ഗുണം ചെയ്യും.
നിത്യേന സര്‍വാംഗാസനം ചെയ്യുന്നവര്‍ക്ക് ശക്തിയും സന്തോഷവും ആത്മവിശ്വാസവും വര്‍ധിക്കുന്നു. മനസ് ശാന്തവും നിശബ്ദവുമാകുന്നു. അലസത മാറി ഊര്‍ജസ്വലത വര്‍ധിക്കുന്നു. സ്വാതന്ത്യ്രവും ആത്മനിയന്ത്രണവും ഏതു പരിതസ്ഥിതിയിലും ആരുമായും ഇടപഴകാനുള്ള ശക്തിയും വര്‍ധിക്കുന്നു. വിഷാദവും ഉറക്കമില്ലായ്മയും ഇല്ലാതാക്കാനും ഈ ആസനം സഹായിക്കും.
https://www.facebook.com/Malayalivartha