വിഷാദം അകറ്റാം
ശ്വസനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ധ്യാനരീതി വിഷാദം അകറ്റാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗുരുതരമായ വിഷാദരോഗത്തിനു മരുന്നു കഴിക്കുന്ന രോഗികളില്‍ ശ്വസനമാര്‍ഗമായ സുദര്‍ശനക്രിയാ യോഗ ഗുണപരമായ മാറ്റം പ്രകടമാക്കിയതായി ഗവേഷകര്‍.
സംഘമായോ അല്ലെങ്കില്‍ വീട്ടിലിരുന്ന് ഒറ്റയ്‌ക്കോ ചെയ്യാവുന്ന ഒരു ധ്യാനമാര്‍ഗമാണിത്. താളനിബദ്ധമായ ഈ ശ്വസനവ്യായാമം ആഴത്തിലുള്ളതും വിശ്രാന്തവുമായ ഒരു ധ്യാനാവസ്ഥയില്‍ നമ്മളെ എത്തിക്കും.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അനൂപ് ശര്‍മയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. യോഗയും മറ്റ് ശ്വസനമാര്‍ഗങ്ങളുമെല്ലാം സ്‌ട്രെസ് ഹോര്‍മോണുകളെ കുറച്ച് നാഡീവ്യവസ്ഥയെ നിയന്ത്രണവിധേയമാക്കുമെന്ന് മുന്‍പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
എട്ട് ആഴ്ചയിലധികമായി ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്ന, ഗുരുതരമായ വിഷാദം ബാധിച്ച 25 രോഗികളിലായിരുന്നു പഠനം. ഇവരെ ബ്രീത്തിങ് ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പ്, കണ്‍ട്രോള്‍ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഇരുന്നുള്ള ധ്യാനം, സ്‌ട്രെസ്സിനെപ്പറ്റിയുള്ള അവബോധം ഉള്‍പ്പടെയുള്ള യോഗയിലെ ചില നിലകളോടൊപ്പംതന്നെ സുദര്‍ശനക്രിയയും ആറു സെക്ഷനുകളടങ്ങിയ പ്രോഗ്രാമിലൂടെ ആദ്യ ആഴ്ച പരിശീലിപ്പിച്ചു.
രണ്ടു മുതല്‍ ഏഴ് ആഴ്ചക്കാലം ആഴ്ചതോറും സംഘമായി സുദര്‍ശനക്രിയാ യോഗാപരിശീലനവും പിന്നീട് വീടുകളില്‍ ഒറ്റയ്ക്കും പരിശീലനം പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരെക്കാള്‍ സുദര്‍ശനക്രിയാഗ്രൂപ്പിലുള്ളവരുടെ ഹാമില്‍ട്ടണ്‍ റേറ്റിങ് സ്‌കെയില്‍ അഥവാ എച്ച്ഡിആര്‍എസ് സ്‌കെയില്‍ വളരെയധികം മെച്ചപ്പെട്ടതായി കണ്ടു.
ഊര്‍ജ്ജനില, ആത്മഹത്യാചിന്ത, കുറ്റബോധം, വൈകാരികാവസ്ഥ, പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യം ഇവ അളക്കാന്‍ ഉപയോഗിക്കുന്ന ക്ലിനിക്കല്‍ മാര്‍ഗമാണ് എച്ച്ഡിആര്‍എസ്. ഒരു പരിശോധകന്റെ സഹായത്തോടെയാണ് ഇതുപയോഗിക്കുന്നത്. പഠനത്തിന്റെ തുടക്കത്തില്‍ വിഷാദരോഗം വളരെക്കൂടുതലായിരുന്ന എച്ച്ഡിആര്‍എസ് സ്‌കോര്‍ 22 ഉള്ള ഗ്രൂപ്പ്, രണ്ടു മാസം മുഴുവന്‍ ശ്വസനവ്യായാമം പരിശീലിച്ചപ്പോള്‍ സ്‌കോര്‍ ശരാശരി 10.27 ആയി കുറഞ്ഞു. ഇതുമായി താരതമ്യപ്പെടുത്തിയാല്‍ കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് ഗുണപരമായ ഒരു മാറ്റവും ഉണ്ടായില്ല.
ആന്റിഡിപ്രസന്റുകള്‍ ഉപയോഗിച്ചിട്ടും അവയോടു പ്രതികരിക്കാതിരുന്ന എം.ഡി.ഡി വിഷാദരോഗികള്‍ക്ക് സുദര്‍ശനക്രിയ വളരെയധികം ഗുണം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്യാട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha