കുട്ടനാട്ടിലെ ചൂളം വിളികള്‍
ഗതാഗത സൗകര്യം നാടിന്റെ പുരോഗതിക്കനുസരിച്ചെന്നു പ്രമാണം. പണ്ടു തിരുവിതാംകൂര്‍ ആയിരുന്നപ്പോള്‍ കൊല്ലം പട്ടണത്തെ തിരുനെല്‍വേലിയുമായി ബന്ധിപ്പിച്ചിരുന്നു, ഒരു മീറ്റര്‍ ഗേജ് ലൈന്‍! കാലം മാറി, തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നു തിരുകൊച്ചിയായി. പിന്നെ അതു മലബാറും കൂടിചേര്‍ന്നു കേരളമായി. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് ഒരു മീറ്റര്‍ഗേജ് ലൈന്‍ വന്നു. അതു വലിയ ഒരു സംഭവമായിരുന്നു. അതിനു പിന്നിലുണ്ടായിരുന്ന ചരടുവലി കാരണം റയില്‍വേ കോട്ടയം വഴിയായി. മല തുരന്ന് അതില്‍കൂടി ട്രെയിന്‍ ഓടിച്ചു. അന്ന് ആരും ആലപ്പുഴയെക്കുറിച്ച് ഓര്‍ത്തില്ല. കുട്ടനാട്ടിലെ ഭൂമിയുടെ ഘടന ട്രെയിന്‍ ഓടാന്‍ പറ്റിയതല്ലെന്നു കണ്ടുപിടിച്ചു കിഴക്കന്‍ ലോബി.
വളരെക്കാലങ്ങള്‍ക്കുശേഷമാണു കുട്ടനാട്ടിലൂടെയും ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നു കണ്ടുപിടിക്കപ്പെട്ടത്. അതു സാധ്യമായതോടെ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഓടിത്തുടങ്ങി. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളത്തെത്താന്‍ കുറഞ്ഞ സമയമേ എടുത്തുള്ളൂ എന്നും കണ്ടുപിടുത്തം! കിഴക്കന്‍ ലൈനിന്റെ പ്രാധാന്യം കുറെ കുറഞ്ഞു എന്നത് ഒരു സത്യം!
ആലപ്പുഴ രാഷ്‌ട്രീയമായി പ്രാധാന്യമുള്ള സ്ഥലമായിരുന്നു. കേന്ദ്രത്തിലും തിരുവനന്തപുരത്തും ഭരിച്ചിരുന്നവരുടെ കൂട്ടര്‍ ആയിരുന്നില്ല എന്നതു വാസ്‌തവം. അതുകൊണ്ടുതന്നെ പുരോഗതിക്കു തടസ്സം ഉണ്ടായി, എപ്പോഴും! റയില്‍വേ വന്നുവെങ്കിലും ആലപ്പുഴയ്‌ക്കു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. മാറ്റം ഉണ്ടായതു കുട്ടനാടിനാണ്. കൃഷിയെ പിന്നോട്ടു തള്ളുന്ന ഒരു ചിഹ്നമായിത്തീര്‍ന്നിരിക്കുകയാണ് റയില്‍വേ. വാസ്‌തവത്തില്‍ ആലപ്പുഴയുടെ പുരോഗതിക്കു സഹായിക്കേണ്ട റയില്‍വേ, വേഗത കൂടിയ ട്രയിനുകള്‍ക്ക് ഓടിപ്പോകാനുള്ള ഒരു കുറുക്കുവഴിയായി മാറിയിരിക്കുകയാണ്.
ആലപ്പുഴയുടെ വ്യവസായമായ ചകിരി, കയര്‍ ഇപ്പോള്‍ ഊര്‍ധശ്വാസം വലിക്കുകയാണ്.നെല്‍കൃഷിയുടെ കാര്യം പറയുകയും വേണ്ട. ഒരുമണി നെല്ലോ വയ്‌ക്കോലോ ഇതുവഴി ഓടുന്ന ട്രയിനുകളില്‍ കയറ്റേണ്ടി വന്നിട്ടില്ല. അതാണ് ഇന്നത്തെ സ്ഥിതി. മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയ്‌ക്കു വകയും കാണുന്നില്ല. കുട്ടനാടും നാശത്തിന്റെ അഗാധഗര്‍ത്തത്തിലാണിപ്പോള്‍! രക്ഷപെടുത്താന്‍ കഴിയുമോ എന്തോ?
കൂകിപ്പായുന്ന ട്രെയിന്‍ വന്നതു കുട്ടനാട്ടുകാര്‍ക്ക് ഒരു പ്രധാന സംഭവമായിരുന്നു. ഈ രാക്ഷസന്മാര്‍ ഓടുന്നതു വളരെ വേഗത്തിലും. ഭാഗ്യമോ നിര്‍ഭാഗ്യമോ, റയില്‍വേ ലൈന്‍ ലേഖകന്റെ വീട്ടുമുറ്റത്തൂടെയാണു പോകുന്നത്. ജീവിതം അസാധ്യമായി. എതിര്‍ക്കാന്‍ കഴിയില്ലല്ലോ? പുരോഗതിയുടെ ചിഹ്നമാണല്ലോ റയില്‍വേ. ലേഖകന്റെ വീട്ടില്‍ ജോലി ചെയ്‌തിരുന്ന ഒരാളാണു പൊട്ടന്‍ ശങ്കരന്‍. സംസാരിക്കാന്‍ കഴിവില്ല; കേഴ്‌വിയുമില്ല. പക്ഷേ, ആശയവിനിമയത്തിനു ശങ്കരന്‍ മഹാകേമനായിരുന്നു. വീട്ടുജോലിയും, പാടത്തുപോക്കും ശങ്കരന്റെ പണിയില്‍പെടുമായിരുന്നു. നല്ല വിശ്വസ്‌തനായ ഒരു മനുഷ്യന്‍ ആയിരുന്നു പൊട്ടന്‍ ശങ്കരന്‍. ശങ്കരന്റെ വീടിന്റെ മുന്‍പിലൂടെയായിരുന്നു ട്രയിന്‍ ഓടിയിരുന്നത്. ശങ്കരന് ഒരനുജനുണ്ടായിരുന്നു; കൊച്ചുപൊട്ടന്‍. അയാള്‍ക്കു വേറെ പേരില്ലായിരുന്നു. അച്ഛനമ്മമാര്‍ നേരത്തേ മരിച്ചുപോയി. മറ്റു കൂടപ്പിറപ്പുകള്‍, പൊട്ടന്മാരല്ലാത്തവര്‍ നാടുവിട്ടുപോയി.
ശങ്കരന്‍ പതിവുപോലെ കാലത്ത് ഉണര്‍ന്നു മൂരി നിവര്‍ത്തി. മുണ്ടു മടക്കിക്കുത്തി. തോര്‍ത്തുമുണ്ടു കുടഞ്ഞു തോളിലിട്ടു. മടിയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു. എന്തൊക്കെയോ ശബ്‌ദമുണ്ടാക്കി കുടിലില്‍ നിന്നും പുറത്തേക്കിറങ്ങി. കാലെടുത്തുവച്ചാല്‍ റയില്‍ ട്രാക്കാണ്. അതു മുറിച്ചു കടന്നുവേണം ലേഖകന്റെ പറമ്പിലേക്കു കയറാന്‍. കാലത്തു മുതല്‍ അവിടെ ചില്ലറപ്പണികളൊക്കെ ചെയ്‌താല്‍ പൊട്ടന് ശാപ്പാടിന് മുട്ടുണ്ടാവില്ല. ശങ്കരന്‍ റയില്‍പ്പാലം മുറിച്ചുകടക്കുന്നതിനു മുന്‍പു വടക്കുനിന്നും ചിറീപ്പാഞ്ഞുവന്നു രാക്ഷസ ട്രെയിന്‍!
ഒരു നിമിഷം കൊണ്ടു പൊട്ടന്‍ ശങ്കരന്‍ ആകാശത്തേക്കുയര്‍ന്നു. ഇടിയുടെ ശക്തി അത്ര ഭയങ്കരമായിരുന്നു. തകര്‍ന്നു പൊടിഞ്ഞ പൊട്ടന്റെ ശരീരം ട്രാക്കിന്റെ കിഴക്കുവശത്തേക്ക് എറിഞ്ഞിട്ടു രാക്ഷസന്‍ അട്ടഹസിച്ചുകൊണ്ടു കടന്നുപോയി. വളരെ വൈകിയാണു മറ്റാളുകള്‍ വിവരം അറിഞ്ഞത്. അവകാശികള്‍ എത്തി. റയില്‍വേയില്‍ നിന്നും കിട്ടിയ പണം കൈപ്പറ്റി അവര്‍ സ്ഥലം വിട്ടു.
പൊട്ടനെ ഓര്‍ക്കുന്നവര്‍ ചുരുക്കം. വിവരമറിഞ്ഞപ്പോള്‍ ലേഖകന്‍ വേദനിച്ചു. തന്റെ വളര്‍ച്ചക്കാലത്ത് വീട്ടിലെ ഒരു സ്ഥിരാംഗമായിരുന്നു പൊട്ടന്‍. കാലത്തു ജോലിക്കെത്തും. പൊട്ടന് എന്നും പണിയുണ്ട്, ആഹാരമുണ്ട്. ജോലിയൊന്നുമില്ലെങ്കില്‍ പൊട്ടന്‍ വികൃതികള്‍ കൊണ്ട് എല്ലാവരെയും രസിപ്പിക്കും. ആരെയും അനുകരിക്കാന്‍ പൊട്ടനു മിടുക്കുണ്ടായിരുന്നു.
https://www.facebook.com/Malayalivartha