നടുവേദനയ്ക്ക് യോഗ
മിക്കപേരിലും ഏറ്റവുമധികം കാണപ്പെടുന്ന ശാരീരിക അസ്വസ്ഥതകളില്‍ ഒന്നാണ് നടുവേദന. ഒരു പ്രായം കഴിഞ്ഞാല്‍ പലരും നടുവേദനയ്ക്ക് കാര്യമായ ചികില്‍സയ്‌ക്കൊന്നും പോകാതെ ജീവിതത്തിന്റെ ഭാഗമായി 'സഹിച്ചു' കൂടെക്കൊണ്ടുനടക്കുകയാണ് ചെയ്യുന്നതെന്നു മാത്രം. എന്നാല്‍ അമേരിക്കയില്‍നിന്നുള്ള വൈദ്യശാസ്ത്രരംഗത്തെ ഗവേഷകര്‍ അവകാശപ്പെടുന്നത് നടുവേദനയില്‍നിന്നു മുക്തി നേടാന്‍ യോഗ പരിശീലിച്ചാല്‍ മതിയെന്നാണ്.
മൂന്നു മാസം മുതല്‍ ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന തരം നടുവേദനകള്‍ വരെ ഇന്ന് സര്‍വ സാധാരണമായി മാറിയിരിക്കുന്നു. മിക്ക നടുവേദനകളുടെയും പ്രധാനകാരണം ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയും അപാകതകളാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ ആണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്.
നടുവേദന തന്നെ പല വിധത്തിലാണ്. ചിലര്‍ക്ക് തുടര്‍ച്ചയായ വേദനയാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഇടവിട്ടുള്ള വേദനയാണ്. ചിലര്‍ക്ക് കഠിനമായ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് വേദനയെങ്കില്‍ മറ്റു ചിലര്‍ക്ക് വെറുതെയിരിക്കുമ്പോഴും വേദന അസഹ്യമാണ്. ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് നിങ്ങളുടെ നടുവേദനയുടെ സ്വഭാവം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുവാദത്തോടെ വേണം യോഗ പരിശീലിക്കാന്‍. തുടക്കത്തില്‍ പ്രയാസകരമായ അഭ്യാസങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്.
വ്യായാമമായിട്ടല്ല, ചികില്‍സാമാര്‍ഗമായാണ് യോഗ അഭ്യസിക്കുന്നതെന്ന കാര്യം എപ്പോഴും ഓര്‍മ വേണം. 34നും 48നും ഇടയില്‍ പ്രായമുള്ള 1100 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് യോഗാഭ്യാസം നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഇനി മറ്റൊരു കാര്യം; യോഗ പരിശീലിക്കാന്‍ നടുവേദന ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ട. യോഗ ജീവിതചര്യയുടെ ഭാഗമാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
https://www.facebook.com/Malayalivartha